ഗ്രാമാന്തരീക്ഷം മങ്ങി കേരളം നഗരാന്തരീക്ഷത്തില്‍ മുങ്ങി. കോര്‍പറേഷനുകളെയും മുനിസിപ്പാലിറ്റികളെയും മാത്രം നഗരമായി കണ്ടാല്‍ പോരാ. കേരളത്തിന്റെ നഗരവല്‍ക്കരണം 82.6 ശതമാനമായി വളര്‍ന്നുവെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ. അഞ്ചു വര്‍ഷം കൊണ്ട് നഗരവല്‍ക്കരണത്തില്‍ രണ്ടു ശതമാനത്തോളം വര്‍ധന. ഉപഗ്രഹ ചിത്രങ്ങളും ജനസാന്ദ്രത ഗ്രിഡുകളും അടിസ്ഥാനമാക്കിയുള്ള Degree of Urbanisation (DEGURBA) രീതിയുപയോഗിച്ച് നടത്തിയ വിലയിരുത്തലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് സര്‍വേയിലെ വിലയിരുത്തല്‍. കേരളത്തിന്റെ നഗരജനസംഖ്യ 72.2 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.
2025-ലെ കണക്കുകള്‍ പ്രകാരം 526 നഗരസ്വഭാവമുള്ള താമസകേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ 65 പുതുനഗരങ്ങളും 461 നഗരവല്‍ക്കരിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇവയില്‍ ഏകദേശം 96.3 ലക്ഷം പേര്‍ താമസിക്കുന്നതായി സര്‍വേ വിലയിരുത്തുന്നു. ഇതോടെയാണ് കേരളത്തിന്റെ മൊത്തം നഗരവല്‍ക്കരണം 82.6 ശതമാനത്തിലേക്ക് എത്തുന്നത്. പ്രധാന നഗരങ്ങളില്‍ പരിസരങ്ങളിലേക്ക് പാര്‍പ്പിട മേഖല വ്യാപിക്കുകയാണ്. 2010 മുതല്‍ 2025 വരെ കൊച്ചിയില്‍ ഇത്തരം നിര്‍മാണ മേഖലയില്‍ 11.4 ശതമാനവും, തിരുവനന്തപുരം 17.6 ശതമാനവും, കണ്ണൂര്‍ 17.5 ശതമാനവും, തൃശൂര്‍ 19.6 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരകേന്ദ്രങ്ങളെക്കാള്‍ പരിസര മേഖലകളിലാണ് വളര്‍ച്ച കൂടുതലെന്നതാണ് സര്‍വേയിലെ ശ്രദ്ധേയമായ കണ്ടെത്തല്‍. കണ്ണൂരില്‍ നഗരകേന്ദ്രത്തേക്കാള്‍ 5.9 മടങ്ങാണിത്. കൊച്ചിയില്‍ 5.2 മടങ്ങ് വേഗത്തിലാണ് പരിസരപ്രദേശങ്ങള്‍ വളര്‍ന്നത്. കേരളത്തിലെ നഗരവല്‍ക്കരണം വലിയ നഗരങ്ങളുടെ മാത്രം കഥയല്ല. നഗരസൗകര്യങ്ങളും തൊഴില്‍ അവസരങ്ങളും ജീവിതശൈലിയും നഗരപരിധികള്‍ക്കപ്പുറം 'റിബണ്‍ പോലെ നീളുന്ന നഗരവല്‍ക്കരണം' ആണ് കേരളത്തില്‍ രൂപപ്പെടുന്നത്. എറണാകുളം-ആലുവ-കാക്കനാട്, മലപ്പുറം-പെരിന്തല്‍മണ്ണ, തൃശൂര്‍ പരിസര മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങള്‍ പുതിയ നഗര ക്ലസ്റ്ററുകളായും സാമ്പത്തിക കേന്ദ്രങ്ങളായും മാറുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
നഗരപദ്ധതികള്‍ ഇനി കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി അതിര്‍ത്തികളില്‍ ഒതുങ്ങരുതെന്നാണ് സര്‍വേയുടെ പ്രധാന നിര്‍ദേശം. പ്രദേശാടിസ്ഥാനത്തിലുള്ള പ്ലാനിങ്, ജിഐഎസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍, മള്‍ട്ടിമോഡല്‍ ഗതാഗത സംവിധാനം, സ്‌പെഷ്യല്‍ പ്ലാനിങ് സോണുകള്‍ തുടങ്ങിയവ അനിവാര്യമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.
വിലക്കയറ്റം ഉയര്‍ന്ന തോതില്‍ തുടരുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന 2-6 ശതമാന പരിധിക്കുള്ളിലാണെങ്കില്‍ ഉയര്‍ന്ന പരിധിയും കടന്നു നില്‍ക്കുകയാണ് കേരളം. ഇത് ദേശീയ വിലക്കയറ്റ പ്രശ്‌നമല്ല. പ്രാദേശിക ഘടകങ്ങള്‍ മൂലമുള്ള വില സമ്മര്‍ദമാണ്.
ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ശക്തവും നേരിട്ടുള്ള സാമൂഹിക ബന്ധങ്ങള്‍ ദുര്‍ബലവുമായ സംസ്ഥാനങ്ങളായി കേരളത്തെയും തമിഴ്നാടിനെയും സര്‍വേ വിശേഷിപ്പിക്കുന്നു. ഇതിന്റെ പ്രതിഫലനമായാണ് ആത്മഹത്യ മരണനിരക്ക് (SDR) കേരളത്തില്‍ 30.6 എന്ന ഉയര്‍ന്ന നിലയിലെത്തിയതെന്ന് സര്‍വേ പറയുന്നു (തമിഴ്നാട്: 25.3). ഡിജിറ്റല്‍ ബന്ധം ശക്തമാകുമ്പോഴും സാമൂഹിക ഒറ്റപ്പെടല്‍ വര്‍ധിക്കുന്നതിന്റെ തെളിവാണിതെന്ന് സര്‍വേ നിരീക്ഷിക്കുന്നു. മാനസികാരോഗ്യത്തില്‍ കരുതല്‍ ആവശ്യമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine