രാജ്യത്തെ ഇ കോമേഴ്‌സ് സേവനങ്ങളുടെ ഗുണനിലവാരത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര വാണിജ്യ,വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയല്‍. പണക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഡെലിവെറി ഏജന്റുമാരായി തൊഴില്‍രഹിതരായ യുവാക്കളെ മാറ്റുകയാണ് ഡെലിവറി ആപ്പുകള്‍ ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഫുഡ് ഡെലിവറി രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി മന്ത്രി പറഞ്ഞു. ഡീപ് ടെക് രംഗത്ത് 1,000 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉള്ളത് എന്നത് നിരാശാജനകമാണ്. ഇ-കോമേഴ്‌സിനും സേവനങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ കമ്പനികള്‍ വളരണം.
ചൈനയില്‍ ഇലക്ട്രിക് മൊബിലിറ്റിയിലും ബാറ്ററി ടെക്‌നോളജിയിലും മറ്റുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും ഭക്ഷണമെത്തിക്കുന്നതിലാണ് ശ്രദ്ധ. യുവാക്കളെ കുറഞ്ഞ ശമ്പളക്കാരാക്കാനും ധനികരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയാനും മാത്രമാണ് ഇത് സഹായിക്കുന്നത്. മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമുണ്ടെങ്കിലും ഏറ്റവും മികച്ച സംവിധാനങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. പുതിയ മേഖലകളിലേക്ക് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ചിന്തിക്കണം. ദീര്‍ഘകാല ബിസിനസ് മോഡലുകളാണ് ആവശ്യം. ടെക്‌നോളജി രംഗത്ത് ആഗോള നേതൃത്വം സ്വന്തമാക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയേണ്ടതുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine