ട്രംപ് ചുമത്തിയ വ്യാപാര ചുങ്കം മിക്കതും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും സംസ്ഥാനങ്ങളും ചെറുകിട ബിസിനസുകാരും സമര്‍പ്പിച്ച പരാതി യു.എസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. പരാതിക്കാര്‍ക്ക് അനുകൂലമായ നിലപാട് കോടതിയില്‍ നിന്ന് ഉണ്ടായാല്‍ ട്രംപിന്റെ വ്യാപാര തന്ത്രം പാളും. ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച ആഗോള താരിഫ് അടക്കമുള്ള സ്വേഛാപരമായ പ്രഖ്യാപനങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കും അത്. ഇറക്കുമതി ഇനങ്ങള്‍ക്ക് ഈടാക്കിയ അധിക താരിഫില്‍ കോടിക്കണക്കിന് ഡോളര്‍ തിരിച്ചു കൊടുക്കേണ്ട സ്ഥിതി വരും.
പരാതിയില്‍ മാസങ്ങളായി നടക്കുന്ന വാദം കേള്‍ക്കലിനെ തുടര്‍ന്നുള്ള അന്തിമ തീരുമാനമാണ് ജഡ്ജിമാരില്‍ നിന്ന് വരാനിരിക്കുന്നത്. കോടതിയില്‍ നിന്ന് വിപരീതമായി ഉണ്ടാവുന്ന ഏതൊരു നിലപാടും വ്യാപാര ചര്‍ച്ചകളില്‍ തന്റെ കൈ കെട്ടിയിടുന്നതിനു തുല്യവും ദേശസുരക്ഷയെത്തന്നെ ബാധിക്കുന്നതുമാണെന്ന് ട്രംപ് ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഞായറാഴ്ച പറഞ്ഞു. സുപ്രധാനമായ തീരുമാനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇത് തന്റെ വ്യക്തിപരമായ കാര്യമൊന്നുമല്ല. രാജ്യത്തെ ബാധിക്കുന്ന വിഷയമാണ് -ട്രംപ് പറഞ്ഞു. കോടതിയില്‍ ജയിച്ചില്ലെങ്കില്‍ യു.എസ് ദുര്‍ബലപ്പെടുമെന്നും വരാനിരിക്കുന്ന നിരവധി വര്‍ഷങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
യു.എസ് പ്രസിഡന്റ് എന്ന അധികാരവുമായി ട്രംപിന് എത്രത്തോളം കടന്നു കയറാം എന്ന വിശാലമായ ചോദ്യമാണ് സുപ്രീംകോടതിക്കു മുമ്പാകെ യഥാര്‍ഥത്തില്‍ ഉള്ളത്. പ്രസിഡന്റിന്റെ അധികാരപരിധി തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള ഏതൊരു നിരീക്ഷണവും ട്രംപിനെ മാത്രമല്ല, വരാനിരിക്കുന്ന യു.എസ് പ്രസിഡന്റുമാരെയും ബാധിക്കും. 1977ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഉപയോഗിച്ചാണ് ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ വ്യാപാരച്ചുങ്കം നടപ്പാക്കിയത്. വ്യവസ്ഥാപിത നടപടിക്രമം മറികടന്ന് അടിയന്തരമായി നിയമവ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുകയാണ് ട്രംപ് ഇതുവഴി ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ മൂന്നു കീഴ്‌കോടതികള്‍ ഇതിനകം വിധി പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയം.
Read DhanamOnline in English
Subscribe to Dhanam Magazine