പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ (Image : PMO India/x)  
Economy

ജി.എസ്.ടിയില്‍ ഇളവ് ഇപ്പോള്‍ എന്തുകൊണ്ട്? പ്രതിഛായ മിനുക്കാന്‍ മോദി, യു.എസ് പ്രഹരത്തിന് പ്രതിരോധം, ബിഹാര്‍ തിരഞ്ഞെടുപ്പും ഉന്നം

ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ പല വിധ സ്ലാബുകള്‍ അശാസ്ത്രീയവും അധിക നികുതി ഭാരം നല്‍കുന്നതുമായതിനാല്‍ ഏകീകരിക്കണമെന്ന ആവശ്യം എട്ടു വര്‍ഷമായുണ്ട്. അതിന് ചെവി കൊടുക്കുന്നത് ഇപ്പോള്‍.

Dhanam News Desk

നരേന്ദ്രമോദിയുടെ ബെസ്റ്റ് ഫ്രണ്ടായതിനാല്‍ ഡൊണള്‍ഡ് ട്രംപ് ഇന്ത്യയെ പകരച്ചുങ്കം കൊണ്ട് വല്ലാതെ ആക്രമിക്കില്ലെന്നായിരുന്നു ധാരണ. പകരച്ചുങ്കം മാത്രമല്ല, പിഴച്ചുങ്കവും ചേര്‍ത്ത് ട്രംപിന്റെ നികുതി പ്രഹരം 50 ശതമാനത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ കയറ്റുമതി പ്രതിസന്ധിയില്‍.

ജി.എസ്.ടി വരുമാനം നഷ്ടപ്പെടുത്താനാവില്ല എന്ന നിലപാടായിരുന്നു എട്ടു വര്‍ഷമായി മോദിസര്‍ക്കാറിന്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ ജനപിന്തുണ കൂടുതല്‍ ചോരാതെ നോക്കേണ്ട ജാഗ്രതയിലാണ് നരേന്ദ്രമോദി.

നവംബറില്‍ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് നിര്‍ണായകമാണ്. അതേസമയം, അവിടത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാണ്. ഇതിനെല്ലാമിടയിലാണ് ജി.എസ്.ടി ഏകീകരണ നടപടികള്‍ക്ക് ഗതിവേഗം വന്നിരിക്കുന്നത്.

വരുമാനം കുറയും, പക്ഷേ...

12, 28 സ്ലാബുകള്‍ എടുത്തു കളയാന്‍ പോകുന്നുവെന്ന് വന്നതോടെ വിവിധ ഉല്‍പന്ന-സേവന മേഖലകളില്‍ സമാശ്വാസത്തിന്റെ അന്തരീക്ഷമാണ്. മുടന്തി നിന്ന ഓഹരി വിപണിക്കും ആവേശം. ട്രംപ് എന്തൊക്കെ ചെയ്താലും ഇന്ത്യക്ക് പരിക്കു കുറവായിരിക്കുമെന്ന ധാരണ സൃഷ്ടിക്കാന്‍ ജി.എസ്.ടി ഇളവുകള്‍ സഹായകമായി.

ജി.എസ്.ടി ഇളവുകള്‍ മൂലം ഖജനാവിലേക്കുള്ള വരുമാനം കുറയും. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 0.6 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിസിനസുകാരില്‍ നിന്നും വ്യാപാരി സമൂഹത്തില്‍ നിന്നും വലിയ കൈയടിയാണ്. അമേരിക്കയുമായി നടത്തുന്ന വ്യാപാര പോരാട്ടത്തില്‍ മോദിയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി ഇളവ് ഊന്നുവടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പരമാവധി പ്രോത്‌സാഹിപ്പിക്കണമെന്ന മോദിയുടെ ആഹ്വാനം കൂടിയായതോടെ 'സ്വദേശി' മുദ്രാവാക്യത്തെ പിന്തുണക്കുന്നവര്‍ക്കും പുതിയ ആവേശം.

നേട്ടം, എല്ലാവര്‍ക്കും

ആദായ നികുതി കുറയ്ക്കുന്നതു പോലെയല്ല ജി.എസ്.ടി ഇളവ്. ആദായ നികുതി കൊടുക്കുന്നവര്‍ ജനസംഖ്യയുടെ നാലു ശതമാനത്തോളം മാത്രം. എന്നാല്‍ ജി.എസ്.ടി ഇളവിന്റെ ഗുണഫലം എല്ലാവര്‍ക്കും കിട്ടും. ഉപയോക്താക്കളും വ്യാപാരി-വ്യവസായികളും മാത്രമല്ല, ഓഹരി വിപണിയും രാഷ്ട്രീയമായി ഇപ്പോള്‍ ഏതൊരു സര്‍ക്കാറിനും പ്രധാനമാണ്. ഒരുപാട് ചില്ലറ നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വിപണിയിലുണ്ട്.

തൊഴിലില്ലായ്മ, വോട്ടര്‍ പട്ടിക പോലുള്ള പ്രശ്‌നങ്ങളാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കൂടുതല്‍ സ്വാധീനം നേടിയിട്ടുമുണ്ട്. കൂടുതല്‍ തൊഴിലസരം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം ഈയിടെ പ്രഖ്യാപിച്ചതും ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT