Startup

മരം വാടകയ്ക്ക്, മാമ്പഴം വീട്ടിലേക്ക്, ശ്രദ്ധനേടി മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്; അറിയാം ഉമേഷിന്റെ വ്യത്യസ്ത സംരംഭത്തെ

മാവ് വാടകയ്ക്ക് എടുത്ത് സീസണിലുടനീളം മാമ്പഴം വീട്ടിലെത്തിക്കുന്ന ‘റെന്റ് എ ട്രീ’ സ്റ്റാര്‍ട്ടപ്പിലൂടെ ശ്രദ്ധനേടി കോട്ടയം സ്വദേശി ഉമേഷ് ദാമോദരന്‍. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ നേട്ടമാകുന്ന മോഡലാണ് പദ്ധതി

Lijo MG

ബെംഗളൂരുവില്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തുകയായിരുന്നു കോട്ടയം സ്വദേശിയായ ഉമേഷ് ദാമോദരന്‍. തുടര്‍ച്ചയായ യാത്രകളായിരുന്നു ഉമേഷിന് ആ സമയത്ത് ചെയ്യേണ്ടിയിരുന്നത്. അങ്ങനെയൊരു യാത്രയ്ക്കിടയില്‍ തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് കുറച്ച് അല്‍ഫോന്‍സ മാമ്പഴം വാങ്ങി സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്കി.

മാമ്പഴം ഇഷ്ടപ്പെട്ട സുഹൃത്തുക്കളിലൊരാള്‍ അടുത്ത തവണയും തനിക്കീ മാമ്പഴം സ്ഥിരമായി കൊണ്ടുവന്ന് തരാമോയെന്ന് ചോദിച്ചു. അവളുടെ ആവശ്യം ഉമേഷിനെ ചിന്തിപ്പിച്ചു. എന്തുകൊണ്ട് ഇതൊരു പുതിയ ബിസിനസ് ആശയമാക്കി മാറ്റിക്കൂടെന്ന ആലോചനയില്‍ നിന്ന് പുതിയൊരു സ്റ്റാര്‍ട്ടപ്പിന് വിത്തുപാകപ്പെട്ടു.

'റെന്റ് എ ട്രീ' എന്ന സ്റ്റാര്‍ട്ടപ്പിന്റെ തുടക്കമായിരുന്നു അത്. rentatree.in എന്ന വെബ്‌സൈറ്റിലൂടെ ഇന്ത്യയിലുള്ള ആര്‍ക്കും മാവ് വാടകയ്ക്ക് എടുക്കാം. വെബ്‌സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങി ഇഷ്ടത്തിന് അനുസരിച്ച് മരങ്ങള്‍ ബുക്ക് ചെയ്യാം.

അടിസ്ഥാന പാക്കേജിന്റെ വില 10,300 രൂപയാണ്. ഇതില്‍ നിന്ന് 30 മുതല്‍ 50 കിലോ വരെ മാമ്പഴം ലഭിക്കുമെന്ന് ഉമേഷ് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് പാക്കേജില്‍ 45 മുതല്‍ 75 കിലോ വരെയാണ് ലഭിക്കുക. അടുത്ത മാമ്പഴ സീസണിലേക്കുള്ള മരങ്ങള്‍ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യണം.

എല്ലാം ഹൈടെക്

മാസത്തില്‍ നാലുതവണ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ വാടകയ്ക്ക് എടുത്ത മാവിന്റെ വിവരങ്ങള്‍ ചിത്രങ്ങളായും വീഡിയോ ആയും പങ്കുവയ്ക്കും. വിളവെടുപ്പ് കാലത്ത് കസ്റ്റമേഴ്‌സിന് തങ്ങളുടെ മരങ്ങള്‍ തോട്ടത്തിലെത്തി സന്ദര്‍ശിക്കാനും അവസരമുണ്ട്.

മഹാരാഷ്ട്രയിലെ രത്‌നഗിരി, തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍, പാലക്കാട് എന്നിവിടങ്ങളിലായി നിലവില്‍ 250 ഏക്കറോളം മാവിന്‍തോട്ടം റെന്റ് എ ട്രീയുടെ പരിചരണത്തിലാണ്. സീസണില്‍ നാലു മാസവും മാമ്പഴം ഉപയോക്താക്കളിലേക്ക് എത്തും. പാലക്കാട് ഫെബ്രുവരിയോടെ മാങ്ങ പാകമായി തുടങ്ങും. തമിഴ്‌നാട്ടിലെ തോട്ടങ്ങളില്‍ ജൂണ്‍ വരെ മാമ്പഴം ലഭ്യമാണ്.

ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിളവെടുക്കും. കസ്റ്റമേഴ്‌സിന് കൊറിയറായി മാമ്പഴം എത്തിച്ചു നല്കും. 75 ശതമാനം പാകമാകുമ്പോഴാണ് മാങ്ങ പറിക്കുന്നത്. ഉപയോക്താവിന്റെ അടുത്ത് എത്തുമ്പോഴേക്കും മാങ്ങ പഴുത്തിരിക്കും. യാതൊരുവിധ രാസവസ്തുക്കളും ചേര്‍ക്കാതെയാണ് പഴുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഹനികരമല്ല.

അടുത്ത സീസണിലേക്കായി ഇതുവരെ 200ലേറ പേര്‍ റെന്റ് എ ട്രീയില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം 300 മരങ്ങളാണ് വാടകയ്ക്ക് നല്കുന്നത്. മരങ്ങള്‍ക്ക് വാടകയ്ക്ക് നല്കുന്നതിനൊപ്പം ആവശ്യക്കാര്‍ക്ക് മാമ്പഴം എത്തിച്ചു നല്കുന്ന സ്‌കീമും ഉമേഷിന്റെ സ്റ്റാര്‍ട്ടപ്പിനുണ്ട്.

കര്‍ഷകരില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്താണ് റെന്റ് എ ട്രീയുടെ പ്രവര്‍ത്തനം. പ്രാദേശിക തൊഴിലാളികളെ വച്ചാണ് തോട്ടങ്ങള്‍ പരിപാലിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ കര്‍ഷകര്‍ക്ക് റെന്റ് എ ട്രീയുടെ സാന്നിധ്യം സഹായിക്കുന്നു. കൃഷിയുടെ ആദ്യഘട്ടം മുതല്‍ കര്‍ഷകര്‍ക്ക് മുന്‍കൂറായി പണം ലഭിക്കുന്നതിനാല്‍ പരിപാലനം മുതല്‍ വിളവെടുപ്പ് വരെ പ്രതിസന്ധിയില്ലാതെ നടത്താന്‍ സാധിക്കുന്നു.

നിക്ഷേപം 50 ലക്ഷം രൂപ

ഇതുവരെ 50 ലക്ഷം രൂപ റെന്റ് എ ട്രീയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഉമേഷ് പറയുന്നു. നിലവില്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണ് സാമ്പത്തികമായി നിക്ഷേപം നടത്തിയിട്ടുള്ളത്. അടുത്ത വര്‍ഷം 500 ഏക്കറിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കൃഷിക്കാരെ സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാക്കുന്ന പാര്‍ട്ണര്‍ ഫാം സംവിധാനവും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഇത്തവണ മാമ്പഴ വിതരണത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. കൊറിയര്‍ കമ്പനിയുടെ ഭാഗത്തുനിന്നും കൃത്യസമയത്ത് വിതരണം നടത്തുന്നതില്‍ തടസം നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ ഓരോ സംസ്ഥാനത്തും കമ്പനിയുടെ നേതൃത്വത്തില്‍ കളക്ഷന്‍ പോയിന്റ് സജ്ജമാക്കും. ഇതുവഴി വിതരണശൃംഖല കാര്യക്ഷമമാക്കാമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT