ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംവിധാനത്തില്‍ തിരിച്ചടികളുടെ വര്‍ഷങ്ങളായിരുന്നു കോവിഡിനുശേഷമുള്ള കാലഘട്ടം. ഫണ്ടിംഗ് തടസപ്പെട്ടതും ലഭിച്ച തുടക്കം മുതലാക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെട്ടതും ക്ഷീണമായി. ബൈജൂസ് അടക്കം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലുടെ വളര്‍ന്നുവന്ന കമ്പനികളുടെ വീഴ്ച ഫണ്ടിംഗ് ഇടിയാന്‍ കാരണമായി.
ആഗോള തലത്തിലും ഇതേ പ്രവണതയാണ് തുടരുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ യുഎസില്‍ പിരിച്ചുവിടല്‍ റെക്കോഡ് തലത്തിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പിരിച്ചുവിടല്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. 2025ല്‍ ഇതുവരെ 4,282 പേരെയാണ് വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ ഒഴിവാക്കിയത്. 25 കമ്പനികളില്‍ നിന്നാണിത്. യു.എസാണ് ഒന്നാം സ്ഥാനത്ത്. 76,907 ജീവനക്കാരെയാണ് യുഎസിലെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ 2025ല്‍ ഒഴിവാക്കിയത്.
ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതാണ് പിരിച്ചുവിടലിന്റെ എണ്ണം കൂടാന്‍ കാരണം. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പിരിച്ചുവിടല്‍ കുറഞ്ഞിട്ടുണ്ട്. 2024ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ 5,395 പേരെ ഒഴിവാക്കിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പിരിച്ചുവിടലില്‍ 64 ശതമാനം കുറവുണ്ട്.
2021ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 4,080 പേരെ പിരിച്ചുവിട്ടപ്പോള്‍ 2022ലിത് 14,237 പേരായി വര്‍ധിച്ചു. 14,978ലേക്ക് 2023ല്‍ ഇത് ഉയരുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ സാമ്പത്തികഭദ്രത നേടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലാണ് പിരിച്ചുവിടല്‍ കൂടുതല്‍ സംഭവിച്ചത്. ബെംഗളൂരു ആസ്ഥാനമായ കമ്പനികളില്‍ നിന്നാണ് ആകെ പിരിച്ചുവിടലിന്റെ 52 ശതമാനവും (2,247 പേരെ). മുംബൈ (13.5%), ന്യൂഡല്‍ഹി (12.5%), ഹൈദരാബാദ് (11.7%) എന്നിവിടങ്ങളാണ് പിരിച്ചുവിടലില്‍ ബെംഗളൂരുവിന് പിന്നിലുള്ളത്.
2022ലും 2023ലും എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് പിരിച്ചുവിടലിന്റെ ഭൂരിഭാഗവും സംഭവിച്ചത്. കോവിഡ് കാലത്തെ വളര്‍ച്ചയും വരുമാനവും നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതാണ് ഇത്തരം കമ്പനികള്‍ക്ക് തിരിച്ചടിയായത്. വൈദ്യുത ഇരുചക്ര വാഹന കമ്പനിയായ ഒല ഇലക്ട്രിക് ഈ വര്‍ഷം പിരിച്ചുവിട്ടത് 1,000 പേരെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine