Startup

ലോകത്തിലെ മികച്ച 5 ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്താന്‍ സഹായകമാകുന്ന നേട്ടം

Dhanam News Desk

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇന്‍കുബേറ്ററുകളിളൊന്നായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ (കെഎസ്യുഎം) ലോക ബെഞ്ച് മാര്‍ക്ക് പഠനത്തില്‍ അംഗീകരിച്ചു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ (startup ecosystems) കുറിച്ച് 2021-22ല്‍ നടന്ന വേള്‍ഡ് ബെഞ്ച് മാര്‍ക്ക് പഠനത്തിലാണ് അംഗീകാരം ലഭിച്ചത്. ലോകത്തെ മികച്ച ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായ കെഎസ്‌യുഎമ്മിന് ആഗോളതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്നാണിത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള വിവിധ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, എഫ് എഫ് എസ് (ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ്) പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഫിസിക്കല്‍ ഇന്‍കുബേഷന്‍ പിന്തുണ, ചിട്ടയായ ഫണ്ടിംഗ് സംവിധാനം തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ തിരഞ്ഞെടുത്തത്. 2021-22 ല്‍ പൊതുസ്വകാര്യ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ 1895 സ്ഥാപനങ്ങളെ വിലയിരുത്തി. ഇതില്‍ 356 സ്ഥാപനങ്ങള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചിരുന്നു.

ഇത്തരത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളം ലോകത്തിന്റെ നെറുകയില്‍ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഗുണഫലമാണീ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാന്‍ ഈ അംഗീകാരം സഹായകരമാകും. ഇനിയും മികവിലേയ്ക്കുയരാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് ഇത് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ 2013ല്‍ സ്ഥാപിതമായ യുബിഐ ഗ്ലോബല്‍ ഒരു ഇന്നൊവേഷന്‍ ഇന്റലിജന്‍സ് കമ്പനിയും ഇന്ററാക്ടീവ് ലേണിംഗ് കമ്മ്യൂണിറ്റിയുമാണ്. ആഗോളതലത്തിലുള്ള മികച്ച ഇന്നൊവേഷന്‍ ഹബ്ബുകളെ കണ്ടെത്തുക, അവയുടെ പ്രവര്‍ത്തനം ലോകത്തെ അറിയിക്കുക, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചരണം നല്‍കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. ഒന്നാം സ്ഥാനത്തെത്തുന്ന പബ്ലിക് ബിസിനസ് ഇന്‍കുബേറ്ററിനെ 2023 മെയ് 14 മുതല്‍ 17 വരെ ബെല്‍ജിയത്തിലെ ഗെന്റില്‍ നടക്കുന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ പ്രഖ്യാപിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT