മകെന്‍സി (McKinsey) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ (FOBs) ദേശീയ ജിഡിപിയുടെ 75 ശതമാനത്തിലധികം സംഭാവന ചെയ്യുന്നുണ്ട്, ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനങ്ങളിലൊന്നാണ്. 2047-ഓടെ ഇത് 80 മുതല്‍ 85 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ബിസിനസ് ആരംഭിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
ട്രേഡ്മാര്‍ക് നിയമം സെക്ഷന്‍ 35 പ്രകാരം, ഒരു കുടുംബപേര് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതായത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമായി കുടുംബപേരിന്റെ അവകാശം ലഭിക്കില്ല. പണ്ടുമുതല്‍ക്കേ ഒട്ടുമിക്ക കുടുംബ ബിസിനസുകള്‍ക്കും കുടുംബപേരാണ് നല്‍കിവരുന്നത്. അതിന്റെപേരില്‍ ധാരാളം അവകാശതര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്.
'ചെമ്മണ്ണൂര്‍' എന്ന പേരുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതിവരെ എത്തിയിട്ടുണ്ട്. കുടുംബത്തിലെ തന്നെ മറ്റൊരു വ്യക്തിക്ക് അതെ കുടുംബപേരുപയോഗിച്ച് മറ്റൊരു ബിസിനസ് ആരംഭിക്കാന്‍ സാധിക്കും എന്നകാര്യം മനസില്‍വച്ചുകൊണ്ട് മാത്രം ബിസിനസ് പേരിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക.
വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് പരസ്പരം പ്രാധാന്യം നല്‍കേണ്ടതുകൊണ്ടുതന്നെ ബിസിനസ് കാര്യങ്ങള്‍ക്കായി പ്രത്യേകം ഭരണഘടന വികസിപ്പിക്കേണ്ടതുണ്ട്; അത് നിയമാനുസൃതമാവുകയും വേണം. നിക്ഷേപങ്ങള്‍ കുടുംബത്തിനകത്തുനിന്നും മാത്രം വരുന്നതുകൊണ്ടുതന്നെ ഏറ്റവും മികച്ചത് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായി ബിസിനസ് ആരംഭിക്കുന്നതാണ്. പരമ്പരാകൃത പാര്‍ട്ണര്‍ഷിപില്‍നിന്നും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പിനെ വേര്‍തിരിക്കുന്ന ഘടകം അതിന്റെ ലിമിറ്റഡ് ലിയബിലിറ്റി അഥവാ പരിമിതമായ ബാധ്യത എന്ന സവിശേഷതയാണ്. ഒരിക്കലും ബിസിനസിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ കുടുംബത്തെ ബാധിക്കരുത്. രണ്ടും രണ്ടായിതന്നെ മുന്നോട്ടുപോണം.
ദൈനംദിന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതുമുതല്‍ ബിസിനസിലെ പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എങ്ങനെയെന്നും ആര്‍ക്കാണ് അധികാരമുള്ളതെന്നും കൃത്യമായി എഴുതിവയ്‌ക്കേണ്ടതുണ്ട്. കൂടാതെ മീറ്റിംഗുകള്‍ കൂടുന്നതിനെക്കുറിച്ചും, പ്രശ്‌നപരിഹാരം ഏതുതരത്തില്‍ എടുക്കണമെന്നും ലാഭവും നഷ്ടവും എങ്ങനെ വീതിക്കണമെന്നും തുടങ്ങി ഓരോരുത്തരുടെയും അധികാരപരിധിയും കടമയും കൃത്യമായി എഗ്രിമെന്റില്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ട്.
സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒരു ഉപദേശകസമിതിയും രൂപീകരിക്കണം. അതില്‍ സ്ഥാപനത്തിലെ പ്രധാന അംഗങ്ങള്‍ക്കൊപ്പം കുടുംബാംഗമല്ലാത്ത ഒരു നിയമവിദഗ്ധനെകൂടെ നിയമിക്കണം. പ്രശ്‌നപരിഹാരത്തിന് ഒരു ഇടനിലക്കാരന്റെ ഇടപെടല്‍ വലിയരീതിയില്‍ ഉപകാരപ്പെടും.
ഇന്ത്യയിലെ കുടംബ ബിസിനസുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇത് മുന്നോട്ടുകൊണ്ടുപോകാന്‍ കുടുംബത്തിനകത്ത് ആളുകള്‍ ഇല്ല എന്നതാണ്. കോടികളുടെ വിറ്റുവരവുള്ള കുടുംബ ബിസിനസുകള്‍ വഴിയാധാരപ്പെട്ടുപോകുന്ന അവസ്ഥയാണിന്നുള്ളത്. ബിസിനസിനു നേതൃത്വം നല്‍കേണ്ടയാളെ നേരത്തെതന്നെ തിരഞ്ഞെടുത്ത് കൃത്യമായ പരിശീലനം നല്‍കേണ്ടത് അനിവാര്യമാണ്. നേതൃത്വം പുറമെ ഏല്പിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ നൈപുണ്യവികസന പരിശീലനം തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്.
കുടുംബ ബിസിനസില്‍ എല്ലാ പ്രായക്കാരും ഉള്ളതിനാല്‍, ചിലപ്പോഴെങ്കിലും പാരമ്പര്യം മുന്‍നിര്‍ത്തി ബിസിനസ് ചെയ്യാന്‍ നോക്കുമ്പോള്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ബിസിനസില്‍ മാറ്റം കൊണ്ടുവരാന്‍ വിമുഖത കാണിക്കും. കാരണം പലപ്പോഴും പ്രായത്തിനനുസരിച്ചാണ് കുടുംബ ബിസിനസില്‍ സീനിയോറിറ്റി നിശ്ചയിക്കുന്നത്. അതിനാല്‍ മാറുന്ന സാങ്കേതികവിദ്യക്ക് അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയണമെന്നില്ല. പുതുതലമുറാ അംഗങ്ങളുടെ അഭിപ്രായവും അവരുടെ നൈപുണ്യവും പരമാവധി പ്രയോജനപ്പെടുത്തി സംരംഭം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
ഒരു കുടുംബ ബിസിനസ് നടത്തുന്നത് രസകരവും ഒപ്പം വെല്ലുവിളി നിറഞ്ഞതുമാണ്. പ്രൊഫഷണലിസം നിലനിര്‍ത്തുന്നതിലൂടെയും തുറന്ന ആശയവിനിമയം വളര്‍ത്തിയെടുക്കുന്നതിലൂടെയും ഭാവിയിലേക്കുള്ള ആസൂത്രണത്തിലൂടെയും കുടുംബങ്ങള്‍ക്ക് അവരുടെ ബിസിനസുകള്‍ തലമുറകളിലുടനീളം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine