Image : Byju Raveendran 
Startup

ബൈജൂസിന്റെ ആകാശ് ഐ.പി.ഒ അടുത്ത വര്‍ഷം

2021 ല്‍ ബൈജൂസ് എറ്റെടുത്ത സ്ഥാപനമാണ് ആകാശ്

Dhanam News Desk

 പ്രമുഖ എഡ്‌ടെക്(EdTech-Education Technology) കമ്പനിയായ ബൈജൂസിന്റെ സഹോദര സ്ഥാപനമായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് (AESL)ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ് ബൈജൂസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.പി.ഒയ്ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വില്‍പ്പനയ്ക്ക് വേണ്ട ബാങ്കിന്റെ നിയമനം ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന് ബൈജൂസ് അറിയിച്ചു. ആകാശിന്റെ അടുത്ത തലത്തിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് വേണ്ട മൂലധനം സമാഹരിക്കാനാണ് ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

വരുമാനത്തില്‍ വളര്‍ച്ച

2021 ഏപ്രിലിലാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബൈജൂസ് 7,100 കോടി രൂപയ്ക്ക് ആകാശിനെ ഏറ്റെടുക്കുന്നത്. ബൈജൂസ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആകാശിന്റെ വരുമാനത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണുണ്ടായതെന്ന്  കമ്പനി അവകാശപ്പെടുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4,000 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

ആകാശിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍  കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിൽ  കമ്പനിയുടെ വരുമാനം 1,214 കോടിരൂപയില്‍ നിന്ന്  23.5 ശതമാനം ഇടിഞ്ഞ് 982.7 കോടി രൂപയായിരുന്നു. ലാഭം 165.7 ശതമാനത്തില്‍ നിന്ന്  73.6 ശതമാനം ഇടിഞ്ഞ് 43.6 കോടി രൂപയായിരുന്നു. 

മത്സര പരീക്ഷകളുടെ പരിശീലനരംഗത്ത് മുന്നില്‍ നില്‍ക്കുന്ന ആകാശിന് ഇന്ത്യയൊട്ടാകെ 325 സെന്ററുകളുണ്ട്. നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആകാശിന്റെ പഠനപദ്ധതികളുടെ ഭാഗമാണ്.

പ്രതിസന്ധിയ്ക്കിടെ

ബൈജൂസിന്റെ 1,200 കോടി രൂപയുടെ വായ്പ പുനക്രമീകരിക്കുന്നതിന് വായ്പാദാതാക്കളുമായി ചര്‍ച്ച നടത്തി വരുന്ന സാഹചര്യത്തിലാണ് ഐ.പി.ഒ പ്രഖ്യാപനം. വായ്പ തിരിച്ചടയ്‌ക്കേണ്ട അവസാന തീയതി ജൂൺ അഞ്ചായിരുന്നു. കഴിഞ്ഞ മാസം യു.എസ് ആസ്ഥാനമായ ഡേവിഡ്‌സണ്‍ കെംപ്‌നറില്‍ നിന്ന് 25 കോടി രൂപ സമാഹരിച്ചിരുന്നു.

നേരത്തെ സ്‌പെഷ്യല്‍ പര്‍പസ് അക്യുസിഷന്‍ കമ്പനി(SPACE) എന്ന രീതിയില്‍ ബൈജൂസിനെ അമേരിക്കയില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. പിന്നീടാണ് ഉപകമ്പനിയായ ആകാശിന്റെ ഐ.പി.ഒയുമായി രംഗത്തെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT