ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമാക്കി കുറയ്ക്കാന്‍ യുഎസ് തീരുമാനിച്ചത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ഉത്തേജനമാകും. യുഎസ് മാര്‍ക്കറ്റിന് പകരം യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കുമെല്ലാം പുതിയ വിപണികള്‍ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനുമായി അടുത്തിടെ പുതിയ വ്യാപാര കരാറില്‍ ഒപ്പിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
പ്രതിസന്ധി കാലത്ത് പുതിയ വിപണികള്‍ കണ്ടെത്താന്‍ ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ഫലത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടി നേട്ടമാണ് സമ്മാനിക്കുക. യുഎസിലെ പരമ്പരാഗത വിപണി തിരിച്ചു കിട്ടിയെന്ന് മാത്രമല്ല ഇതിനൊപ്പം കണ്ടെത്തിയ വിപണികളിലേക്കും കയറ്റുമതി നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടെ കയറ്റുമതി എതിരാളികളായ ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ താഴ്ന്ന തീരുവയാണ് ഇനി ഇന്ത്യയ്ക്ക് വരിക.
ഇന്ത്യന്‍ വിപണിയില്‍ തീരുവയില്ലാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്ക്കാന്‍ യുഎസിനെ അനുവദിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചില അമേരിക്കന്‍ വ്യവസായികള്‍ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. പൂജ്യം താരിഫില്‍ ഇന്ത്യന്‍ കാര്‍ഷിക വിപണി തുറന്നു കൊടുത്താല്‍ രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കടക്കം അതു തിരിച്ചടിയാകും.
ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി ഇനി കുതിക്കും. യുഎസ് ആയിരുന്നു ഇന്ത്യന്‍ വസ്ത്രങ്ങളുടെ വലിയ വിപണി. തീരുവ കൂടിയതോടെ ഇന്ത്യന്‍ കമ്പനികളെ അവിടെ നിന്നുള്ളവര്‍ ഒഴിവാക്കിയിരുന്നു. ഈ വിപണി വീണ്ടും തുറന്നു കിട്ടുന്നത് തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഗുണമാകും.
ലക്ഷക്കണക്കിന് പേരാണ് ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. പലയിടത്തും ഉത്പാദനം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തിരുന്നു. യൂറോപ്പും യുഎസും ഒറ്റയടിക്ക് തുറന്നു കിട്ടുന്നതോടെ മുമ്പത്തേക്കാള്‍ തൊഴിലവസരങ്ങള്‍ തുറന്നു നല്കാന്‍ സാധിക്കുന്നത് മോദി സര്‍ക്കാരിന് നേട്ടമാണ്.
കേരളത്തില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്കും തീരുവ ഇളവ് ആശ്വാസമാണ്. ഇന്ത്യയില്‍ നിന്നുള്ള കൊഞ്ചും മത്സ്യവും വീണ്ടും യുഎസിലേക്ക് എത്തുന്നത് കേരളത്തിലെ ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി എക്‌സില്‍ കുറിപ്പ് പങ്കുവച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചതിന് രാജ്യത്തെ ജനങ്ങളുടെ പേരില്‍ യു.എസ് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നതായി മോദി കുറിച്ചു.
ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് സഹകരിക്കുമ്പോള്‍ അത് ഇരു രാജ്യങ്ങളിലെയും ജനതയ്ക്ക് ഗുണം ചെയ്യുമെന്നും വന്‍ അവസരങ്ങള്‍ തുറക്കുമെന്നും മോദി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine