ഒരു മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം രൂപപ്പെടുന്നതിന്റെ സൂചനയാണ് രാജ്യത്തെ യൂണികോൺ നിരയിലേക്ക് ഉയർത്തപ്പെട്ട പുതു കമ്പനികൾ. ഈ വർഷം എട്ട് യൂണികോണുകളെയാണ് ഇന്ത്യയ്ക് ലഭിച്ചത്.
ഒരു ബില്യൻ (100 കോടി) ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെയാണ് യൂണികോണായി കണക്കാക്കുന്നത്.
ഓയോ, ഫ്രഷ്‌വർക്സ്, ഉഡാൻ, സോമാറ്റോ, യുഎസ്ടി ഗ്ലോബൽ എന്നിവ ഈ പട്ടികയിൽ പെടുന്നു. യു.കെക്ക് നാലും ജർമ്മനിക്ക് രണ്ടുമാണ് ഈ വർഷം ലഭിച്ച യൂണികോൺ കമ്പനികൾ.
ബെംഗളൂരുവിൽ നടക്കുന്ന നാസ്‌കോം പ്രോഡക്റ്റ് കോൺക്ലേവിന്റെ ഭാഗമായി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
യുഎസിൽ 25 കമ്പനികളും ചൈനയിൽ 20 എണ്ണവും യൂണികോൺ നിരയിലെത്തി.
സ്റ്റാർട്ടപ്പുകൾ മികച്ച വിജയം കാണുന്നുണ്ടെങ്കിലും സീഡിംഗ് ഘട്ടത്തിലെ ഫണ്ടിംഗ് ഇന്ത്യയിൽ വളരെ കുറവാണ്. 2017 നെ അപേക്ഷിച്ച് ഈ വർഷം സീഡ്-സ്റ്റേജ് ഫണ്ടിംഗ് 21 ശതമാനം കുറഞ്ഞു.
അതേ സമയം ലേറ്റ്-സ്റ്റേജ് ഫണ്ടിംഗിൽ ഭീമമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 259 ശതമാനമാണ് ലേറ്റ്-സ്റ്റേജ് ഫണ്ടിംഗ് കൂടിയിരിക്കുന്നത്.
നാസ്കോം റിപ്പോർട്ട് അനുസരിച്ച് ആകെ 1,200 സ്റ്റാർട്ടപ്പുകളാണ് 2018 ൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 1,000 ആയിരുന്നു.
ആഗോള തലത്തിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തെ ഈ വർഷത്തെ പ്രധാന ട്രെൻഡ്. ഓയോ, ബൈജൂസ്, ഒല എന്നിവ ഇത്തരത്തിലുള്ള ചില സംരംഭങ്ങളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine