Entrepreneurship

സ്വയം തൊഴിലുകാരനാണോ നിങ്ങള്‍? മറക്കരുത് ഈ നിക്ഷേപ തന്ത്രം

സ്വയം തൊഴില്‍ ചെയ്യുന്നവരുടെ ഭാവി ഭദ്രമാക്കാന്‍ ഒരു നിക്ഷേപ ചട്ടം

Balachandran Viswaram (Balachandran RV)

നല്ല സാലറിയുള്ള ജോലി ഉപേക്ഷിച്ച് പല പ്രൊഫഷണലുകളും ഇപ്പോള്‍ സ്വയം തൊഴില്‍ (സെല്‍ഫ് എംപ്ലോയ്ഡ്) പ്രൊഫഷണലുകളാകുന്നുണ്ട്. ഇതിന് കാരണമൊന്നേയുള്ളൂ; സ്വാതന്ത്ര്യം. ചെറിയൊരു സംരംഭം തുടങ്ങി സ്വന്തം കാലില്‍ നില്‍ക്കുക എന്ന ചിന്ത. പക്ഷേ ഇവര്‍ ഉള്ളത് വല്ലാത്ത സ്ഥിതിയിലുമാണ്. ജീവനക്കാരെ പോലെ ഇവര്‍ക്ക് മാസം സ്ഥിര വരുമാനം ലഭിക്കില്ല. ലീവോ ഓഫോ ഒന്നുമില്ല. അസുഖമായാല്‍ പോലും വിശ്രമം പോലുമില്ലാതെ ജോലി ചെയ്യേണ്ടി വരും. വാടക അലവന്‍സോ യാത്രാക്കൂലിയോ ഒന്നും എവിടെനിന്നും കിട്ടില്ല.

പ്രൊമോഷനും സാലറി വര്‍ധനവുമില്ല. കമ്പനികളില്‍ നിന്ന് കിട്ടുന്നതു പോലെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സുമില്ല. ജോലിയുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വയം തൊഴില്‍ ചെയ്ത് മുന്നോട്ട് പോകുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തേക്കാളുപരി ആശങ്കകള്‍ പലതുമുണ്ട് ഇവരുടെ ജീവിതത്തില്‍. ഇപ്പോഴത്തെ കാലത്ത് തൊഴില്‍ നഷ്ടം വലിയൊരു ആശങ്കയാണെങ്കിലും അതിനേക്കാള്‍ വലിയ പ്രശ്‌നമാണ് സ്വയം തൊഴില്‍ ചെയ്യുന്നവരുടെ തലക്ക് മീതെയുള്ളത്.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ പാക്കേജ് കിട്ടും. പക്ഷേ സ്വയം തൊഴില്‍ പ്രൊഫഷണല്‍ തൊഴില്‍ രഹിതനായാല്‍ ഒന്നും കിട്ടില്ല. സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ എപ്പോള്‍ വേണമെങ്കിലും പാപ്പരാകാനുള്ള സാധ്യതയുണ്ട്. ഒരു പ്രകൃതിദുരന്തമോ വിലക്കുറവുള്ള സമാന ഉല്‍പന്നമോ/സേവനമോ, ടെക്‌നോളജി മാറ്റമോ എന്തും അവര്‍ക്ക് റിസ്‌കാണ്.

മെട്രോ നിര്‍മാണം തുടങ്ങിയതുകൊണ്ടും റോഡ് പണി മൂലവുമൊക്കെ കടകള്‍ അടച്ച്, വരുമാന മാര്‍ഗം നിലച്ച എത്രയോ സ്വയം സംരംഭകരെ എനിക്ക് തന്നെ നേരിട്ടറിയാം. എന്നിട്ടും ആളുകള്‍ സുരക്ഷിതമായ ജോലി വിട്ട് സ്വയം തൊഴില്‍ രംഗത്തേക്ക് പോകുന്നു. കാരണം അവരുടെ ബോസ് അവര്‍ തന്നെയാണ്. ആര്‍ക്കും നിത്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. മറ്റൊരാളുടെ താല്‍പര്യത്തിനോ നയത്തിനോ അനുസൃതമായി പ്രവര്‍ത്തിക്കരുത്. നിങ്ങള്‍ സ്മാര്‍ട്ടാണെങ്കില്‍ നിങ്ങളുടെ തന്നെ ഭാവി സ്വയം രചിക്കാം. എല്ലാത്തിന്റെയും ചുക്കാന്‍ നിങ്ങളുടെ കൈകളില്‍ തന്നെയാണ്.

നാടിനും ഇവര്‍ വേണം

സംരംഭകരും ചെറുകിട സ്വയം തൊഴിലുകാരും ഏതൊരു രാജ്യത്തിന്റെയും നട്ടെല്ലാണ്. വന്‍കിട കോര്‍പറേറ്റുകളേക്കാള്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നത് ഇവരാണ്. വലിയ കമ്പനികള്‍ ലാഭക്ഷമത ആര്‍ജിക്കാന്‍ വേണ്ടി ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കുമ്പോള്‍, ഇവര്‍ ചുറ്റിലുമുള്ള ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും ജോലി നല്‍കുന്നു.

ഇന്ത്യയെ പോലൊരു രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴില്‍ അന്വേഷകര്‍ പലരും നൈപുണ്യമുള്ളവരല്ല എന്നതാണ്. സ്വയം സംരംഭകരും എംഎസ്എംഇകളും ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കി, വരുമാനം നേടാനുള്ള വഴി തുറന്നുകൊടുക്കുന്നു. സ്വയം തൊഴിലുകാരുടെ കാര്യത്തില്‍ ആരും ഒന്നും ചോദിക്കാനില്ലാത്ത സ്ഥിതിയാണ്.

അതുകൊണ്ട് അവരില്‍ പലരും നിര്‍ണായകമായ ഒരു കാര്യം വിട്ടുപോകും. അച്ചടക്കത്തോടെയുള്ള നിക്ഷേപം. അവരുടെ ജോലിയുടെ സ്വഭാവം വെച്ച് തികച്ചും സ്വാഭാവികമായൊരു കാര്യമാണിത്. ഇവര്‍ എപ്പോഴും അവരുടെ ബിസിനസ് ശരിയായ രീതിയില്‍ നടത്താനുള്ള നെട്ടോട്ടത്തിലാകും. ഏതാണ്ടെല്ലാ കാര്യങ്ങളും തനിയെയായിരിക്കുമല്ലോ ചെയ്യുന്നതും. മാത്രമല്ല നിക്ഷേപിക്കാന്‍ കയ്യില്‍ പണമുണ്ടാകുന്നതും ചുരുക്കം പേര്‍ക്കാവും. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് 10 ശതമാനം നിക്ഷേപ ചട്ടം.

10 ശതമാനം നിക്ഷേപ ചട്ടം

അടുത്ത തവണ ഒരു ഓര്‍ഡര്‍ ലഭിക്കാന്‍ ദര്‍ഘാസ് സമര്‍പ്പിക്കുമ്പോള്‍ മാര്‍ജിനില്‍ 10 ശതമാനം വര്‍ധന വരുത്തുക. ഈ അധികമിടുന്ന 10 ശതമാനം നിക്ഷേപത്തിലേക്ക് മാറ്റുക. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ പ്രോജക്റ്റില്‍ മൂലധന ദൗര്‍ലഭ്യം വരില്ല.

ഇപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും, മാര്‍ജിന് പുറമെ 10 ശതമാനം കൂടുതല്‍ നിരക്ക് വാങ്ങിയാല്‍ ഇടപാടുകാരന്‍ കരാറുകള്‍ നല്‍കുന്നത് നിര്‍ത്തില്ലേയെന്ന്. 10 ശതമാനം അധികം മാര്‍ജിന്‍ ഇടാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അധികം വൈകാതെ നിങ്ങള്‍ ഫീല്‍ഡില്‍ നിന്ന് പുറത്താകും. നിങ്ങള്‍ക്ക് അത്രമാത്രം മത്സരാധിഷ്ഠിതയില്ലെന്നാണ് ചുരുക്കം. വലിയൊരു പ്ലെയര്‍ വന്നാല്‍ നിങ്ങള്‍ സ്വാഭാവികമായും തുടച്ചുമാറ്റപ്പെടും. അതുകൊണ്ടു തന്നെ മത്സരാധിഷ്ഠിത സ്വഭാവം നിങ്ങള്‍ക്കുണ്ടായിരിക്കണം.

പുതിയ ക്വട്ടേഷന്‍

ഒരു സ്വയം തൊഴിലുകാരന്‍ അഞ്ച് ലക്ഷം രൂപ മൂല്യമുള്ള ഒരു ജോലിക്കായി ക്വട്ടേഷന്‍ സമര്‍പ്പിച്ചുവെന്ന് കരുതുക. ഇതിലെ ഓപറേറ്റിങ് മാര്‍ജിന്‍ 25 ശതമാനമെന്ന് കണക്കാക്കിയാല്‍, ഈ പ്രോജക്റ്റിലൂടെ സ്വയം തൊഴിലുകാര്‍ക്ക് കയ്യില്‍ കിട്ടുന്നത് 1,25,000 രൂപയാണ്. ഇതില്‍ നിന്ന് നിക്ഷേപത്തിന് പണം മാറ്റിവെക്കാന്‍ ഇല്ലാത്തതുകൊണ്ട്, 1,25,000ത്തിന്റെ 10 ശതമാനം അധികമായി കയ്യില്‍ കിട്ടും വിധം ക്വട്ടേഷന്‍ പുതുക്കി സമര്‍പ്പിക്കണം. 1,25,000ത്തിന്റെ 10 ശതമാനമെന്നാല്‍ 12,500 രൂപ. അതായത് മൊത്തം പ്രോജക്റ്റ് ചെലവായി ദര്‍ഘാസില്‍ സമര്‍പ്പിക്കേണ്ടത് 5,12,500 രൂപയാണ്.

ക്ലയ്ന്റ് പണം തരുമ്പോള്‍ 12,500 രൂപ നിക്ഷേപത്തിനായി തന്നെ മാറ്റുക. ചെറിയ ബജറ്റിലുള്ള പദ്ധതികള്‍ക്ക് മാത്രമെ 10 ശതമാനം നിക്ഷേപ ചട്ടം ഫലപ്രദമാകൂ. വലിയ പ്രോജക്റ്റുകളുടെ നിരക്കില്‍ 10 ശതമാനം വര്‍ധന നടത്തിയാല്‍ ഇടപാടുകാര്‍ക്ക് സാമ്പത്തിക ഭാരം കൂടും. അത്തരം സാഹചര്യത്തില്‍ നിക്ഷേപത്തിനായുള്ള 10 ശതമാനം എന്നത് അഞ്ച് ശതമാനം, മൂന്ന് ശതമാനം എന്നിങ്ങനെ പരിഷ്‌കരിക്കാം. ഇങ്ങനെ അധികമായി കിട്ടുന്ന പണം മ്യൂച്വല്‍ ഫണ്ടിലോ, ഇടിഎഫുകളിലോ ഓഹരികളിലോ നിക്ഷേപിക്കാം.

എസ്ഐപികള്‍ സ്വയം തൊഴിലുകാര്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗമാകണമെന്നില്ല. സ്വയം തൊഴിലുകാര്‍ എത്രമാത്രം പ്രോജക്റ്റുകള്‍ ചെയ്യുന്നുവോ, അതിന് ആനുപാതികമായിരിക്കും നിക്ഷേപവും. മാസത്തില്‍ അഞ്ച് പ്രോജക്റ്റുകള്‍ തീര്‍ക്കുന്നവര്‍ക്ക് മാസത്തില്‍ അഞ്ച് തവണ നിക്ഷേപം നടത്താനാവും. അതല്ല, മൂന്ന് മാസം കൂടുമ്പോള്‍ ഒരു പ്രോജക്റ്റാണ് പൂര്‍ത്തിയാക്കുന്നതെങ്കില്‍ ത്രൈമാസത്തില്‍ ഒരു തവണയേ നിക്ഷേപിക്കാനാവൂ.

10 ശതമാനം നിക്ഷേപ ചട്ടം ആദ്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ടായി തോന്നുമെങ്കിലും പിന്നീടത് ശീലമാകും. സാമ്പത്തിക അച്ചടക്കം വരും. 15-20 വര്‍ഷം കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് ലഭിക്കും.

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തി എന്ന നിലക്ക് നാടിന്റെ സമ്പദ്വ്യവസ്ഥക്കായി സംഭാവന ചെയ്യുന്നൊരാള്‍, തനിക്ക് വേണ്ടിയും സമ്പാദിക്കേണ്ടിയിരിക്കുന്നു. ആ വ്യക്തി ഉറങ്ങുമ്പോഴും അയാള്‍ക്ക് വേണ്ടി അയാളുടെ പണം അധ്വാനിച്ചുകൊണ്ടേയിരിക്കണം.

ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറും

റിസര്‍ച്ച് അനലിസ്റ്റുമാണ് ലേഖകന്‍.

website www.balamoney.com,

Ph: 77360 10203.

മെയ് 31 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT