Startup

ഫോബ്‌സ് ഏഷ്യ ലിസ്റ്റില്‍ ഇടം നേടി മലയാളിയായ സഞ്ജു സോണി കുര്യന്‍

ക്രിപ്‌റ്റോ സേവനങ്ങള്‍ നല്‍കുന്ന വോള്‍ഡിന്റെ സഹസ്ഥാപകനും സിടിഒയുമായ മാവേലിക്കര സ്വദേശി സഞ്ജു 'ഫോബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ' ലിസ്റ്റില്‍

Dhanam News Desk

ഫോബ്‌സിന്റെ 30 വയസിന് താഴെയുള്ള സംരംഭകരുടെ പട്ടികയില്‍ ഇടംനേടി മലയാളിയായ സഞ്ജു സോണി കുര്യന്‍(28). ക്രിപ്‌റ്റോ നിക്ഷേപം, എക്‌സ്‌ചേഞ്ച് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് വോള്‍ഡിന്റെ് സഹസ്ഥാപകനും സിടിഒയുമാണ് മാവേലിക്കര സ്വദേശിയായ സഞ്ജു. 2018ല്‍ ആണ് സിംഗപൂര്‍ ആസ്ഥാനമായി സഞ്ജുവും കോയമ്പത്തൂര്‍ സ്വദേശി ദര്‍ശന്‍ ബതീജയും ചേര്‍ന്ന് വോള്‍ഡ് സ്ഥാപിക്കുന്നത്.

ഫോബ്‌സിന്റെ ഫിനാന്‍സ് ആന്‍ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ വിഭാഗത്തിലാണ് സഞ്ജുവും ദര്‍ശന്‍ ബാതീജയും ഇടം നേടിയത്. ക്രിപ്‌റ്റോ കറന്‍സികളില്‍ വായ്പ എടുക്കാനുള്ള സൗകര്യം, നിക്ഷേപങ്ങള്‍ക്ക് പലിശ തുടങ്ങിയ സൗകര്യങ്ങളും വോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്. 190 രാജ്യങ്ങളില്‍ ഉപഭോക്താക്കളുള്ള വോള്‍ഡിന് ഒരു നിക്ഷേപകനില്‍ നിന്ന് ലഭിക്കുന്ന ശരാശരി നിക്ഷേപം 20,000 യുഎസ് ഡോളറാണ്. ആഗോള പേയ്‌മെന്റ് കമ്പനി പേപാലിന്റെ സ്ഥാപകന്‍ പീറ്റര്‍ തീലിന് ഉള്‍പ്പടെ നിക്ഷേപമുള്ള സ്ഥാപനമാണ് വോള്‍ഡ്.

ഫോബ്‌സിന്റെ 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റില്‍ 10 വിഭാഗങ്ങളിലായി 300 യുവ സംരംഭകര്‍ ആണ് ഇടം നേടിയത്. മൂപ്പത് വയിസിന് താഴെയുള്ളവരെ ആണ് പട്ടികയിലേക്ക് പരിഗണിക്കുക. ആര്‍ട്ട്‌സ് , എന്റര്‍ടെയിന്‍മെന്റ് & സ്‌പോര്‍ട്‌സ്, ഫിനാന്‍സ് & വെഞ്ച്വര്‍ ക്യാപിറ്റല്‍, മീഡിയ-മാര്‍ക്കറ്റിംഗ് & അഡ്വടൈസ്‌മെന്റ്, റീട്ടെയില്‍ & കൊമേഴ്‌സ്, എന്റര്‍പ്രൈസ് ടെക്‌നോളജി, ഇന്‍ഡസ്ട്രി, മാനുഫാക്ടറിംഗ് & എനര്‍ജി, ഹെല്‍ത്ത്‌കെയര്‍ &സയന്‍സ്, സോഷ്യല്‍ ഇംപാക്റ്റ് ആന്‍ഡ് കണ്‍സ്യൂമര്‍ ടെക്‌നോളജി എന്നിങ്ങനെയാണ് ഫോബ്‌സ് പരിഗണിക്കുന്ന 10 വിഭാഗങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT