കെവിഎസ് സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ പ്രശാന്ത് നായര്‍, ജെനസിസ് ലാബ്‌സ് സ്ഥാപകന്‍ അര്‍ഷാദ് അലി, ജെനസിസ് ലാബ്‌സ് സഹസ്ഥാപകന്‍ ഉല്ലാസ് മാത്യു, കെവിഎസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഷാര്‍ബെല്‍ ചെറിയാന്‍, കെവിഎസ് സഹസ്ഥാപകനും ചീഫ് ഇന്നൊവേഷന്‍ ഓഫീസറുമായ ദീപക് മേനോന്‍ തുടങ്ങിയവര്‍..  
Startup

കേരളത്തിലെ ആദ്യ എന്‍വിഡിയ എഐ ഫാക്ടറി കൊച്ചിയില്‍; ആഗോള എഐ ഭൂപടത്തില്‍ ഇടംപിടിച്ച് കേരള സ്റ്റാര്‍ട്ടപ്പ്

പ്രമുഖ പ്രൊഡക്റ്റ് സ്റ്റുഡിയോയായ 'കീവാല്യൂ സോഫ്റ്റ്‌വെയര്‍ സിസ്റ്റംസിനായി'യാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിട്ടുള്ളത്.

Dhanam News Desk

സംസ്ഥാനത്തെ ആദ്യത്തെ എന്‍വിഡിയ എഐ ഫാക്ടറി പ്രവര്‍ത്തനസജ്ജമാക്കി കെഎസ് യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ 'ജെനിസിസ് ലാബ്‌സ്'. എന്‍വിഡിയ സ്റ്റുഡിയോ സര്‍ട്ടിഫൈഡ് അംഗവും ഇന്റല്‍ ഗോള്‍ഡ് മെമ്പറുമാണ് ജെനിസിസ് ലാബ്‌സ്.

കേരളത്തിലെ പ്രമുഖ പ്രൊഡക്റ്റ് സ്റ്റുഡിയോയായ 'കീവാല്യൂ സോഫ്റ്റ്‌വെയര്‍ സിസ്റ്റംസിനായി'യാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ആഗോളതലത്തില്‍ നേടുന്ന പ്രധാന്യമാണ് ഈ നേട്ടം കാണിക്കുന്നത്.

അത്യാധുനികമായ എന്‍വിഡിയ അഡ ലോവേലസ്, ജിപിയു-കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എഐ ഫാക്ടറി, ഭാവി വികസനം കൂടി മുന്നില്‍ കണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക്വെല്‍ ക്ലാസ് ജിപിയു-കള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതിന് ഏകദേശം ഒരു എക്‌സാഫ്‌ലോപ്പ് (ഒരു സെക്കന്‍ഡില്‍ ഒരു ക്വിന്റില്യന്‍, അതായത് 1 കഴിഞ്ഞ് 18 പൂജ്യങ്ങള്‍ കമ്പ്യൂട്ടിംഗ് ചെയ്യാനുള്ള ശേഷി) പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.

ഇത് എക്‌സാസ്‌കെയില്‍ ക്ലാസ് എഐ സൂപ്പര്‍കമ്പ്യൂട്ടിംഗിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പാണ്. നിലവില്‍ സെക്കന്‍ഡില്‍ 144.518 ബില്യണ്‍ മാട്രിക്‌സ് ഓപ്പറേഷന്‍സ് എന്ന ഉയര്‍ന്ന വേഗതയില്‍ ഇത് പ്രവര്‍ത്തിക്കും. ലൊ-ലേറ്റന്‍സി വര്‍ക്ക് ലോഡുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഈ സംവിധാനം വലിയ സംരംഭങ്ങള്‍ക്കും ഗവേഷണ സംഘങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.

പ്രാദേശികമായ എന്‍ജിനീയറിംഗിന് ആഗോള സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഈ നാഴികക്കല്ല് തെളിയിക്കുന്നുവെന്ന് ജെനിസിസ്ലാബ്‌സ് സ്ഥാപകനും സിഇഒയുമായ അര്‍ഷാദ് അലി പറഞ്ഞു. ആഗോളതലത്തിലുള്ള പ്രൊഡക്റ്റ് ടീമുകളെ സഹായിക്കുന്നതിനും ഹൈ-പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗില്‍ കേരളത്തിന്റെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്ത് തന്നെ രൂപകല്‍പ്പന ചെയ്ത് അസംബിള്‍ ചെയ്ത ഈ സംവിധാനം നിര്‍മ്മിച്ചത്. സംസ്ഥാനത്തിന്റെ സ്വന്തം എക്‌സാസ്‌കെയില്‍ എഐ സൂപ്പര്‍കമ്പ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അര്‍ഷാദ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഒരു തദ്ദേശീയ കമ്പനിക്ക് എഐ നവീകരണത്തെ എത്രത്തോളം വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഈ പദ്ധതി കാണിച്ചുതരുന്നുവെന്ന് ജെനിസിസ്ലാബ്‌സ് കോ-ഫൗണ്ടര്‍ ഉല്ലാസ് മാത്യു അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയ മികച്ച പിന്തുണയും അന്തരീക്ഷവുമാണ് ഇത്തരം വമ്പന്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തദ്ദേശീയ കമ്പനികളെ പ്രാപ്തരാക്കുന്നതെന്നും ഉല്ലാസ് ചൂണ്ടിക്കാട്ടി.

ആഗോളനിലവാരത്തിലുള്ള പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ഹബ്ബ്‌

ആഗോളനിലവാരത്തിലുള്ള പ്രൊഡക്റ്റ് ഡെവലപ്മെന്റ് ഹബ്ബാണ് കീവാല്യുവെന്ന് സിഇഒ ഷെര്‍ബാല്‍ വ്യക്തമാക്കി. സാസ് ഉല്‍പ്പന്നങ്ങളിലും കോര്‍ എഐ മേഖലയിലുമാണ് കീവാല്യുവിന്റെ വൈദഗ്ധ്യം. എഐ മുന്‍ഗണന നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ ആഗോള ഹബ്ബായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീവാല്യൂ, ഒമ്പത് വര്‍ഷത്തിനിടെ യുഎസിലെയും യൂറോപ്പിലെയും 90 ലധികം ബിസിനസുകള്‍ക്കായി 130 ലധികം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിട്ടുള്ള 450 ഓളം എഞ്ചിനീയര്‍മാര്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നാല്‍പതിലധികം കമ്പനികള്‍ ഫിന്‍ടെക്, ആഡ്ടെക്, എഡ്ടെക്, ഹെല്‍ത്ത്കെയര്‍, ബ്ലോക്ക്ചെയിന്‍ എന്നീ മേഖലയില്‍ നിക്ഷേപം ലഭിക്കുകയോ ഏറ്റെടുക്കല്‍ നടക്കുകയോ ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT