Image : Canva 
Startup

സ്വകാര്യ ഇക്വിറ്റി നിക്ഷേപമൊഴുക്ക് കുറഞ്ഞിട്ടും നേട്ടം കുറിച്ച് ഈ മലയാളിക്കമ്പനി

2023ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ 61% ഇടിവ്

Dhanam News Desk

ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള സ്വകാര്യ ഓഹരി (പ്രൈവറ്റ് ഇക്വിറ്റി/Private Equity/PE) നിക്ഷേപം 61 ശതമാനം ഇടിഞ്ഞ് 610 കോടി ഡോളറിലെത്തിയെന്ന് (31,720 കോടി രൂപ) ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന് കീഴിലെ ധനകാര്യ നിക്ഷേപ ഗവേഷണ സ്ഥാപനമായ റെഫിനിറ്റീവിന്റെ (Refinitiv) റിപ്പോര്‍ട്ട്. 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപവുമാണിത്.

തിളങ്ങി ഫ്രഷ് ടു ഹോമും

ഈ വര്‍ഷം ആദ്യ പകുതിയിലെത്തിയ മൊത്തം പി.ഇ നിക്ഷേപമായ 610 കോടി ഡോളറില്‍ 204 കോടി ഡോളറും (17,220 കോടി രൂപ) നേടിയത്  കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ ആന്‍ഡ് യൂട്ടിലിറ്റീസ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളാണ്.

ഇതില്‍ 100 കോടി ഡോളര്‍ (8,200 കോടി രൂപ) നിക്ഷേപവും സ്വന്തമാക്കിയത് അവാദാ വെഞ്ച്വേഴ്‌സ് (Avaada Ventures) ആണ്. ലെന്‍സ്‌കാര്‍ട്ട് സൊല്യൂഷന്‍സ് (60 കോടി ഡോളര്‍), ഒല ഇലക്ട്രിക് (30 കോടി ഡോളര്‍), സെറന്‍ടിക റിന്യൂവബിള്‍സ് (25 കോടി ഡോളര്‍), ഗിര്‍നാര്‍ ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സും സോന പ്രിസിഷന്‍ ഫോര്‍ജിന്‍സും (14.9 കോടി ഡോളര്‍ വീതം), ബയോകോണ്‍ (12.92 കോടി ഡോളര്‍), മിന്റിഫൈ (11 കോടി ഡോളര്‍), ഫ്രഷ് ടു ഹോം (10.4 കോടി ഡോളര്‍), ഫിന്നൊവേഷന്‍ ടെക്, ഫോണ്‍പേ, സെറ്റ്‌വെർക്ക് മാനുഫാക്ചറിംഗ് (10 കോടി ഡോളര്‍ വീതം) എന്നിവയാണ് ഏറ്റവുമധികം നിക്ഷേപം നേടി യഥാക്രമം മുന്നിലെത്തിയ മറ്റ് കമ്പനികള്‍.

മലയാളിക്കമ്പനി

10.4 കോടി ഡോളറാണ് (ഏകദേശം 852 കോടി രൂപ) ഫ്രഷ് ടു ഹോം (Fresh to Home) സമാഹരിച്ചത്. ആമസോണിന് കീഴിലെ ആമസോണ്‍ സംഭവ് വെഞ്ച്വേഴ്‌സ് ഫണ്ടില്‍ നിന്നുള്‍പ്പെടെയുള്ള നിക്ഷേപമാണിത്.

മലയാളികളായ ഷാന്‍ കടവില്‍, മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് 2015ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് ഫ്രഷ് ടു ഹോം. ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ മീന്‍ വില്‍പന പ്ലാറ്റ്‌ഫോമാണിത്. നിലവില്‍ മത്സ്യ, മത്സ്യോല്‍പന്നങ്ങള്‍ക്ക് പുറമേ മാംസോല്‍പന്നങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറി, പലചരക്ക് തുടങ്ങിയവയും ഫ്രഷ് ടു ഹോം വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലും യു.എ.ഇയിലുമായി 160 നഗരങ്ങളില്‍ സാന്നിദ്ധ്യമുണ്ട്.

എന്താണ് പ്രൈവറ്റ് ഇക്വിറ്റി?

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നടക്കുന്ന ഓഹരി നിക്ഷേപങ്ങളാണിവ. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളാണ് പ്രധാനമായും ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT