canva
Startup

കേരളത്തില്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് വളരാനുള്ള സാഹചര്യം, സംരംഭങ്ങള്‍ക്ക് ഫണ്ടിംഗ് വാഗ്ദാനവുമായി ഫയര്‍സൈഡ് വെഞ്ച്വേഴ്‌സ്

വസ്ത്രങ്ങള്‍ മുതല്‍ വെല്‍നസ് വരെ കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളില്‍ പുത്തന്‍ തരംഗം സൃഷ്ടിക്കുവാന്‍ കേരളത്തിലെ നവ തലമുറ സംരംഭകര്‍

Dhanam News Desk

കേരളത്തിലെ കണ്‍സ്യൂമര്‍ ബ്രാന്‍ഡ് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ രാജ്യത്തെ മുന്‍നിര പ്രാരംഭഘട്ട വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഫയര്‍സൈഡ് വെഞ്ച്വേഴ്‌സ്. ദേശീയതലത്തില്‍ ബോട്ട് (Boat), മാമ എര്‍ത്ത് തുടങ്ങിയ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കകാലത്ത് ഫണ്ടിംഗ് നല്‍കിയ ശേഷമാണ് ഫയര്‍സൈഡ് കേരളത്തിലെത്തുന്നത്. ഇതുവരെ 60 കമ്പനികളിലായി 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് ഫയര്‍സൈഡ് വെഞ്ചേഴ്‌സ് പാര്‍ട്ണര്‍ ആദര്‍ശ് മേനോന്‍ പറഞ്ഞു. തുടക്കത്തില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ കേരളം പോലുള്ള വിപണികളിലേക്കും വരുന്നതിന്റെ സൂചനയാണിത്.

സംരംഭങ്ങള്‍ക്ക് അവസരം

കണ്‍സ്യൂമര്‍ മേഖലയില്‍ കേരളത്തില്‍ നിന്ന് വലിയ ബ്രാന്‍ഡുകള്‍ നിര്‍മിക്കാനുള്ള സാഹചര്യമുണ്ടെന്നും ആദര്‍ശ് പറഞ്ഞു. സംസ്ഥാനത്ത് നൂതന ആശയങ്ങളുള്ള സംരംഭകരെ വളര്‍ത്തിയെടുക്കുവാനും അവര്‍ക്ക് വേണ്ട മെന്റര്‍ഷിപ്പ്, നെറ്റ്‌വര്‍ക്കിംഗ് അവസരം, സാമ്പത്തിക പിന്തുണ എന്നിവ നല്‍കുന്നതിനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. എഫ്.എം.സി.ജി, ഫാഷന്‍, വെല്‍നസ്, ടെക്‌സ്റ്റൈല്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഉത്പന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് അവസരം. യോഗ്യരായ സംരംഭങ്ങള്‍ക്ക് 5 മുതല്‍ 100 കോടി രൂപ വരെയുള്ള നിക്ഷേപ അവസരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പകരം സംരംഭങ്ങളില്‍ 15-20 ശതമാനം വരെ ഉടമസ്ഥാവകാശം നല്‍കേണ്ടി വരും. പത്ത് വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നത്. താത്പര്യമുള്ള സംരംഭകര്‍ക്ക് contact@firesideventures.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് കേരളം

ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളും പുരോഗമന നയപിന്തുണയും ആഗോള വിപണി പരിചയമുള്ള ഉപയോക്താക്കളും ഒരുമിച്ച് ചേരുന്ന കേരള വിപണി പുതുതലമുറ ബ്രാന്‍ഡുകള്‍ക്ക് വളരാനുള്ള മികച്ച ഇടമാണെന്നാണ് ഫയര്‍സൈഡ് വെഞ്ചേഴ്‌സിന്റെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ പുതിയൊരു ഗതിവേഗം ആര്‍ജിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 500ന് മുകളില്‍ ഇന്നോവേഷന്‍ ഹബ്ബുകളും ഇന്‍ക്യുബേറ്ററുകളും സ്ഥാപിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. അടുത്തിടെ നടന്ന ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലൂടെ മാത്രം 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കി. ഇതില്‍ കണ്‍സ്യൂമര്‍, വെല്‍നസ് മേഖലകള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതായും ഫയര്‍സൈഡ് വെഞ്ചേഴ്‌സ് വൃത്തങ്ങള്‍ പറഞ്ഞു.

India’s leading VC firm, Fireside Ventures, expands to Kerala with funding promises for new-age consumer brands. Startups in FMCG, fashion, wellness and textiles can access ₹5–100 crore investments.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT