Startup

അണ്‍അക്കാദമി വിറ്റു, പെരുംനഷ്ടത്തില്‍! യൂട്യൂബ് ചാനലായി തുടക്കം, എഡ്‌ടെക് ബൂമില്‍ തഴച്ചു; ഒടുവില്‍ അപ്‌ഗ്രേഡിന്റെ കൈയില്‍

2010ല്‍ യുട്യൂബ് ചാനലായിട്ടാണ് അണ്‍അക്കാഡമിയുടെ തുടക്കം. 2015ലാണ് നിലവില്‍ കാണുന്ന പ്ലാറ്റ്‌ഫോം രീതിയിലേക്ക് മാറുന്നത്.

Dhanam News Desk

രാജ്യത്തെ പ്രമുഖ എഡ്ടെക് കമ്പനിയായ അണ്‍അക്കാഡമിയെ (Unacademy) റോണി സ്‌ക്രൂവാലയുടെ നേതൃത്വത്തിലുള്ള അപ്ഗ്രേഡ് (upGrad) ഏറ്റെടുത്തു. ഏകദേശം 1,680 കോടി രൂപയുടേതാണ് ഇടപാട്. കൈമാറ്റം പൂര്‍ത്തിയായെന്ന് അണ്‍അക്കാഡമി സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് മുംജാല്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

കമ്പനിയുടെ മുന്‍കാല ഉയര്‍ന്ന മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ തുകയ്ക്കാണ് വില്‍പന. കോവിഡിനു തൊട്ടുപിന്നാലെ എഡ്‌ടെക് കമ്പനികളുടെ ബൂമിന്റെ സമയത്ത് 28,900 കോടി രൂപ വരെ മൂല്യമുണ്ടായിരുന്ന കമ്പനിയായിരുന്നു അണ്‍അക്കാഡമി. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറെക്കാലത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഓഹരി കൈമാറ്റ വ്യവസ്ഥപ്രകാരമുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ജൂലൈയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) അനുമതിയും ലഭിച്ചു. നിലവില്‍ കമ്പനിക്ക് 400 കോടി രൂപയുടെ വാര്‍ഷിക വരുമാനമുണ്ടെന്നും, ഭൂരിഭാഗം ബിസിനസുകളും ലാഭത്തിലോ അതിന് തൊട്ടടുത്തോ ആണെന്ന് ഗൗരവ് മുംജാല്‍ വ്യക്തമാക്കി. പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ടല്ല, മറിച്ച് കൂടുതല്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ടാണ് അണ്‍അക്കാഡമിയുടെ കൈമാറ്റമെന്നാണ് അദ്ദേഹത്തിന്റെ വാദം.

അപ്ഗ്രേഡിന് കൂടുതല്‍ അവസരങ്ങള്‍

യുപിഎസ്‌സി, ജെഇഇ, നീറ്റ്, ഗേറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലന മേഖലയിലേക്ക്കടന്നുവരാന്‍ ഈ ഏറ്റെടുക്കല്‍ അപ്ഗ്രേഡിനെ സഹായിക്കും. അണ്‍അക്കാഡമിയുടെ വരവോടെ ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണല്‍ അപ്സ്‌കില്ലിങ് എന്നിവയ്‌ക്കൊപ്പം ടെസ്റ്റ് പ്രെപ്പറേഷന്‍ രംഗത്തും അപ്ഗ്രേഡിന് ശക്തമായ സാന്നിധ്യമാകാന്‍ സാധിക്കും.

അണ്‍അക്കാഡമിയുടെ തുടക്കം യുട്യൂബ് ചാനലായി

2010ല്‍ യുട്യൂബ് ചാനലായിട്ടാണ് അണ്‍അക്കാഡമിയുടെ തുടക്കം. 2015ലാണ് നിലവില്‍ കാണുന്ന പ്ലാറ്റ്‌ഫോം രീതിയിലേക്ക് മാറുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈനില്‍ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകളിലൂടെ വരുമാനം കുത്തനെ ഉയര്‍ന്നതോടെ കമ്പനിയുടെ വലിയ വളര്‍ച്ചയുടെ തുടക്കമായി. ബൈജൂസിനെ പോലെ പിടിവിട്ടുള്ള വളര്‍ച്ചയാണ് അണ്‍അക്കാഡമിയെയും പിന്നോട്ടടിച്ചത്. ഒരുഘട്ടത്തില്‍ 6,000ത്തിലധികം ജീവനക്കാര്‍ അണ്‍അക്കാഡമിയിലുണ്ടായിരുന്നു. നിലവില്‍ 1,800 താഴെ ജീവനക്കാരാണുള്ളത്.

വളര്‍ച്ചയുടെ വേഗം കൂട്ടാനായി ഓഫ്‌ലൈന്‍ ക്യാംപസുകള്‍ വ്യാപകമായി തുടങ്ങിയതോടെ പ്രതിസന്ധിയും വര്‍ധിച്ചു. 2025 സാമ്പത്തിക വര്‍ഷം വരുമാനം 826 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ അല്പം കുറവുണ്ടായെങ്കിലും, കമ്പനിയുടെ നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT