AI Generated Image Chatgpt, Canva
Startup

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ സംരംഭങ്ങളാകും, എല്ലാ ജില്ലയിലും ₹4 കോടി വീതം ചെലവില്‍ ഫ്രീഡം സ്‌ക്വയര്‍ വരുന്നു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് 4ല്‍ തുടങ്ങും

Dhanam News Desk

പഠനകാലത്ത് തന്നെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം അറിവ് പങ്കിടാനും ടെക് പ്രോജക്ടുകളില്‍ സഹകരിക്കാനും സംരംഭക ആശയങ്ങള്‍ വളര്‍ത്തിയടുക്കാനുമായി ഫ്രീഡം സ്‌ക്വയര്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോപാര്‍ക്ക് ഫേസ് 4ലുള്ള വിനോദസഞ്ചാര വകുപ്പിന്റെ രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓരോ കേന്ദ്രത്തിനും നാല് കോടി രൂപയോളമാണ് ചെലവാകുന്നത്.

ആപ്പിള്‍ മാതൃക

കാലിഫോര്‍ണിയയിലെ ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡ് ഓഫീസ് മാതൃകയിലാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള മൂലധനവും പ്രവര്‍ത്തന ചെലവും സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വരൂപിക്കാനാണ് ആലോചിക്കുന്നത്. സംരംഭകര്‍, ഇന്നോവേറ്റര്‍മാര്‍, അറിവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയര്‍ക്ക് ഒത്തുചേരാനുള്ള ഒരു കേന്ദ്രമായിരിക്കുമിത്. പുതിയ ആശയങ്ങള്‍ രൂപീകരിക്കാനുള്ള സൗകര്യങ്ങള്‍, അവ സംരംഭങ്ങളാക്കാനുള്ള സൗകര്യം, മെന്റര്‍ഷിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കും. പുതുതലമുറ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.

ടിങ്കര്‍ ലാബുകള്‍, മേക്കര്‍ സ്‌പേസുകള്‍, എക്സ്പിരിമെന്റ് സ്റ്റേഷനുകള്‍ എന്നിവയിലൂടെ പഠന കാലത്ത് തന്നെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുകയാണ് ഇവയുടെ ലക്ഷ്യം. ഈ കേന്ദ്രങ്ങളോട് ചേര്‍ന്ന് ഫുഡ് കോര്‍ട്ട്, ഗെയിമിംഗ് സോണുകള്‍, ആംഫി തിയറ്ററുകള്‍, വെല്‍നെസ് സെന്ററുകള്‍, ടോയ്‌ലെറ്റ് ഫെസിലിറ്റീസ് തുടങ്ങിയവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വനിതാ, ഭിന്നശേഷി സൗഹൃദമായി സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവുമുണ്ടാകും. ഫ്രീഡം സ്‌ക്വയറിലേക്കുള്ള പ്രവേശനം സൗജന്യമാണോ അതോ ഫീസ് ഈടാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT