Entrepreneurship

ഓര്‍ഗനൈസേഷന്‍ കള്‍ച്ചറും ഗ്രീക്ക് ദൈവങ്ങളും

AR Ranjith

പൊതുവേ ഓര്‍ഗനൈസേഷന്‍ കള്‍ച്ചറുകള്‍ നാല് തരത്തിലാണ് ഉള്ളത്. എത്ര മാത്രം ഫോര്‍മല്‍ ആണ്, അധികാരം എത്ര മാത്രം കേന്ദ്രീകൃതമാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ തരംതിരിവ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ചാള്‍സ് ഹാന്‍ഡി എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍ ഇവയെ നാല് ഗ്രീക്ക് ദൈവങ്ങളുടെ സ്വഭാവ സവിശേഷതകളുമായി താരതമ്യപ്പെടുത്തുന്നു!

Zeus – The Club Culture

നല്ല ലീഡര്‍ഷിപ്പുള്ള ഒരാളുടെ മേല്‍നോട്ടത്തില്‍ വികസിച്ച കമ്പനികളില്‍ മിക്കവാറും അധികാരം അദ്ദേഹത്തില്‍ മാത്രം കേന്ദ്രീകൃതം ആയിരിക്കും. മറ്റുള്ളവര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും അദ്ദേഹത്തിന് വലിയ പ്രശ്‌നമായി തോന്നാം. അതിനാല്‍ തന്നെ പല ഉത്തരവാദിത്തങ്ങളും താഴേക്ക് കൊടുക്കാന്‍ അദ്ദേഹം തയ്യാറാവുകയുമില്ല. സ്റ്റാര്‍ട്ട് അപ്പുകള്‍, ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങള്‍ ആണ്.

Apollo – The Roles Culture

ഓരോരുത്തര്‍ക്കും വ്യക്തമായ റോളുകള്‍ നിര്‍വചിക്കപ്പെട്ട കമ്പനികള്‍ ആണിവ. ഓരോരുത്തരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് അവര്‍ക്കറിയാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ശരിയായ പോളിസി, പ്രോസസ് എന്നിവയൊക്കെ ഉള്ള ഓര്‍ഗനൈസേഷനുകള്‍ ആണിവ. തീരുമാനങ്ങള്‍ എടുക്കാനും ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ടാകും. പലപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇത്തരം കമ്പനികള്‍ ഒരുപാട് സമയം എടുത്തേക്കാം. മിക്ക ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഈ ഗണത്തില്‍ ആണ്.

Athena – The Task Culture

കഴിവിന് പ്രാധാന്യം കൊടുക്കുന്ന കമ്പനി സംസ്‌കാരം ആണ് ഇത്. ഇവിടെ അധികാരത്തിനേക്കാള്‍ പ്രാധാന്യം കാര്യങ്ങള്‍ ശരിയായി ചെയ്യുന്നതിനാണ്. ആവശ്യത്തിനു അനുസരിച്ച് പുതിയ ടീമുകള്‍ ഉണ്ടാവുകയും റിസള്‍ട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സോഫ്റ്റ്‌വെയര്‍, കണ്‍സള്‍ട്ടിംഗ് മേഖലകളിലെല്ലാം കൂടുതലും ഈ രീതിയാണ് തുടര്‍ന്ന് വരുന്നത്. നല്ല രീതിയില്‍ മാനേജ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഏറ്റവും ഭംഗിയായി ബിസിനസിനെ വിജയിപ്പിക്കാന്‍ കഴിയുന്നതും ഈ രീതിയിലാണ്.

Dionysus – The Existential Culture

സ്വന്തം കാര്യത്തിന് ഓര്‍ഗനൈസേഷന്റെ ആവശ്യങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന രീതിയാണിത്. പലപ്പോഴും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന പോലെ തോന്നുമെങ്കിലും, ഒരു സിസ്റ്റവും പാലിക്കാത്തതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള തെറ്റിദ്ധാരണകളും, സ്പര്‍ദ്ധകളും ഉണ്ടാകുന്നു. തന്റെ ഉന്നമനത്തിനു വേണ്ടി ആരെയും ചവിട്ടി താഴ്ത്തുന്ന ഒരുപറ്റം ആളുകളെ ഈ രീതി സൃഷ്ടിച്ചെടുക്കുന്നു. പലപ്പോഴും നിയമം കൈകാര്യം ചെയ്യുന്നവര്‍, ചെറിയ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ എല്ലാം ഇതു കാണാന്‍ സാധിക്കും.

അപ്പോളോ കള്‍ച്ചര്‍ പിന്തുടരുന്ന കമ്പനികളില്‍ നല്ല രീതിയില്‍ എച്ച്.ആര്‍ ഉണ്ടെങ്കില്‍ ഒരുപരിധി വരെ നല്ല റിസള്‍ട്ടുകള്‍ ഉണ്ടായേക്കാം. നല്ല സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാന്‍ കഴിയുക എന്നതും, നല്ല ലീഡര്‍ ഉണ്ടായിരിക്കുക എന്നതും നിര്‍ബന്ധമാണ്. എന്നാല്‍ അഥീന കള്‍ച്ചര്‍ പിന്തുടരുന്ന ന്യൂ ജനറേഷന്‍ കമ്പനികള്‍ക്ക് പ്രോസസ് വ്യക്തമാക്കി, നല്ല കണ്‍ട്രോള്‍ പോയ്ന്റുകള്‍ സെറ്റ് ചെയ്താല്‍ വലിയ വിജയത്തിലേക്ക് കുതിക്കാം.

പല കള്‍ച്ചറുകളുടെയും കോമ്പിനേഷനുകളും കാണാറുണ്ട്. നിങ്ങളുടെ കള്‍ച്ചര്‍ ഏതാണെന്ന് നോക്കൂ… കൂടുതല്‍ വിജയങ്ങള്‍ തരുന്ന രീതികള്‍ പിന്തുടരാന്‍ ശ്രമിക്കൂ.

(ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്. സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്‌ലില്‍ അയയ്ക്കാം)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT