Interval Team 
Startup

മലപ്പുറത്തെ 'ഇന്റര്‍വെല്‍' ഇന്ന് ഇന്ത്യയുടെ താരം, കൈയടിച്ച് നിര്‍മല സീതാരാമനും ഫിന്‍ലന്‍ഡും

ഇടവേളകളില്ലാതെ ഈ ചെറുപ്പക്കാര്‍ നടന്നടുത്തത് പുതിയ വിജയത്തിലേക്ക്

Rakhi Parvathy

മലപ്പുറം അരീക്കോട്ട് നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിന്‍ലന്‍ഡിലെ സ്റ്റാര്‍ട്ടപ്പ് സംഗമത്തിലെത്തിയ ഇവരെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തി.

ഫിന്‍ലന്‍ഡ് സര്‍ക്കാരിന് കീഴില്‍ നടന്ന 'ഗ്ലോബല്‍ എക്‌സ്പീരിയന്‍സ് ടാംപെരെ' ടാലന്റ് ബൂസ്റ്റ് സംഗമം അവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമേകുന്ന പരിപാടിയാണ്. അതിന് ലോകമെമ്പാടു നിന്നും തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളെ അണി നിരത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് 'ഇന്റര്‍വെല്‍' ടീം മാത്രം. 2024 ജൂലൈയില്‍ ഫിന്‍ലന്‍ഡിനായി അവര്‍ സ്‌കൂൾ കരിക്കുലം തയ്യാറാക്കി തുടങ്ങും. മലപ്പുറം അരീക്കോട് നിന്നും ഫിന്‍ലാന്‍ഡിലെത്തിയ ആ അഞ്ച് മിടുക്കന്മാര്‍ ഇവിടെയുണ്ട്.

പരാജയത്തിന്റെ കയ്പും സൗഹൃദത്തിന്റെ മധുരവും

അടുത്തടുത്ത വര്‍ഷങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സനഫീര്‍ എന്ന ചെറുപ്പക്കാരനും കൂട്ടുകാരായ റമീസ് അലി, ഷിബിലി അമീന്‍, അസ്‌ലഹ്, നാജിം ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആരംഭിച്ച സംരംഭം കുട്ടികള്‍ക്ക്  ട്യൂഷന്‍ നല്‍കുന്ന സാധാരണ ഓഫ്‌ലൈന്‍ സംവിധാനം മാത്രമായിരുന്നു. ആദ്യാക്ഷരങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍, ഇതായിരുന്നു ലക്ഷ്യം. എന്നാല്‍ കുട്ടികള്‍ കുറവായതിനാല്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.

ട്യൂഷനു ചേര്‍ന്ന കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുന്നുണ്ടെന്ന മാതാപിതാക്കളുടെ വാക്കുകള്‍ ഇവര്‍ക്ക് ആശ്വാസം പകര്‍ന്നു. ഇതോടെ രാമനാട്ടുകരയിലും മഞ്ചേരിയിലും കൂടി ട്യൂഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് സംരംഭം വിപുലമാക്കാന്‍ ഇവര്‍ തീരുമാനിച്ചു. എന്നാല്‍ കോവിഡ് വന്നപ്പോള്‍ ഇതും പ്രതിസന്ധിയിലായി. 13 ലക്ഷം രൂപ കടവും സംരംഭമെന്ന സ്വപ്‌നവും മാത്രം ബാക്കി. എന്നാൽ ചങ്കായി നിന്ന കൂട്ടുകാർ തളർന്നില്ല. 

പരാജയം വെല്ലുവിളിയായി കണ്ട് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ 'സൂം' വഴി പേഴ്‌സണല്‍ കോച്ചിംഗ് നല്‍കാന്‍  തീരുമാനിച്ചു. നിലവിലുള്ള സ്റ്റഡി ആപ്പുകള്‍ വിലയിരുത്തി പോരായ്മകള്‍ കണ്ടു പിടിച്ചു. ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ അധ്യാപകന്‍ എന്ന രീതി  അത് വരെയുണ്ടായിരുന്ന ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളില്‍ നിന്നും ഇന്റര്‍വെല്ലിനെ വ്യത്യസ്തരാക്കി. മനഃശാസ്ത്രപരമായി അവര്‍ കുട്ടികളുടെ അഭിരുചിയും ബുദ്ധിമുട്ടുകളും മനസ്സിലാക്കി കോച്ചിംഗ് നല്‍കാന്‍ തുടങ്ങി.

മെല്ലെ വിജയത്തിലേക്ക്

വാടക പോലും നല്കാനില്ലാതെ കഷ്ടപ്പെട്ട ഇന്റര്‍വെല്‍ ടീം മെല്ലെ ലോകമെമ്പാടുമുള്ള കുടുംബങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. ഈ ട്യൂഷന്‍ ആപ്പിന് ഇന്ന് 30 രാജ്യങ്ങളില്‍ പ്രാതിനിധ്യമുണ്ട്. 30,000 ചതുരശ്ര അടി കെട്ടിടത്തില്‍ 234 മുഴുവന്‍ സമയ അധ്യാപകര്‍ ഇന്റര്‍വെല്ലിനായി പ്രവര്‍ത്തിക്കുന്നു.

പാര്‍ട്ട്‌ടൈം അധ്യാപകരും ഫുള്‍ടൈം അധ്യാപകരും ചേര്‍ന്ന് ടീമില്‍ 4,400 പേരുണ്ട്. രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെയുള്ള ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പഠന സമയം കണ്ടെത്താം. ഓരോ കുട്ടിക്കും സംശയ നിവാരണത്തിനും പഠനത്തിനും വീട്ടിലെത്തുന്ന ടീച്ചറെ പോലെ ഇന്റര്‍വെല്ലിന്റെ അധ്യാപകര്‍ ഓണ്‍ലൈനിലെത്തുന്നു.

പല വമ്പന്മാരും നിറഞ്ഞ മത്സര വേദിയില്‍ വ്യത്യസ്തതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ കഴിയുന്നത് കൊണ്ടാണ് ഇന്റര്‍വെല്‍ ടീം അടുത്ത തലത്തിലേക്ക് കടക്കുന്നതെന്ന് സനാഫീര്‍ പറയുന്നു. ജി.സി.സി രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള പഠന പ്ലാറ്റ്‌ഫോമിന്റെ ആപ്പ് ട്രയല്‍ റണ്‍ നടത്തിവരികയാണ്. ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും സനാഫീര്‍ പറയുന്നു. ''വിജയം പെട്ടെന്നുണ്ടായതല്ല, അതിനാല്‍ തന്നെ പതിയെ പഠിച്ച് മുന്നേറുന്നതില്‍ വിശ്വസിക്കുന്നു, അതാണ് ഇന്റര്‍വെല്ലിന്റെ പോളിസിയും'' ഈ കൂട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT