കാറ്റില്‍ നിന്ന് വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതിത വിദ്യയാണ് അവാന്‍ ഗാര്‍ ഇന്നവേഷന്‍സ് (Avant Garde Innovations) എന്ന സ്റ്റാര്‍ട്ടപ്പിനെ ശ്രദ്ധേയമാക്കുന്നത്. സഹോദരങ്ങളായ അരുണ്‍ ജോര്‍ജും അനൂപ് ജോര്‍ജും അവാന്‍ ഗാറിലൂടെ അവതരിപ്പിക്കുന്നത് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ചെറിയ വിന്‍ഡ് ടര്‍ബൈനുകളാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലില്‍ അവാന്‍ ഗാറിന്റെ വിന്‍ഡ് ടര്‍ബൈനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
തനി നാടനാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാണ് അവാന്‍ ഗാര്‍. ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഇവരുടെ പദ്ധതിയുടെ ഉപഭോക്താക്കളില്‍ അമേരിക്കന്‍ സര്‍ക്കാരുമുണ്ടെന്നത് വലിയ നേട്ടമാണ്. അന്റാര്‍ട്ടിക്കയും ഓസ്ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവരുടെ വിന്‍ഡ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു തവണ ലോകത്തിലെ ഏറ്റവും മികച്ച 20 ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഐക്യരാഷ്ട്രസഭ അവാന്‍ ഗാര്‍ ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതിദിനം ശരാശരി ഒരു വീടിനാവശ്യമായ 3 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവാന്‍ ഗാറിന്റെ ടര്‍ബൈനുകള്‍ക്ക് കഴിയും. മറ്റ് രാജ്യങ്ങളില്‍ 2 ലക്ഷം രൂപ വില വരുന്ന ചെറിയ വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് ഇവര്‍ ഈടാക്കുന്നത് 80,000 രൂപ മാത്രമാണ്. ആദ്യം ചെലവാക്കുന്ന തുകയുടെ മൂന്നു മുതല്‍ അഞ്ചിരട്ടി വരെ 25 വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു കിട്ടുമെന്ന് അരുണ്‍ പറയുന്നു. ഏതൊരു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ടര്‍ബൈനുകളുടെ നിര്‍മാണം.
Read DhanamOnline in English
Subscribe to Dhanam Magazine