ഇന്ത്യയുമായി വ്യാപാര കരാറിലെത്താന്‍ യുഎസിന് വലിയ കടമ്പകളും പ്രതീക്ഷിച്ചതിനേക്കാള്‍ സമയം വേണ്ടിവന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളെ ഇന്ത്യ ഫലപ്രദമായി നേരിട്ടെന്നും ട്രംപിന് ഒടുവില്‍ നയംമാറ്റി സൗഹൃദ ഭാഷ സ്വീകരിക്കേണ്ടി വന്നതായും യുഎസ് മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിന്റെ കാര്യത്തില്‍ യോജിപ്പിലെത്തിയെന്ന് ഡൊണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി കരാറിലെത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയത് ട്രംപ് ആയിരുന്നു. യുഎസിന്റെ താല്പര്യങ്ങള്‍ സംരംക്ഷിക്കാന്‍ തനിക്ക് സാധിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടയില്‍ ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് കരാറിനു മുമ്പ് നടന്ന ചര്‍ച്ചകളിലേക്ക് വെളിച്ചം വീശുന്നു.
2025 സെപ്റ്റംബര്‍ ആദ്യവാരം ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ചര്‍ച്ച നടത്തിയിരുന്നു. സാധാരണ ഉണ്ടാകാറുള്ള ഔദ്യോഗിക സന്ദര്‍ശനമോ ചര്‍ച്ചയോ ആയിരുന്നില്ല ഇതെന്നതാണ് ശ്രദ്ധേയം. തികച്ചും സ്വകാര്യമായ സന്ദര്‍ശനത്തിനാണ് ഡോവല്‍ അമേരിക്കയിലെത്തിയതെന്നും എന്നാല്‍ മോദി സര്‍ക്കാരിന്റെ സന്ദേശം കൃത്യമായി യുഎസ് ഭരണകൂടത്തെ അറിയിക്കാനുള്ളതായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല കാര്യത്തിലും ഇന്ത്യയെ ചൊടിപ്പിക്കുന്ന ട്രംപിന്റെ പ്രസ്താവനകളെയും നടപടികളെയും വകവയ്ക്കില്ലെന്നും വേണ്ടിവന്നാല്‍ വ്യാപാര കരാറില്‍ ട്രംപിന്റെ കാലാവധി കഴിയുംവരെ കാത്തിരിക്കാന്‍ തയാറാണെന്നും ഡോവല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാല യുഎസ് ഭരണകൂടങ്ങളെ സമാന രീതിയില്‍ ഇന്ത്യ നേരിട്ട രീതിയും അദ്ദേഹം റൂബിയോയെ ഓര്‍മിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോവലിന്റെ ഈ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശനങ്ങളില്‍ ട്രംപ് മയപ്പെടുത്തല്‍ നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ഫോണില്‍ വിളിക്കുകയും ആശംസകള്‍ നേരുകയും ചെയ്തത് യുഎസിന്റെ ഭാഗത്തു നിന്നുള്ള ബോധപൂര്‍വമുള്ള നീക്കമായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടതോടെ യുഎസിന്റെ വിലപേശല്‍ ശേഷി കുറഞ്ഞിരുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. യുഎസ് വിപണിയിലേക്ക് പ്രവേശനം ദുഷ്‌കരമായെങ്കിലും കൂടുതല്‍ വിപണികള്‍ കണ്ടെത്താന്‍ സാധിച്ചത് കയറ്റുമതിക്ക് ഗുണം ചെയ്തു. യുഎസ് വിപണിയില്ലെങ്കില്‍ പോലും താല്ക്കാലികമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നത് വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നഷ്ടമാകാതിരിക്കാന്‍ സഹായിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine