Entrepreneurship

'ജേക്കബിന്റെ സ്വര്‍ഗരാജ്യ'വും ഒരിക്കലും മറക്കരുതാത്ത സാമ്പത്തിക പാഠങ്ങളും!

ഏറെ ജനപ്രീതി നേടിയ സിനിമയാണ് 'ജേക്കബിന്റെ സ്വര്‍ഗരാജ്യം'. ഈ സിനിമ നമ്മളെ ഏതെങ്കിലും സാമ്പത്തിക പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ?

Dhanam News Desk

തിരുവാവണി രാവ്, മനസാകെ നിലാവ്...

ഒരു ഓണക്കാലം കൂടി വരവായി. ഇനി നമ്മള്‍ കാണുന്ന റീല്‍സിലും ഓണാഘോഷങ്ങളിലുമെല്ലാം കേള്‍ക്കാം ഈ പാട്ട്.

ഓര്‍മയില്ലേ? ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് സിനിമയും അതിലെ ഏറെ ഹിറ്റായ ഈ പാട്ടും.

ഒരു വെല്‍ത്ത് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഈ സിനിമയെ കുറിച്ചോര്‍ക്കുമ്പോള്‍ ഓണാഘോഷം മാത്രമല്ല, മറ്റ് ചില കാര്യങ്ങള്‍ കൂടി എന്റെ ഉള്ളില്‍ വരും. എന്റെ മനസില്‍ വരുന്ന ചില സാമ്പത്തിക ചിന്തകള്‍ കൂടി ഇവിടെ പങ്കുവെയ്ക്കാം.

കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച് എന്‍ആര്‍ഐകള്‍ക്ക് അങ്ങേയറ്റം ജീവിതവുമായി ബന്ധിപ്പിക്കാവുന്ന കഥയായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റേത്. സിനിമയില്‍ രണ്‍ജി പണിക്കര്‍ ജീവന്‍ നല്‍കിയ ജേക്കബ് സക്കറിയ എന്ന ബിസിനസുകാരനും കുടുംബവും ദുബായില്‍ നല്ല നിലയില്‍ കഴിയുന്നു. പക്ഷേ ഒരു ദിവസം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. ജേക്കബ് സക്കറിയയുടെയും കുടുംബത്തിന്റെയും സമാധാനവും സന്തോഷവും എല്ലാം പോകുന്നു. കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും നിരാശയിലേക്കും ആ കുടുംബം വീഴുന്നു. പിന്നീട് എല്ലാം തിരികെ പിടിച്ച് സിനിമ ശുഭമായി അവസാനിക്കുകയും ചെയ്യുന്നു.

സിനിമാ കഥയായി ഇതിനെ തള്ളാന്‍ വരട്ടെ. നാം പഠിക്കേണ്ട ചില പാഠങ്ങള്‍ ഇതിലുണ്ട്.

പാഠം 1   ഉയര്‍ന്ന വരുമാനം സാമ്പത്തിക ഭദ്രതയല്ല

ജേക്കബ് വിജയിയായ ഒരു ബിസിനസുകാരനായിരുന്നു. പക്ഷേ ബിസിനസ് പൊളിഞ്ഞപ്പോള്‍ കുടുംബത്തിന് പിടിച്ചുനില്‍ക്കാന്‍ നീക്കിയിരുപ്പ് ഒന്നുമുണ്ടായില്ല. വരുമാനം നിലച്ചാല്‍ എങ്ങനെ കുടുംബ ചെലവ് കഴിയുമെന്നതിനെ കുറിച്ച് ഒരു പ്ലാനുമില്ലായിരുന്നു. എന്നും എക്കാലവും ബിസിനസ് നല്ല രീതിയില്‍ തന്നെ പോകുമെന്നും അതിലെ വരുമാനം കുടുംബത്തിനും താങ്ങാവുമെന്ന മിഥ്യാ ധാരണയിലായിരുന്നു.

ഒരു വെല്‍ത്ത് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഞാനും ഇതുപോലുള്ള ആളുകളെ കണ്ടിട്ടുണ്ട്. നല്ല ബിസിനസ്, നല്ല വരുമാനം, അടിപൊളി ജീവിതം. പക്ഷേ അത്യാവശ്യഘട്ടത്തിന് വേണ്ട നീക്കിയിരുപ്പ് 'സീറോ' ആയിരിക്കും.

വെല്‍ത്ത് മാനേജ്‌മെന്റിലെ ആദ്യ തത്വം വളരെ ലളിതമാണ്. 'സമ്പത്ത് എന്നാല്‍ നിങ്ങളുടെ വരുമാനമല്ല. കാത്തു വെയ്ക്കുന്നതും സൂക്ഷിക്കുന്നതുമായതെന്താണോ അതാണ് സമ്പത്ത്'.

വരുമാനത്തില്‍ നിന്ന് നിശ്ചിത തുക സമ്പാദ്യത്തിലേക്ക് മാറ്റുക. എളുപ്പത്തില്‍ പണമാക്കി കയ്യിലേക്ക് വരാന്‍ പറ്റുന്ന വിധത്തില്‍ നിക്ഷേപിക്കുക. ഇതൊക്കെ പലര്‍ക്കും താല്‍പ്പര്യമില്ലാത്തതാകാം. പക്ഷേ അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നേക്കാവുന്ന സാമ്പത്തിക പ്രയാസങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങുമ്പോള്‍ ഇവയെല്ലാം ലൈഫ് ജാക്കറ്റായി മാറും.

പാഠം 2  കുടുംബം: സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത വേണം

സിനിമയിലെ ഒരു സന്ദര്‍ഭം നോക്കാം. ജേക്കബ് ഒരു ദിവസം അപ്രത്യക്ഷനായപ്പോള്‍ കുടുംബം ഇരുട്ടിലായി. നിവിന്‍ പോളി അവതരിപ്പിച്ച ജെറി എന്ന കഥാപാത്രം ഒറ്റ ദിവസം കൊണ്ട്‌ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടതായി വരുന്നു. പക്ഷേ ജെറിക്ക് ഒരു കാര്യത്തെ കുറിച്ചും കൃത്യമായ ധാരണയില്ല.

പല കുടുംബങ്ങളിലും കാണാം, കുടുംബനാഥനാകും എല്ലാ സാമ്പത്തിക കാര്യങ്ങളും നിയന്ത്രിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയാനും സാധിക്കില്ല. ഈ സുതാര്യതയില്ലായ്മ അപകടകരമാണ്- വൈകാരികമായും സാമ്പത്തികപരമായും.

നമ്മള്‍ പ്രളയ കാലത്ത് ഒരുപാട് കേട്ട ഒരു വാക്കില്ലേ, എമര്‍ജന്‍സി കിറ്റ്. അത് സാമ്പത്തിക കാര്യത്തിലും വേണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഫിനാന്‍ഷ്യല്‍ എമര്‍ജന്‍സി കിറ്റ് വേണം. അതില്‍ എഴുതേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്:

  • ബാങ്ക് അക്കൗണ്ടുകള്‍ എവിടെയൊക്കെ, അതിന്റെ വിവരങ്ങള്‍.

  • ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങള്‍.

  • നിക്ഷേപ പോര്‍ട്ട്‌ഫോളിയോ സംബന്ധിച്ച വിവരങ്ങള്‍.

  • കൊടുത്തുതീര്‍ക്കേണ്ട ബാധ്യതകള്‍, പ്രതിമാസ തവണകള്‍.

  • സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഉപദേശം തേടുന്ന ഉപദേഷ്ടാവിന്റെ ഫോണ്‍ നമ്പറും വിവരങ്ങളും. നിങ്ങള്‍ക്ക് വിശ്വസ്തനായ സാമ്പത്തിക ഉപദേഷ്ടാവിന്റെ വിവരങ്ങള്‍. ഇതൊരു ഫയലല്ല. മറിച്ച് നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിത ഭാവിക്കുവേണ്ടിയുയുള്ള വിശദമായ രേഖയാണ്.

പാഠം 3   കഴിവ് സ്വയം ഉണ്ടാക്കിയെടുക്കണം!

കഷ്ടകാലത്ത് പിടിച്ചുനിന്ന് മറികടക്കാനുള്ള കഴിവ് വാങ്ങാന്‍ കിട്ടില്ല, സ്വയം ഉണ്ടാക്കിയെടുക്കണം.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ യഥാര്‍ത്ഥ നായകന്‍ ജേക്കബല്ല, ജെറിയാണ്. എല്ലാം കീഴ്‌മേല്‍ മറിഞ്ഞ ഘട്ടത്തെ മറികടന്ന് ജെറി മുന്നോട്ട് നടന്നു. കഠിനമായി അധ്വാനിച്ചു. പതുക്കെ പതുക്കെ തകര്‍ന്നതെല്ലാം തിരികെ കെട്ടിപ്പടുത്തും, കുടുംബത്തെ കൈപിടിച്ച് നേരെ നടത്തി. അവന്‍ വരുമാനം നേടി. പുതിയ സാഹചര്യങ്ങളുമായി അതിവേഗം ഇണങ്ങി.

മാത്രമല്ല, ഏറ്റവും സന്നിഗ്ധമായ ഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ചു. ഇത് സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ കാതലായ ഘടകമാണ്. വരുമാന നേട്ടമല്ല കാര്യം. ഏത് പ്രതികൂലഘട്ടത്തിലും പതറാതെ നിന്ന് ദീര്‍ഘകാല നേട്ടമുണ്ടാക്കലാണ്.

ഒരു സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഞാന്‍ എന്റെ ഇടപാടുകാരോട് നിത്യം പറയുന്നകാര്യമുണ്ട്. ''നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ സ്‌ക്രീനില്‍ കാണുന്ന വെറും നമ്പറല്ല. അതൊരു കഥയാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന്റെ കഥ- നിങ്ങളുടെ തിരിച്ചടികളുടെ, നിങ്ങളുടെ തിരിച്ചുവരവിന്റെ കഥ!''

നമ്മള്‍ പലപ്പോഴും സമ്പത്തിനെ വല്ലാതെ ഗ്ലാമറൈസ് ചെയ്യാറുണ്ട്. പക്ഷേ ശരിയായ സാമ്പത്തിക സ്വാതന്ത്ര്യം നിശബ്ദമായി ആസൂത്രണം ചെയ്യുന്ന ബോറിംഗായ ഏര്‍പ്പാടാണ്. അത് നിങ്ങള്‍ എല്ലാ മാസവും മുടങ്ങാതെ കൊണ്ടുപോകുന്ന എസ്ഐപിയാകും. നിങ്ങള്‍ പുറത്താരോടും അധികം പറയാതെ എടുത്തുവെച്ചിരിക്കുന്ന ഇന്‍ഷുറന്‍സാകും. നിങ്ങള്‍ സ്വരൂപിച്ചുവെച്ചിരിക്കുന്ന പണമാകും.

ഞാന്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം ഒരു സിനിമ എന്നതിനേക്കാളുപരിയായാണ് കണ്ടത്. അത് സാമ്പത്തിക സ്ഥിതി തുറന്നുകാട്ടുന്ന കണ്ണാടിയാണ്. പ്രത്യേകിച്ച് കേരളത്തിലെ വലിയൊരു വിഭാഗത്തോളം വരുന്ന എന്‍ആര്‍ഐ സമൂഹത്തിന്റെ. നമ്മള്‍ വരുമാനം ഉണ്ടാക്കാന്‍ മാത്രം പഠിച്ചാല്‍ പോര. ഏതൊരു ഘട്ടത്തെയും നേരിടാന്‍ സജ്ജരാകണം, സമ്പത്ത് സംരക്ഷിക്കണം, സൂക്ഷിക്കണം.  

(വെല്‍ത്ത് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റും റിഥി ഫിന്‍സെര്‍വ് സ്ഥാപകനുമാണ് ലേഖകന്‍. ഫോണ്‍: 62820 76221)

(ധനം ബിസിനസ് മാഗസിന്‍ 2025 ഓഗസ്റ്റ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

‘Jacobinte Swargarajyam’ reveals essential financial lessons on income, savings, and crisis management for every household.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT