Image : Canva and Byju's website 
Startup

ബൈജൂസിന് വാക്കു പാലിക്കാനാകില്ല, 20,000 പേര്‍ക്ക് ശമ്പളം മുടങ്ങും

നിരന്തരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന എഡ്ടെക് സ്ഥാപനത്തിന് വീണ്ടും ക്ഷീണം

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്  ജീവനക്കാരോട് പറഞ്ഞ വാക്ക് പാലിക്കാനാകില്ല. മാര്‍ച്ച് 10ന് മുമ്പ് 20,000ഓളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബൈജൂസിന് സാധിക്കില്ല. അവകാശ ഓഹരി വഴി 250-300 മില്യണ്‍ ഡോളര്‍ സമാഹരിച്ചെങ്കിലും ആ പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.ടി) ഉത്തരവിട്ടതാണ് ബൈജൂസിന് ഇത്തവണ പ്രതിസന്ധിയായത്. ബൈജൂസിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ നിക്ഷേപകര്‍  സമീപിച്ചതിനു പിന്നാലെയായിരുന്നു എന്‍.സി.എല്‍.ടിയുടെ നടപടി.

പണം പിന്‍വലിക്കാനാകാത്തതുമൂലം ജീവനക്കാര്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ ശമ്പളം നല്‍കാനാവില്ലെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്ക് അടഞ്ഞുകിടക്കുന്നതും പ്രതിസന്ധിയായി.

മാര്‍ച്ച് 10നു മുന്‍പ് ശമ്പളം നല്‍കുമെന്ന് ഈ മാസമാദ്യം ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. റൈറ്റ്സ്  ഇഷ്യു വിജയകരമായിരുന്നെങ്കിലും അതുവഴി സമാഹരിച്ച പണം വിനിയോഗിക്കാനാകാത്തതില്‍ നിക്ഷേപകരെ കുറ്റപ്പെടുത്തി ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്‍ കത്തെഴുതിയിരുന്നു.

എന്നാല്‍ ബൈജൂസിന്റെ ഉപകമ്പനിയിലുണ്ടായിരുന്ന 53.3 കോടി ഡോളര്‍ എവിടെയാണെന്ന് വ്യക്തമാക്കാനും ഇതുപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുമാണ് നിക്ഷേപകര്‍ ആവശ്യപ്പട്ടത്. ഈ പണത്തെ ചൊല്ലി യു.എസ് കോടതിയില്‍ കേസും നടക്കുന്നുണ്ട്. എന്നാല്‍ കമ്പനിയുടെ യു.എസിലെ മറ്റൊരു കമ്പനിയില്‍ ഈ തുക മുഴുവന്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബൈജൂസ് പറയുന്നത്.

നിരന്തരമായ സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന ബൈജൂസിന് ജീവനക്കാരുടെ ഭാഗത്തു നിന്ന് കടുത്ത എതിര്‍പ്പ് നേരിടാന്‍ പുതിയ സാഹചര്യം വഴിയൊരുക്കും. ഇതിനു മുൻപും പല തവണ ജീവനക്കാർക്ക് ശമ്പളം വൈകിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT