Startup

കേരള അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ₹2 കോടി ഗ്രാന്റ്; മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ ആഗോള വിപണി ലക്ഷ്യമിട്ട് സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ആര്‍.കെ.വി.വൈ-റഫ്താര്‍ പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ വഴിയാണ് ധനസഹായം നല്‍കുന്നത്.

Dhanam News Desk

കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിച്ച് കേരളത്തെ ആഗോള അഗ്രി-ബിസിനസ് ഭൂപടത്തില്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 19 അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2 കോടി ഗ്രാന്റ് അനുവദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ആര്‍.കെ.വി.വൈ-റഫ്താര്‍ പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ വഴിയാണ് ധനസഹായം നല്‍കുന്നത്.

ആദ്യഘട്ടത്തില്‍ യോഗ്യത നേടിയ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. മൂല്യവര്‍ധന, ശാസ്ത്രീയ സംസ്‌കരണം, ഗുണനിലവാരം, ബ്രാന്‍ഡിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാല്‍ അന്താരാഷ്ട്ര കാര്‍ഷിക വിപണിയില്‍ കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകുമെന്ന് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി ടി. സിദ്ധീഖ് പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും കയറ്റുമതി ലക്ഷ്യമിട്ടുള്ള അഗ്രി-ബിസിനസ് സംരംഭങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതി സാധ്യതയുള്ള നൂതന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ യുവ സംരംഭകര്‍ മുന്നോട്ടുവരണമെന്നും സാങ്കേതികവിദ്യ അധിഷ്ഠിത അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കേരളത്തിലെ അഗ്രി-സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന നിരവധി പുതുമയുള്ള ആശയങ്ങള്‍ക്കാണ് പദ്ധതിയിലൂടെ പിന്തുണ ലഭിക്കുന്നതെന്ന് അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ മേധാവി ഡോ. കെ.പി. സുധീര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഒരു മാസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടിക്കും തുടക്കമിട്ടു.

ബിസിനസ് പ്ലാനിംഗ്, മൂല്യവര്‍ധിത ഉല്‍പന്ന വികസനം, സാമ്പത്തിക മാനേജ്‌മെന്റ്, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റ് ആക്സസ്, സാങ്കേതികവിദ്യയുടെ വാണിജ്യവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും.

Kerala has sanctioned ₹2 crore in grants for 19 agri startups under the PM-RKVY RAFTAAR scheme to promote value-added agricultural products and export-oriented businesses
SCROLL FOR NEXT