സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിമൂന്നാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പോസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കംപ്ലയന്‍സസ് അഥവാ നിക്ഷേപം നടത്തിയതിന് ശേഷം നിര്‍ബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്നാല്‍ എന്താണ്?
ഒരു കമ്പനിയില്‍ നിക്ഷേപം നടത്തുന്ന വ്യക്തി/ സ്ഥാപനം അതിനുശേഷം ചെയ്യേണ്ട നിയമപരവും ചട്ടപ്രകാരവുമുള്ള കാര്യങ്ങളാണ് പോസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കംപ്ലയന്‍സെസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
എത് രാജ്യത്ത്, എങ്ങനെയുള്ള നിക്ഷേപം നടത്തി എന്നതനുസരിച്ച് ഈ നടപടിക്രമങ്ങളില്‍ മാറ്റം വരും.
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയശേഷം പൂര്‍ത്തിയാക്കേണ്ട പ്രധാന നടപടിക്രമങ്ങള്‍ ഇവയാണ്- കമ്പനിയുടെ സംയോജനം, മൂലധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഓഡിറ്ററുടെ നിയമനം, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കല്‍, കെ.വൈ.സി, രജിസ്റ്ററുകളുടെയും മിനിറ്റ്‌സിന്റെയും ക്രമീകരണം, ജി.എസ്.ടി റിട്ടേണുകളുടെ ഫയലിംഗ്.
ഇന്ത്യക്കാര്‍ നടത്തുന്ന ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് (FDI) സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കംപ്ലയന്‍സ് റിപ്പോര്‍ട്ടിംഗ്, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കല്‍, റെഗുലേഷന്‍ 7 അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, പേറ്റന്റുകള്‍, ട്രേഡ് മാര്‍ക്കുകള്‍ എന്നിവയുടെ രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പോസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കംപ്ലയന്‍സസിന്റെ ഭാഗമാണ്. അതോടൊപ്പം ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും ബിസിനസ് പ്ലാനുകളും ലഭ്യമാക്കണം. ഈ ചട്ടങ്ങള്‍ പാലിക്കാതിരിക്കുന്നത് പ്രതികൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുകയും ശിക്ഷാര്‍ഹമായ കാരണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
നിക്ഷേപകര്‍ പാലിക്കേണ്ടത്
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് നിക്ഷേപകര്‍ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. ഈ പ്രീ-ഇന്‍വെസ്റ്റ്‌മെന്റ് കംപ്ലയന്‍സസില്‍ കമ്പനിയുടെ സംയോജനത്തിനൊപ്പം ക്യാപ്പിറ്റല്‍ സ്ട്രക്ച്ചര്‍ കംപ്ലയന്‍സസും എഫ്.ഡി.ഐ നിയമങ്ങളും സെബി നിര്‍ദ്ദേശങ്ങളും പാലിക്കണം. കമ്പനീസ് ആക്ട് 2013 പ്രകാരം മൂലധനസമാഹരണത്തിന്റെ ഭാഗമായ നടപടിക്രമങ്ങള്‍-മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍, ബോര്‍ഡ് മീറ്റിംഗുകള്‍ എന്നിവയുടെ വിവരങ്ങള്‍ - കൃത്യമായി കൈമാറേണ്ടത് വളരെ പ്രധാനമാണ്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, പേറ്റന്റുകള്‍, ട്രേഡ് മാര്‍ക്കുകള്‍, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍, ബിസിനസ് പ്ലാനുകള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കേണ്ടതാണ്.
ബാലന്‍സ് ഷീറ്റ്, ഇന്‍കം സ്റ്റേറ്റ്‌മെന്റ്, ക്യാഷ് ഫ്ളോ സ്റ്റേറ്റ്‌മെന്റ് എന്നിവയുള്‍പ്പെടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന രേഖകളൂം മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കണം (ഡ്യൂ ഡിലിജന്‍സ്). നിക്ഷേപകരും സ്റ്റാര്‍ട്ടപ്പ് കമ്പനിയും നിക്ഷേപത്തിന്റെ എല്ലാ നിബന്ധനകളും വ്യക്തമാക്കുന്ന ഒരു ഉടമ്പടി എഴുതിയുണ്ടാക്കി ഒപ്പുവയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഈ ചട്ടങ്ങള്‍ ലംഘിക്കുന്നതിന്റെ പരിണിതഫലം ഏറെ കോട്ടങ്ങളുണ്ടാക്കുകയും കുറ്റകരമായ സാഹചര്യത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine