startup funding canva
Startup

പാക്കിസ്ഥാനെ നേരിടാന്‍ ഒരുക്കം ബംഗളുരുവില്‍! ഈ ടെക് സ്റ്റാര്‍ട്ടപുകള്‍ക്ക് ഫണ്ട് നല്‍കാന്‍ നിക്ഷേപകരുടെ ക്യൂ, യുദ്ധമേഘം കണ്ടാല്‍ ചാകര

കഴിഞ്ഞ വര്‍ഷം രാജ്യത്തെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് ലഭിച്ച മൊത്തം തുകയുടെ 26 ശതമാനം എത്തിയത് ബംഗളുരുവില്‍

Dhanam News Desk

യുദ്ധങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടും ജീവിതകാലം കൊണ്ട് സ്വരൂപിച്ചുണ്ടാക്കിയ സ്വത്ത് നശിച്ചും വിനാശത്തിന്റെ ചിത്രമാണ് യുദ്ധഭൂമികള്‍ വരക്കുന്നത്. എന്നാല്‍ യുദ്ധം കൊണ്ട് അഭിവൃദ്ധി നേടുന്നവരുമുണ്ട്. ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരാണത്. വന്‍കിട കമ്പനികള്‍, ഇടനിലക്കാര്‍, ചെറുകിട സ്റ്റാര്‍ട്ടപുകള്‍ തുടങ്ങി ആ ശൃംഖല ഏറെ വലുതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ ടെക് സ്റ്റാര്‍ട്ടപുകള്‍ക്ക് അനുഗ്രഹമായി മാറുകയാണ്. ഇത്തരം കമ്പനികള്‍ക്ക് പണം വാരികൊടുക്കാന്‍ ഫണ്ടിംഗ് ഏജന്‍സികളും മുന്നോട്ടു വരുന്നു.

ഓപ്പറേഷന്‍ സിന്ദൂരും സ്റ്റാര്‍ട്ടപ്പുകളും

കഴിഞ്ഞ മാസം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപുകള്‍ ഫണ്ടിംഗ് ഏജന്‍സികളുടെ ശ്രദ്ധയിലേക്ക് കൂടുതലായി എത്തുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ച ഡ്രോണുകള്‍ നിര്‍മിച്ച കമ്പനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് 10 കോടി ഡോളറിന്റെ ഫണ്ടിംഗാണ്. റാഫ് എംഫിബര്‍ എന്ന കമ്പനിയുടെ പുതിയ ഗവേഷണ പദ്ധതിയിലേക്കുള്ള ഫണ്ട് എത്തിയത് ജനറല്‍ കാറ്റലിസ്റ്റ് വഴി. 2016 ല്‍ ആരംഭിച്ച കമ്പനി പ്രധാനമായും യുദ്ധമുഖത്തെ നിരീക്ഷണ, ആക്രമണ ഉപകരണങ്ങളുടെ ടെക്‌നോളജിയിലാണ് ശ്രദ്ധയൂന്നുന്നത്. എയറോസ്‌പേസ് എഞ്ചിനീയറിംഗില്‍ ഉന്നത പഠനം നടത്തിയിട്ടുള്ള വികാസ് മിശ്ര, വിവേക് മിശ്ര എന്നിവരാണ് കമ്പനിയുടെ സാരഥികള്‍. വിവിധ കാലാവസ്ഥകളില്‍ നിരീക്ഷണത്തിനും ആയുധങ്ങള്‍ വഹിക്കുന്നതിനും ശേഷിയുള്ള 10 തരം ഡ്രോണുകളാണ് കമ്പനി നിര്‍മിക്കുന്നത്.

ഫണ്ടിംഗില്‍ ഇന്ത്യ മൂന്നാമത്

ലോകത്ത് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ ട്രാക്‌സന്‍ നടത്തിയ പഠനത്തില്‍ 480 കോടി ഡോളറാണ് ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് 2025 ല്‍ ലഭിച്ച ഫണ്ടിംഗ്. എന്നാല്‍ ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് 25 ശതമാനം കുറവാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നത് യു.കെ, യു.എസ് എന്നിവിടങ്ങളിലെ കമ്പനികള്‍ക്കാണ്. നേരത്തെ ജര്‍മനി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഈ രംഗത്ത് ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ദീര്‍ഘകാലത്തേക്ക് വളരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഫണ്ടിംഗ് ഏജന്‍സികള്‍ മുന്നോട്ടു വരുന്നത്.

ബംഗളുരു മുന്നില്‍

ഇന്ത്യയില്‍ ടെക് സ്റ്റാര്‍ട്ടപ്പ് ഫണ്ട് ലഭിക്കുന്ന കമ്പനികളില്‍ അധികവും ബംഗളുരുവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ കമ്പനികള്‍ക്ക് ലഭിച്ച മൊത്തം തുകയുടെ 26 ശതമാനം എത്തിയത് ഇവിടെയാണ്. 25 ശതമാനം ഫണ്ട് ലഭിച്ച ഡല്‍ഹി എന്‍.സി.ആര്‍ ആണ് രണ്ടാം സ്ഥാനത്ത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡല്‍ഹിയിലും സ്റ്റാര്‍ട്ടപുകള്‍ വളര്‍ച്ച നേടുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT