Startup

നല്ല പ്രോഡക്ടുണ്ടെങ്കില്‍ ആളുകള്‍ തേടിവരുമോ? സംരംഭകര്‍ക്കുള്ള ലിങ്ക്ഡ്ഇന്‍ മോഡല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിന് പിന്നിലെ മലയാളി പറയുന്നു

ജെനെസിസ് സ്ഥാപകനും സി.ഇ.ഒയുമായ ഐജു ടി ബിജുവുമായുള്ള സ്റ്റാര്‍ട്ടപ്പ് ചിറ്റ്ചാറ്റ്

Dhanam News Desk

നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിലൂടെ പരിഹരിച്ച ഒരു പ്രശ്‌നം എന്താണ്? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍

സംരംഭകര്‍ക്ക് പിന്തുണ, ഫണ്ടിംഗ്, ഉപദേശം, യഥാര്‍ത്ഥ ബിസിനസ് അവസരം എന്നിവ ഒരിടത്ത് തന്നെ ലഭിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് ജെനെസിസ് (Genezez) നിര്‍മിച്ചത്.

എപ്പോഴാണ് ജെനെസിസ് എന്ന ആശയം ഉദിക്കുന്നത്? അതിന് ശേഷം ചെയ്ത ആദ്യ കാര്യം എന്താണ്?

ആശുപത്രിയില്‍ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ഭാര്യയും ഞാനും. ഭാര്യക്ക് ലിപ് ബാം വാങ്ങാനായി ഞാന്‍ അവിടുത്തെ സ്റ്റോറിലേക്ക് പോയി. പൈസ കൊടുക്കുമ്പോഴാണ് സ്റ്റാര്‍ട്ടപ്പ് ഔട്ട്‌പെര്‍ഫോമര്‍ എന്ന മാഗസിന്‍ എന്റെ ശ്രദ്ധയില്‍പെടുന്നത്. 100 രൂപയായിരുന്നു അതിന്റെ വില. അത് കയ്യിലെടുത്തപ്പോഴാണ് ഇത്തരമൊരു ആശയം എന്റെ ശ്രദ്ധയില്‍പെടുന്നത്. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വായിക്കാന്‍ ആളുകള്‍ പണം കൊടുക്കുന്നുണ്ട്. ആളുകള്‍ക്ക് ഇക്കാര്യത്തില്‍ ശരിയായ താത്പര്യം ഉണ്ടെന്നും എനിക്ക് മനസിലായി.

ലേബര്‍ റൂമിന് പുറത്ത് കാത്തിരിക്കുമ്പോഴും എന്റെ മനസില്‍ മുഴുവന്‍ ഇതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു. പിറ്റേന്ന്, നവംബര്‍ 16ന്, എന്റെ മകന്‍ പിറന്നു. ആ സന്തോഷത്തില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. സ്റ്റാര്‍ട്ടപ്പ് ലോകത്തെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് അപ്‌ഡേറ്റാകാനും പരസ്പരം ബന്ധപ്പെടാനും വളരാനും ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയാലോ എന്നായി അടുത്ത ചിന്ത.

അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഞാന്‍ അതുലിനെ വിളിച്ചു. അദ്ദേഹത്തോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ തന്നെ അതുലിന് കാര്യം മനസിലായി.വിജയത്തിന് കുറുക്കു വഴികളോ പണം കൊടുത്തുള്ള പരസ്യമോ വേണ്ടെന്നും കഠിനാധ്വാനമാണ് വഴിയെന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്നു. ആ നിമിഷമാണ് ജെനെസിസിലേക്ക് നയിച്ചത്. തുടങ്ങിയത് ചെറിയൊരു ആശയത്തില്‍ നിന്നാണ്.

തുടക്കകാലത്തെ ഫണ്ടിംഗ് എങ്ങനെയായിരുന്നു?

ഞങ്ങളുടെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വീകോഡ്‌ലൈഫിലെ (WeCodeLife) വരുമാനത്തില്‍ നിന്നായിരുന്നു ആദ്യ കാലത്ത് സാമ്പത്തികം കണ്ടെത്തിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നതോടെ ഞങ്ങള്‍ ഒരു പടികൂടി കടന്നു. 2024 ഒക്ടോബറില്‍ എം.വി.പി (മിനിമം വയബിള്‍ പ്രോഡക്ട്) പൂര്‍ത്തിയായപ്പോള്‍ എന്റെ കയ്യില്‍ ഒരു രൂപ പോലുമുണ്ടായിരുന്നില്ല. സ്റ്റാര്‍ട്ടപ്പ് കമ്പനിയെ പിടിച്ചുനിര്‍ത്താന്‍ കയ്യിലുണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ ഭാര്യ എനിക്ക് തന്നു. സാമ്പത്തികമായി ആവശ്യം വന്നപ്പോഴെല്ലാം പിതാവും പിന്തുണ തന്നു.

അഞ്ച് വര്‍ഷത്തെ സംരംഭക ജീവിതത്തില്‍ ഒരിക്കല്‍ പോലും പുറത്ത് നിന്നും ഫണ്ട് സ്വീകരിച്ചിട്ടില്ല. വലിയൊരു സംരംഭത്തിനാണ് തുടക്കമിടുന്നത്. ആഗോളതലത്തില്‍ സംരംഭകത്വത്തിന് കൂടുതല്‍ സ്വീകാര്യതയും സുതാര്യതയും മാനുഷിക മുഖവും നല്‍കാനാണ് ശ്രമം.

നിലവിലെ വരുമാന മോഡല്‍ എങ്ങനെയാണ്?

പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ മോഡലാണ് നിലവിലെ വരുമാന മാര്‍ഗം

വിജയിക്കുമെന്ന് കരുതി നടപ്പിലാക്കിയെങ്കിലും പരാജയപ്പെട്ട ഒരാശയം എന്താണ്?

ജെനെസിസ് തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത് കാര്യങ്ങള്‍ സ്വയമേ മെച്ചപ്പെടുമെന്നാണ്. സംരംഭകര്‍ സ്വയം ഇതിന്റെ ഭാഗമാകുമെന്നും സാധ്യത മനസിലാക്കിയ നിക്ഷേപകര്‍ സമീപിക്കുമെന്നുമായിരുന്നു കരുതിയത്. എന്നാല്‍ അടുത്തെങ്ങും അങ്ങനെയൊരു കാര്യം മാത്രം നടന്നില്ല.

ഇക്കാര്യം നടക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

മികച്ചൊരു കാര്യത്തിന് ജന്മം കൊടുത്തത് കൊണ്ടുമാത്രമായില്ലെന്ന് പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അതിനെക്കുറിച്ച് ആളുകളോട് പറയണം. ആരും കേള്‍ക്കാന്‍ ഇല്ലെങ്കിലും എല്ലാ ദിവസവും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

ബിസിനസില്‍ തെറ്റാണെന്ന് തെളിയിച്ച ഒരു മിത്ത് എന്താണ്?

മികച്ചൊരു ഉത്പന്നം നിര്‍മിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ ഉപയോക്താക്കളും നിക്ഷേപകരും തേടിയെത്തുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ശരിയായ മാര്‍ക്കറ്റിംഗിന്റെ അഭാവത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഉത്പന്നം പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നതാണ് സത്യം.

മികച്ചൊരു ഉത്പന്നത്തിന് അതിനൊപ്പം മികച്ച മാര്‍ക്കറ്റിംഗ് ആവശ്യമാണ്. ഇക്കാര്യം എത്രയും പെട്ടെന്ന് മനസിലാക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങളുടെ സംരംഭങ്ങള്‍ വളരും.

ആദ്യമായി കമ്പനിയിലേക്ക് നിയമിച്ചത് ആരെയാണ്. ടീമിന്റെ വലിപ്പം എന്താണ്? ജീവനക്കാരുടെ നിയമനകാര്യത്തില്‍ ലഭിച്ച മികച്ച പാഠം എന്താണ്?

സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കമ്പനിയായ വീകോഡ്‌ലൈഫില്‍ 16 പേരാണുള്ളത്. എന്നാല്‍ തുടക്കം മുതല്‍ ജെനെസിലുള്ളത് ഞങ്ങള്‍ ആറുപേരാണ്.

സോഫ്റ്റ്‌വെയര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഞങ്ങളെല്ലാവരും ജെനെസിസിന് പുറകേ പോകാന്‍ തീരുമാനിച്ചു. ശമ്പളത്തെക്കുറിച്ചൊന്നും അന്ന് വലിയ ഉറപ്പില്ലായിരുന്നു.

ആരെങ്കിലും ഇപ്പോള്‍ 10 കോടി രൂപ നിക്ഷേപിച്ചാല്‍ എന്തുകാര്യത്തിനായിരിക്കും അത് മുടക്കുക?

മാര്‍ക്കറ്റിംഗിലും ആഗോള തലത്തില്‍ ബ്രാന്‍ഡിനെ ശ്രദ്ധിക്കുന്ന തരത്തിലുമുള്ള നടപടികള്‍ക്കാകും ആദ്യം ഈ തുക നിക്ഷേപിക്കുക. ഉത്പന്നം തയ്യാറാണ്. ദൗത്യം എന്താണെന്നും നിശ്ചയമുണ്ട്. ഒറ്റക്ക് കാര്യങ്ങള്‍ ചെയ്യുന്ന സംരംഭകര്‍, നിക്ഷേപകര്‍, ഉപദേശകര്‍ എന്നിവരിലേക്ക് എത്തുകയാണ് വേണ്ടത്.

ആദ്യ ബിസിനസ് പിച്ച് എങ്ങനെയായിരുന്നു? നിലവിലേതില്‍ നിന്നും എന്തുമാറ്റം?

നല്ലൊരു പിച്ചിന് കൃത്യമായ രൂപമുണ്ടെന്നായിരുന്നു ആദ്യം ഞാന്‍ വിശ്വസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോര്‍മാറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തു, ലഭ്യമായ ബ്ലോഗുകളെല്ലാം വായിച്ചു. ജെനെസിസിനെ നല്ല രീതിയില്‍ അവതരിപ്പിക്കാനുള്ള സ്ലൈഡുകളെല്ലാം ഉണ്ടാക്കി. പക്ഷേ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല.

ഏതാണ്ട് പത്തോളം പതിപ്പുകള്‍ ഇതിനുണ്ടാക്കി. ചിലത് വിചിത്രമായി തോന്നിയപ്പോള്‍ ചിലതൊക്കെ ആളുകളെ ആകര്‍ഷിക്കാന്‍ പോന്നവയായിരുന്നു. പക്ഷേ ഒന്നും പൂര്‍ണമാണെന്ന തോന്നലുണ്ടാക്കിയില്ല. പിന്നെയാണ് എനിക്ക് കാര്യങ്ങള്‍ മനസിലായത്. നല്ലൊരു പ്രസന്റേഷനിലല്ല കാര്യം. കൃത്യമായും വ്യക്തതയോടെയും ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നതാണ് പ്രാധാന്യം.

ഇക്കാര്യത്തില്‍ ഒരു ഗൈഡും നിങ്ങളെ സഹായിക്കില്ല. ആളുകളെ കണ്ട് സംസാരിക്കുകയും തെറ്റിയ കാര്യങ്ങള്‍ തിരുത്തുന്നതിലൂടെയുമാണ് ശരിയായ വഴിക്ക് വരുന്നത്. എന്താണ് പറയുന്നതെന്നും എന്തുകൊണ്ട് അതിന് പ്രാധാന്യമുണ്ടെന്നും ഒരു സംരംഭകന്‍ മനസിലാക്കുന്നതിലാണ് കാര്യമുള്ളത്.

ഇതുവരെയുണ്ടായ ഏറ്റവും വലിയ നേട്ടം?

ഇന്ന് 10ലധികം രാജ്യങ്ങളിലായി ആയിരത്തിലധികം പേര്‍ ജെനെസിസ് ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് 700ലധികം പേര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. തിരക്ക് കൂട്ടാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ.

In this exclusive interview, Genezez founder shares insights on why the common startup myth, “If you build a great product, people will come,” is flawed. Discover the reality of scaling and growing a startup in today’s market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT