image: @canva 
Startup

സ്റ്റാര്‍ട്ടപ്പുകളിലേക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് വരുന്നത് കുറഞ്ഞു; കാരണം ഇതാണ്‌

ഡെയിലിഹണ്ട് 805 മില്യണ്‍ ഡോളര്‍ സമാഹരിച്ചത് 2022 ലെ ഏറ്റവും വലിയ ഇടപാടായിരുന്നു

Dhanam News Desk

2021 ലെ ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് 2022 ല്‍ 30 ശതമാനം കുറഞ്ഞു. ഈ വര്‍ഷം ഡിസംബര്‍ 28 വരെ സ്റ്റാര്‍ട്ടപ്പുകള്‍ 23.95 ബില്യണ്‍ ഡോളര്‍ നേടി. 2021ല്‍ ഇത് 35.46 ബില്യണ്‍ ഡോളറായിരുന്നുവെന്ന് വെഞ്ച്വര്‍ ഇന്റലിജന്‍സില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വര്‍ധിച്ചുവരുന്ന പലിശ നിരക്കുകള്‍ക്കും മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്തിനും ഇടയില്‍ സ്വകാര്യ വിപണി നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് മന്ദഗതിയിലായി. 2021ലെ 24.91 ബില്യണ്‍ ഡോളറില്‍ നിന്ന് 2022ല്‍ 11.70 ബില്യണ്‍ ഡോളറായി സീരീസ് ഡിയുടെ ഫണ്ടിംഗ് പകുതിയായി കുറഞ്ഞു. അവസാന ഘട്ട ഇടപാടുകളുടെ എണ്ണം 177ല്‍ നിന്ന് 122 ആയി കുറഞ്ഞു.

ഈ വര്‍ഷം, ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകളും മൂലധനം സമാഹരിച്ചിട്ടില്ലെന്ന് ഡിജിറ്റല്‍ ആന്‍ഡ് ടെക്‌നോളജി ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കോ-ഹെഡ് പങ്കജ് നായിക് പറഞ്ഞു. എന്നിരുന്നാലും 2021 ലെ സീരീസ് ബി, സി ഫണ്ടിംഗിന്റെ 231 ഇടപാടുകളില്‍ നിന്ന് 6.82 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ല്‍ ഇത് 221 ഇടപാടുകളോടെ 6.84 ബില്യണ്‍ ഡോളറിലാണ്.

ഡെയിലിഹണ്ട് 805 മില്യണ്‍ ഡോളര്‍ സമാഹരിച്ചത് 2022 ലെ ഏറ്റവും വലിയ ഇടപാടായിരുന്നു. ഇ-കൊമേഴ്സ്, ഫിന്‍ടെക് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയത്. 2023-ല്‍, നിക്ഷേപകര്‍ ലാഭത്തിലും അടിസ്ഥാനകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT