Entrepreneurship

പരിസ്ഥിതി നശിപ്പിക്കാതെ 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; സംരംഭകര്‍ക്കും അവസരമേറെ

വൈദ്യുതി രംഗത്ത് 2500 കോടിയുടെ നിക്ഷേപ സാധ്യതകള്‍

Jacob Jose

കഴിഞ്ഞ രണ്ട് ദശകങ്ങളായി വൈദ്യുതി ഉല്‍പ്പാദന മേഖല സ്തംഭിച്ച് നില്‍ക്കുകയാണ്. ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനശേഷി അതിനനുസൃതമായി കൂടുന്നില്ല. ഇപ്പോള്‍ ശരാശരി പ്രതിദിന ഉപഭോഗമായ 75 മില്യണ്‍ യൂണിറ്റ് കറന്റില്‍, ചുരുങ്ങിയത് 60 മില്യണ്‍ യൂണിറ്റും പുറമേ നിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം കെ എസ് ഇ ബി ഇതിനുവേണ്ടി ചെലവഴിച്ച തുക 8680 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് ബോക്‌സ് 1ല്‍.

കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചെറുകിട ജല വൈദ്യുത പദ്ധതികളും പുരപ്പുറ സൗരോര്‍ജ്ജ പാനലുകളും. 163 മെഗാവാട്ടിന്റെ നിര്‍ദിഷ്ട അതിരപ്പിള്ളി പോലുള്ള വന്‍കിട ജനവൈദ്യുത പദ്ധതികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം വലുതാണ്. എന്നാല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അണക്കെട്ടോ ജലസംഭരണമോ ആവശ്യമില്ല. അതുകൊണ്ട് അവ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുമില്ല.

ഇതുവരെയുള്ള സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 785 മെഗാവാട്ട് ശേഷിയുള്ള 104 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മുടങ്ങിക്കിടക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്യുന്നുണ്ട്. ഇതില്‍ ആറ് പദ്ധതികള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് വേഗത്തില്‍ നടക്കുന്നുണ്ട്. ബാക്കിയുള്ള പദ്ധതികളുടെ ശേഷി 600 മെഗാവാട്ടാണ്. ഈ പദ്ധതികള്‍ ഇന്‍വെസ്റ്റിഗേഷന്‍, ലാന്‍ഡ് അക്വിസിഷന്‍, ടെണ്ടറിംഗ്, എക്‌സിക്യൂഷന്‍ എന്നീ വിവിധ ഘട്ടങ്ങളില്‍ മരവിച്ച് നില്‍ക്കുകയാണ്. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, മൂന്നുമെഗാവാട്ടിന്റെ മുകളിലുള്ള പദ്ധതികളാണ് ലാഭകരമായി നടപ്പാക്കാന്‍ സാധിക്കുന്നത്.

ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച് അനേക വര്‍ഷങ്ങളായി നല്ല നിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളാണ് പതങ്കയവും ( എട്ട് മെഗാവാട്ട്) വിയാറ്റും (മൂന്ന് മെഗാവാട്ടും). അടുത്തിടെ ഉല്‍പ്പാദനമാരംഭിച്ച ആനക്കാംപൊയില്‍ പവര്‍ ഹൗസിന് എട്ട് മെഗാവാട്ട് ശേഷിയുണ്ട്. കോഴിക്കോട്ടുകാരായ സംരംഭകര്‍ 77 കോടി രൂപ ചെലവില്‍ വെറും രണ്ടര വര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

കേരളത്തിലെ സംരംഭകര്‍ക്ക് യോജിച്ച രീതിയില്‍ നടപ്പാക്കാവുന്ന മൂന്ന് മെഗാവാട്ടിനും 10 മെഗാവാട്ടിനും ഇടയില്‍ ശേഷിയുള്ള 44 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പട്ടിക ഇതോടൊപ്പം. ( ബോക്‌സ് - 2) ഇവയുടെ മൊത്തം സ്ഥാപിത ശേഷി 211 മെഗാവാട്ടാണ്. ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ആനക്കാംപൊയിലിന്റെ ബജറ്റ് അടിസ്ഥാനപ്പെടുത്തി, ഇവയുടെ മൊത്തം നിക്ഷേപസാധ്യത 2030 കോടി രൂപയാണ്. എങ്കിലും ഏത് പദ്ധതിയുടെയും ആരംഭ ചെലവുകള്‍ അല്ലെങ്കില്‍ അടിസ്ഥാന ചെലവുകള്‍ കൂടി പരിഗണിച്ചാല്‍ ഈ തുക 2500 കോടി രൂപ എന്ന് കണക്കാക്കാം.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 44 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയാണെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ചുരുങ്ങിയത് 200 മെഗാവാട്ട് ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാം.

സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല ജില്ലാപഞ്ചായത്തുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ഊരാളുങ്കല്‍ പോലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കും ഇത്തരം പദ്ധതികള്‍ ഏല്‍പ്പിച്ചു നല്‍കാം. കെ എസ് ഇ ബി ഈയിടെ മുമ്പോട്ട് വെച്ച പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് യൂണിറ്റിന് 6.81 രൂപയാണെന്നതും ശ്രദ്ധേയമാണ്.

(പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രോജക്ട് മാനേജരാണ് ലേഖകന്‍. മൊബൈല്‍ നമ്പര്‍: 82814 05920)

ചെറുകിട ജലവൈദ്യുത പദ്ധതികള്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT