Entrepreneurship

ഒരു കപ്പ് കാപ്പിയിൽ സൊമാറ്റോ പിറന്നു; ആ കഥ ഇങ്ങനെ

Dhanam News Desk

ഒരു കപ്പ് കാപ്പി കുടിക്കാന്‍ പെട്ട പാടാണ് ദീപീന്ദര്‍ ഗോയലിനെ സംരംഭകനാക്കിയത്. ഇന്ന് 24 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള, പ്രതിമാസം 20 കോടിയോളം സന്ദര്‍ശകരുള്ള സൊമാറ്റോ എന്ന റെസ്‌റ്റോറന്റ് സെര്‍ച്ച്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ സാരഥിയായ ദീപീന്ദര്‍ ഗോയല്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

ഫുഡ് ടെക് രംഗത്തെ 'യൂണികോണ്‍' കമ്പനി കൂടിയാണ് സൊമാറ്റോ ഇന്ന്. ഏതൊരു സ്റ്റാര്‍ട്ടപ്പ് സംരംഭകരെയും പോലെ അനായാസമായിരുന്നില്ല ദീപീന്ദറിന്റെയും യാത്ര. ഡല്‍ഹി ഐഐടിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത പഞ്ചാബുകാരനായ ദീപീന്ദര്‍ ഗോയല്‍ ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന കാലം.

പൊതുവേ ഭക്ഷണ പ്രിയരാണ് പഞ്ചാബികള്‍. ദീപീന്ദറിനും ഭക്ഷണം ഒരു ദൗര്‍ബല്യമായിരുന്നു. പ്രിയപ്പെട്ട കോഫി കുടിക്കാന്‍ കോഫി ഷോപ്പില്‍ ചെന്ന് ദീര്‍ഘനേരം കാത്തിരുന്നപ്പോഴാണ്, റെസ്‌റ്റോറന്റിലെ മെനു ഓണ്‍ലൈനായി നല്‍കിയാല്‍ എവിടെയിരുന്നും ആളുകള്‍ക്ക് അത് നോക്കി ഭക്ഷണം മുന്‍കൂട്ടി തെരഞ്ഞെടുക്കാമല്ലോ എന്ന ചിന്ത ഉദിച്ചത്.

അതില്‍ നിന്നാണ് ഫുഡ്ഡിബേ എന്ന പേരിലെ വെബ്‌സൈറ്റിന്റെ തുടക്കം. 2008ല്‍ 1200 റെസ്റ്റോറന്റുകളുടെ ലിസ്റ്റിംഗുമായി തുടക്കം കുറിച്ച ഫുഡ്ഡീബേ പിന്നീട് ബഹു

രാഷ്ട്ര കമ്പനിയായി വളര്‍ന്നു.

സുഹൃത്തായ പങ്കജ് ഛദ്ദയെയും കൂട്ടി നല്ല ജോലിയും കളഞ്ഞ് ദീപീന്ദര്‍ സ്വന്തം സംരംഭം ആരംഭിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അവരുടെ ആശയം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരും ചുറ്റിലുമുണ്ടായിരുന്നു.

എന്നാല്‍ സ്വന്തം ആശയത്തിന്റെ കരുത്തില്‍ അസാമാന്യവിശ്വാസമുണ്ടായ ഇവര്‍ അതിനെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു. 2010ലാണ് സൊമാറ്റോ എന്ന പേരുമാറ്റം നടത്തിയത്.

ഇവരുടെ ആശയത്തില്‍ താല്‍പ്പര്യം തോന്നിയ നൗക്കരി ഡോട്ട്‌കോം സ്ഥാപകന്‍ സഞ്ജീവ് ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതോടെ കമ്പനിയുടെ വളര്‍ച്ച വേഗത്തിലായി. ഇന്ന് 25ലേറെ രാജ്യങ്ങളിലേക്ക് സൊമാറ്റോ വളര്‍ന്നിരിക്കുന്നു. 4300ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.

വൈകാതെ അമ്പതിലേറെ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇക്കാലത്തിനിടെ ദീപീന്ദര്‍ നേരിട്ട വെല്ലുവിളികള്‍ പലതാണ്. കമ്പനിയുടെ മൂല്യം ഇടിഞ്ഞ അവസരങ്ങളുണ്ട്.

കമ്പനിയുടെ സഹസ്ഥാപകന്‍ ഇതിനിടെ പടിയിറങ്ങി. വിറ്റുവരവ് കൂടിയെങ്കിലും നഷ്ടം കുത്തനെ ഉയര്‍ന്നു. പക്ഷേ ദീപീന്ദര്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ പതിനഞ്ചോളം കമ്പനികളെ സൊമാറ്റോ ഏറ്റെടുത്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT