Image : Canva 
Economy

രൂപയുടെ മൂല്യം ഇടിവ്; പ്രവാസികള്‍ക്ക് നേട്ടം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡോളറിനെതിരെ 20 ശതമാനത്തിലധികം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്

Dhanam News Desk

വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ (ജൂണ്‍ 11) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 83.57 രൂപയെന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 83.51ല്‍ ക്ലോസ് ചെയ്ത രൂപ രണ്ട് പൈസ ഉയര്‍ന്ന് 83.49ലാണ് വ്യാപാരം ഇന്നലെ തുടങ്ങിയത്. പിന്നീട് 83.57ലേക്ക് താഴുകയായിരുന്നു. അതായത് ഒരു ഡോളറിന് 83.57 രൂപ നല്‍കണം. ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 83.54 നിലവാരമാണ് ഇതോടെ മറികടന്നത്. ഇന്ന് നേരിയ തോതില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 0.03 ശതമാനം നേട്ടത്തോടെ 83.56ലെത്തി. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യമിടിവ് പിടിച്ചു നിറുത്താനുള്ള റിസര്‍വ് ബാങ്ക് ശ്രമങ്ങളാണ് ഇന്ന് രൂപയ്ക്ക് സഹായകമായത്.

ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നു

റഷ്യ-യുക്രൈന്‍ തര്‍ക്കങ്ങളുള്‍പ്പെടെയുള്ള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആഗോള വിപണികളെ ചാഞ്ചാട്ടത്തിലാക്കുന്നതാണ് രൂപയെയും ബാധിക്കുന്നത്. നിക്ഷേപകര്‍ യു.എസ് ഡോളര്‍ പോലുള്ള സുരക്ഷിമായ മാര്‍ഗങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നത് ഡോളറിനെ ശക്തിപ്പെടുത്തുകയും രൂപയെ ദുര്‍ബലമാക്കുകയും ചെയ്യും. പണപ്പെരുപ്പം നിയന്ത്രിക്കാനായി യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി നിറുത്തുന്നതും ഡോളറിനെ ആകര്‍ഷകമാക്കുന്നുണ്ട്.

ക്രൂഡ് ഓയിലിന്റെ മുഖ്യ ഇറക്കുമതിക്കാരാണ് ഇന്ത്യ. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് വ്യാപാരക്കമ്മി വര്‍ധിപ്പിക്കുകയും ഡോളറിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്യുന്നത് രൂപയ്ക്ക് അധിക സമ്മര്‍ദ്ദം ചെലുത്തും. ഓഹരിവിപണികളിലുണ്ടായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പന(ഓഹരി) നയവും  രൂപയെ പ്രതികൂലമായി ബാധിച്ചു.

കോളടിച്ച് പ്രവാസികള്‍

രൂപയുടെ മൂല്യമിടിവ് പല രീതിയിലാണ് ഇന്ത്യക്കാരെ ബാധിക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണിത്. കാരണം യു.എസ് ഡോളിന് മൂല്യം കൂടുമ്പോള്‍ അവരുടെ ഇന്ത്യയിലെ നിക്ഷേപം കൂടുതല്‍ ലാഭകരമായി മാറും. ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുകയും ചെയ്യും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലും നാട്ടില്‍ നടത്തുന്ന നിക്ഷേപത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ള 20 ശതമാനത്തിലധികം വളര്‍ച്ച നേടാനായി. സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം, ഖത്തര്‍ റിയാല്‍, ബഹറിന്‍ ദിനാര്‍ തുടങ്ങിയ ചില കറന്‍സികളുടെ മൂല്യം ഡോളറിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ ഡോളര്‍ ഉയരുന്നതിന് ആനുപാതികമായി ആ കറന്‍സികളുടെ മൂല്യവും കുതിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20.5 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.4 ശതമാനവുമാണ് രൂപയുടെ മൂല്യമിടിഞ്ഞത്.

ഇറക്കുമതിയും വിദേശ പഠനവും

അതേ സമയം യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതിയും വിദേശ പഠനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെലവേറിയതാക്കും. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപ മുടക്കേണ്ടതായി വരും. അതോടെ ഉത്പന്നങ്ങളുടെ വിലയും വര്‍ധിക്കും. അസംസ്‌കൃത എണ്ണ, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങി ഇറക്കുമതി നടത്തുന്ന സാധനങ്ങളുടെയെല്ലാം വില ഉയരും.

വിദേശ വിദ്യാഭ്യാസം കൂടുതല്‍ ചെലവേറിയതാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. കാരണം നിലവില്‍ ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 83.57 രൂപ വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കേണ്ടി വരും. അതു മൂലം ഭക്ഷണം, താമസം, ഫീസ് എന്നിവയ്‌ക്കെല്ലാം ചെലവ് കൂടും.

ഇന്ത്യയില്‍ നിന്ന് വിദേശ യാത്രകള്‍ നടത്തുന്നവരെയും ഇത് ബാധിക്കും. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിക്കാനും ഇടയാക്കും. അതിനാല്‍ രൂപയുടെ മൂല്യമിടിവ് തുടരുകയാണെങ്കില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT