കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) ഫീനിക്സ് എയ്ഞ്ചല്‍സും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് 2022 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍- പ്രോഫിറ്റ് നിക്ഷേപ ശൃംഖലയാണ് ഫിനിക്സ് ഏഞ്ചല്‍സ്.
ജോ രഞ്ജി (ഡബിള്‍ ഹോഴ്‌സ് ഫുഡ്‌സ്), ഷിറാജ് ജേക്കബ് (എസ്ആര്‍ആര്‍ ക്യാപിറ്റല്‍), ഹരികൃഷ്ണന്‍ വി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) എന്നിവര്‍ പ്രൊമോട്ടര്‍മാരായ കമ്പനിയാണ് ഫിനിക്‌സ് എയ്ഞ്ചല്‍സ്.
ഫണ്ടിംഗ്, മെന്ററിംഗ്, മാര്‍ക്കറ്റ് ആക്സസ് എന്നീ സേവനങ്ങള്‍ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും നല്‍കുന്ന കമ്പനിയാണിത്. സ്റ്റാര്‍ട്ടപ്പുകളെ തങ്ങളുടെ ഇത്തരം സേവനങ്ങളിലൂടെ ബന്ധിപ്പിച്ചു നിര്‍ത്താനും അവര്‍ക്ക് പിന്തുണയേകാനും കമ്പനിക്ക് കഴിയുന്നു.സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 5 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇന്നത്തെ സംരംഭകര്‍ക്ക് സാമ്പത്തിക മൂലധനം മാത്രമല്ല, വര്‍ഷങ്ങളുടെ വ്യവസായ അറിവില്‍ നിന്നും അനുഭവത്തില്‍ നിന്നും ലഭിക്കുന്ന അനുഭവ മൂലധനവും ആവശ്യമാണെന്ന് സ്ഥാപകനായ ഷിറാജ് ജേക്കബ് പറയുന്നു, നിത്യ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഉറപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് തങ്ങള്‍ നിക്ഷേപ പിന്തുണ നല്‍കുന്നതെന്ന് ജോ രഞ്ജി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine