രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'വെറും പാറ്റകള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ആളിപ്പടരുന്നത്. ഇതിന് മറുപടിയായി 'കോക്രോച്ച് ജനതാ പാര്‍ട്ടി' (Cockroach Janata Party - CJP) എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരംഭിച്ച ഡിജിറ്റല്‍ പ്രതിഷേധ പേജിലേക്ക് അഞ്ച് ദിവസം കൊണ്ട് 91 ലക്ഷത്തിലധികം (9.1 Million) യുവാക്കളാണ് 'ഞങ്ങളും പാറ്റകളാണ്' എന്ന പ്രഖ്യാപനത്തോടെ അണിനിരന്നത്.
NEET പരീക്ഷാ ക്രമക്കേടുകള്‍ അവസാനിപ്പിക്കുക, കൂറുമാറുന്ന രാഷ്ട്രീയക്കാരെ 20 വര്‍ഷത്തേക്ക് വിലക്കുക, വിരമിച്ച ജഡ്ജിമാര്‍ക്ക് രാഷ്ട്രീയ പദവികള്‍ നല്‍കരുത് തുടങ്ങിയ ശക്തമായ ആവശ്യങ്ങളാണ് യുവാക്കള്‍ ഉയര്‍ത്തുന്നത്. അധികാരികള്‍ സൃഷ്ടിച്ച അഴുക്കുചാലുകളില്‍ നിന്ന് ഈ 'പാറ്റകള്‍' പെരുകി പുറത്തുകടക്കട്ടെ എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ഡിജിറ്റല്‍ രാഷ്ട്രീയ പ്രതിഷേധം.
ഈ പശ്ചാത്തലത്തില്‍, ബിസിനസ്-സ്റ്റാര്‍ട്ടപ്പ് ലോകത്ത് ഏറ്റവും ട്രെന്‍ഡിംഗായി മാറിയ 'കോക്രോച്ച് സ്റ്റാര്‍ട്ടപ്പ്' (Cockroach Startup) എന്ന ആശയത്തെക്കുറിച്ച് ഒന്ന് അറിഞ്ഞാലോ?
ഏത് കടുത്ത പ്രതിസന്ധിയിലും, ആണവാക്രമണത്തെപ്പോലും അതിജീവിച്ച് നിലനില്‍ക്കാന്‍ ശേഷിയുള്ള ജീവിയാണ് പാറ്റ (Cockroach). ഇതേ സ്വഭാവം ബിസിനസില്‍ പകര്‍ത്തി, വിപണിയിലെ തകര്‍ച്ചയോ സാമ്പത്തിക മാന്ദ്യമോ ഉണ്ടായാലും തളരാതെ അതിജീവിക്കാന്‍ തക്കവണ്ണം കെട്ടിപ്പടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് 'കോക്രോച്ച് സ്റ്റാര്‍ട്ടപ്പുകള്‍' എന്ന് വിളിക്കുന്നത്. കോടികളുടെ വിദേശ നിക്ഷേപത്തെയോ വലിയ മനുഷ്യവിഭവശേഷിയെയോ മാത്രം ആശ്രയിക്കാതെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള സുസ്ഥിരമായ ബിസിനസ് മോഡലുകളാണ് ഇവരുടേത്.
വ്യവസായ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ധൂര്‍ത്തുകളില്ലാത്ത മിതവ്യയവും (Thriftiness) വേഗതയുമാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ കരുത്ത്.
അനാവശ്യമായ വിപണി ആകര്‍ഷണങ്ങള്‍ക്ക് പിന്നാലെ പോകാതെ, ബിസിനസിന്റെ കാതലായ ലക്ഷ്യങ്ങളില്‍ മാത്രം ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉല്‍പന്നത്തിന്റെ പോരായ്മകളെക്കുറിച്ചോ വിപണിയിലെ തിരിച്ചടികളെക്കുറിച്ചോ ഫണ്ടിംഗ് കുറവിനെക്കുറിച്ചോ സ്ഥാപകര്‍ സ്വയം കബളിപ്പിക്കാറില്ല. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി മുന്‍കൂട്ടി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നു.
ഏതൊരു ബിസിനസ് മോഡലിനെയും പോലെ കോക്രോച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നേരത്തെ പറഞ്ഞതുപോലെ സാമ്പത്തിക മാന്ദ്യങ്ങളെയും അപ്രതീക്ഷിത വിപണി ആഘാതങ്ങളെയും നേരിടാന്‍ ഇവര്‍ക്ക് പ്രത്യേക ശേഷിയുണ്ട്. കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിച്ച് ശീലിച്ചതിനാല്‍ കഠിനമായ സാഹചര്യങ്ങളെ ഇവര്‍ എളുപ്പം അതിജീവിക്കും.
അനാവശ്യമായ ഓഫീസ് അലങ്കാരങ്ങളോ ആഡംബരങ്ങളോ ഇവര്‍ ഒഴിവാക്കുന്നു. സ്വന്തം വരവ് അറിഞ്ഞുമാത്രം ചിലവഴിക്കുന്നതിനാല്‍ വിപണിയില്‍ സാമ്പത്തിക മാന്ദ്യമുണ്ടായാല്‍ പോലും ഇവര്‍ക്ക് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കും. ഇവര്‍ വളര്‍ച്ചയ്ക്കായി ബാഹ്യ നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കാറില്ല, മറിച്ച് കൃത്യമായ ക്യാഷ് ഫ്‌ളോ ഉണ്ടാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വളരെ വേഗത്തിലുള്ളതും അപകടം പിടിച്ചതുമായ വളര്‍ച്ചയ്ക്ക് പകരം, ഇവര്‍ പതുക്കെയുള്ളതും എന്നാല്‍ സുസ്ഥിരവുമായ വളര്‍ച്ചയാണ് (Steady & Sustainable growth) ലക്ഷ്യമിടുന്നത്.
അപ്സ് ആന്‍ഡ് ഡൗണ്‍സ് ഉണ്ടാകുമ്പോള്‍ സ്ഥാപകരുടെ മാനസികാരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ സ്റ്റെബിലിറ്റി നിലനിര്‍ത്താന്‍ ഇത് സഹായിക്കും
പാറ്റകളെപ്പോലെ തന്നെ ഏത് വിപണി സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് കഴിയും. തുടക്കത്തില്‍ കുറഞ്ഞ ചിലവില്‍ ബിസിനസ് ചെയ്യുന്നതിനാല്‍, വിപണിയില്‍ പുതിയ ഐഡിയകള്‍ പരീക്ഷിച്ച് പരാജയപ്പെട്ടാല്‍ പോലും വലിയ പരിക്കുകളില്ലാതെ പുതിയ പാഠങ്ങള്‍ പഠിച്ച് വീണ്ടും മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് സാധിക്കും.
യൂണികോണ്‍ കമ്പനികള്‍ പലപ്പോഴും വന്‍തോതില്‍ പണം ഒഴുക്കി റിസ്‌ക് എടുക്കാറുണ്ട്. ചില കമ്പനികള്‍ 1 രൂപ വരുമാനം ഉണ്ടാക്കാന്‍ 10 രൂപ വരെ ചിലവഴിക്കാറുണ്ട് . ഭാവിയില്‍ ബിസിനസ് വലുതാകുമ്പോള്‍ ലാഭം കൂടും എന്ന അസംഷനിലാണ് ഇവര്‍ ഇത് ചെയ്യുന്നത്. എന്നാല്‍ കണക്കുകള്‍ പ്രകാരം ഈ രീതി വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. കോക്രോച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ഇത്തരം അനാവശ്യ റിസ്‌കുകള്‍ ഒഴിവാക്കുന്നു.
കോക്രോച്ച് സ്റ്റാര്‍ട്ടപ്പുകള്‍ കസ്റ്റമര്‍ കേന്ദ്രീകൃതമായിരിക്കും. അവര്‍ നല്‍കുന്ന പണത്തിന് കൃത്യമായ മൂല്യം തിരികെ നല്‍കിയാല്‍ മാത്രമേ ബിസിനസിന് ലോങ്ങ് ടേം നിലനില്‍പ്പ് ഉണ്ടാവുകയുള്ളൂ എന്ന് ക്രോക്കോച്ച് സ്റ്റാര്‍ട്ടപ്പുകള്‍ വിശ്വസിക്കുന്നു.
ഫണ്ടിംഗ് കുറവായതിനാല്‍ ബിസിനസ് വിപുലീകരണത്തിനും മാര്‍ക്കറ്റിംഗിനും മികച്ച പ്രതിഭകളെ നിയമിക്കുന്നതിനും പരിമിതികളുണ്ടാകും. മാത്രമല്ല, വന്‍തോതില്‍ പണം ഒഴുക്കുന്ന മറ്റ് വന്‍കിട കമ്പനികളുമായി മത്സരിക്കുമ്പോള്‍ ഇവരുടെ വളര്‍ച്ചാ നിരക്ക് പതുക്കെയായിരിക്കും.
ചെറിയ ടീമും വലിയ ജോലിഭാരവും കാരണം ജീവനക്കാരും സ്ഥാപകരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാകാന്‍ സാധ്യതയുണ്ട്.
തുടര്‍ച്ചയായ നിയമപ്രശ്‌നങ്ങളോ അപ്രതീക്ഷിത വിപണി മാറ്റങ്ങളോ ഉണ്ടായാല്‍, താങ്ങാന്‍ തക്ക സാമ്പത്തിക അടിത്തറയില്ലാത്തതിനാല്‍ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഏറെ സമയമെടുക്കും.
കോക്രോച്ച് ജനതാ പാര്‍ട്ടിയിലൂടെ ഇന്ത്യന്‍ യുവാക്കള്‍ എതിര്‍ സ്വരത്തിന്റെ പുതിയ വഴി തേടുമ്പോള്‍, കോക്രോച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ബിസിനസ് ലോകത്ത് പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൊയ്യാന്‍ യുവ സംരംഭകര്‍ക്ക് വഴികാട്ടിയാവുകയാണ്.
The ‘Cockroach Startup’ model is gaining attention for its ability to survive economic uncertainty through sustainable growth and financial discipline.
Read DhanamOnline in English
Subscribe to Dhanam Magazine