Startup

ആപ്പിലൂടെ കണ്‍സള്‍ട്ടേഷന്‍ നല്കുന്നത് 13,000 ജ്യോതിഷികള്‍, വരുമാനം ₹1,176 കോടി; ഇന്ത്യക്കാരെ ഞെട്ടിച്ച് യൂണികോണ്‍ ക്ലബിലെത്തി ആസ്‌ട്രോടോക്ക്

ആപ്പിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലധികം മിനിറ്റ് കണ്‍സള്‍ട്ടേഷന്‍ നടക്കുന്നതായാണ് കമ്പനിയുടെ കണക്ക്.

Dhanam News Desk

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പാടുപെടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ യൂണികോണ്‍ ക്ലബില്‍ എത്തിയിരിക്കുകയാണ് ഒരു സ്റ്റാര്‍ട്ടപ്പ്. നോയിഡ ആസ്ഥാനമായ സ്പിരിച്വല്‍-ടെക് പ്ലാറ്റ്ഫോം ആസ്‌ട്രോടോക്ക് (Astrotalk) ആണ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തോടെ യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ചത്.

പുനീത് ഗുപ്തയും അന്‍മോള്‍ ജെയ്നും ചേര്‍ന്ന് 2017ലാണ് ആസ്‌ട്രോടോക്കിന് തുടക്കമിട്ടത്. ഉപയോക്താക്കളെ ജ്യോതിഷികളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 13,000ത്തിലധികം ജ്യോതിഷികള്‍ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. ആപ്പിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലധികം മിനിറ്റ് കണ്‍സള്‍ട്ടേഷന്‍ നടക്കുന്നതായാണ് കമ്പനിയുടെ കണക്ക്.

ജ്യോതിഷ കണ്‍സള്‍ട്ടേഷന്‍ സേവനത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം, വെല്‍നസ് എന്നിവയുമായി ബന്ധപ്പെട്ട ആത്മീയ സേവനങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്.

ആത്മീയ രത്നങ്ങള്‍, രുദ്രാക്ഷം, പൈറൈറ്റ്, വാസ്തു ഉല്‍പന്നങ്ങള്‍, ധനയോഗ് ഉല്‍പന്നങ്ങള്‍ എന്നിവയും കമ്പനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വില്‍ക്കുന്നു. പോസിറ്റീവ് എനര്‍ജി, സമ്പത്ത്, ആത്മവിശ്വാസം തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രിസ്റ്റല്‍ പെര്‍ഫ്യൂമുകളും ഉല്‍പന്നനിരയിലുണ്ട്.

വരുമാനം 1,176 കോടി

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആസ്‌ട്രോടോക്ക് 1,176 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ലാഭം 285 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം 2,500 കോടി രൂപയ്ക്ക് മുകളില്‍ വരുമാനം എത്തുമെന്നാണ് വിലയിരുത്തല്‍.

ലെഫ്റ്റ് ലെയ്ന്‍ കാപ്പിറ്റല്‍ (Left Lane Capital), എലിവേറ്റ് വെഞ്ചര്‍ പാര്‍ട്‌ണേഴ്സ് (Elev8 Venture Partners) തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള ആസ്‌ട്രോടോക്ക് ആഗോള വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാനും സാങ്കേതികവിദ്യ ശക്തിപ്പെടുത്താനുമുള്ള ഒരുക്കത്തിലാണ്.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിരവധി കമ്പനികള്‍ നഷ്ടം നേരിടുന്നതിനിടെയാണ് ആസ്‌ട്രോടോക്ക് യൂണികോണ്‍ പദവിയിലെത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT