ജൂബി ജോസ്, നിയുക്ത കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ 
Startup

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുതിയ സാരഥി; ജൂബി ജോസ് സിഇഒ, നിയമനം മൂന്ന് വര്‍ഷത്തേക്ക്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സിഇഒ സ്ഥാനത്തേക്ക് 253 അപേക്ഷകളാണ് ലഭിച്ചത്

Dhanam News Desk

യുവാക്കളെ സംരംഭകത്വത്തിലേക്ക് നയിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (KSUM) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ജൂബി ജോസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അടുത്ത മാസം ജൂബി ജോസ് ചുമതലയേല്‍ക്കും.

നിലവിലെ സിഇഒ അനൂപ് അംബികയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2022 ജൂണിലാണ് അനൂപ് അംബികയെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സിഇഒയായി നിയമിച്ചത്.

പിന്നീട് 2025 ജൂലൈയില്‍ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്ന് അനൂപ് അംബിക അറിയിച്ചതോടെയാണ് പുതിയ സിഇഒയുടെ വരവിന് കളമൊരുങ്ങിയത്.

253 അപേക്ഷകരില്‍ നിന്ന് ജൂബി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സിഇഒ സ്ഥാനത്തേക്ക് 253 അപേക്ഷകളാണ് ലഭിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് 13 പേരെ അഭിമുഖത്തിനായി തിരഞ്ഞെടുത്തു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇന്റര്‍വ്യൂ കമ്മിറ്റി നടത്തിയ അഭിമുഖത്തില്‍ 12 പേരാണ് പങ്കെടുത്തത്. ഇവരുടെ പ്രകടനം വിലയിരുത്തി മൂന്ന് പേരുടെ റാങ്ക് പട്ടിക തയാറാക്കി. ജൂബി ജോസിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. കാര്‍ത്തിക് പരശുരാം ബാലകൃഷ്ണന്‍ രണ്ടാം സ്ഥാനത്തും സന്തോഷ് സി.സി മൂന്നാം സ്ഥാനത്തുമെത്തി.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വികസനത്തിനും പുതിയ സംരംഭങ്ങള്‍ക്കുള്ള പിന്തുണാ സംവിധാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT