സാപ്പിയര്‍ സ്ഥാപകരായ ജ്യോതിസ് കെ.എസും ദീപു സേവിയറും  https://www.zappyhire.com, canva
Startup

ആളെയെടുക്കല്‍ ഇനി വളരെ എളുപ്പം, ഈ കേരള സ്റ്റാര്‍ട്ടപ്പ് കമ്പനി എ.ഐ സഹായത്തോടെ നിയമനങ്ങളില്‍ നടപ്പിലാക്കിയത് വലിയ മാറ്റം

സാപ്പിയര്‍ (Zappyhire) സഹസ്ഥാപകന്‍ ദീപു സേവിയറുമായി നടത്തിയ സ്റ്റാര്‍ട്ടപ്പ് ചിറ്റ്-ചാറ്റ്

Dhanam News Desk

നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിലൂടെ പരിഹരിച്ച ഒരു പ്രശ്‌നം എന്താണ്? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍

കമ്പനികളിലെ നിയമനങ്ങളില്‍ എ.ഐ സഹായത്താല്‍ ഓട്ടോമേഷന്‍ നടപ്പിലാക്കിയതാണ് ഞങ്ങളുടെ പ്രത്യേകത. ഇതിലൂടെ വേഗത്തിലും കാര്യക്ഷമതയോടെയും കമ്പനികള്‍ക്ക് ആളുകളെ നിയമിക്കാന്‍ കഴിയും. ആദ്യ റൗണ്ടിലെ സ്‌ക്രീനിംഗിന് വേണ്ടിയുള്ള ഇന്റലിജന്റ്, ഓട്ടോമേറ്റഡ് വീഡിയോ ഇന്റര്‍വ്യൂകള്‍ എ.ഐ സഹായത്തോടെ ചെയ്യാവുന്നതാണ്.

എപ്പോഴാണ് സാപ്പിയര്‍ എന്ന ആശയം ഉദിക്കുന്നത്? അതിന് ശേഷം ചെയ്ത ആദ്യ കാര്യം എന്താണ്?

ഞാനും സഹസ്ഥാപകന്‍ ജ്യോതിസും 2005 മുതല്‍ ഇന്ത്യ, യു.എസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ വലിയ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു. എല്ലായിടത്തും ഞങ്ങള്‍ കണ്ട ഒരു പ്രശ്‌നം നിയമനങ്ങളിലെ കാര്യക്ഷമത കുറവായിരുന്നു. അപ്പോഴാണ് നിയമനങ്ങള്‍ ഓട്ടോമേറ്റ് ചെയ്താലോ എന്ന ചിന്തയുണ്ടാകുന്നത്.

തുടക്കകാലത്തെ ഫണ്ടിംഗ് എങ്ങനെയായിരുന്നു?

ബൂട്ട്‌സ്ട്രാപ്പ്ഡ് ആയിട്ടായിരുന്നു തുടക്കം. സ്വകാര്യ സമ്പാദ്യമാണ് ആദ്യ കാലത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡയറക്ടര്‍ ഡോ.വിനീത് എബ്രഹാം, ഹെഡ്ജ് ഇക്വിറ്റീസ് ലിമിറ്റഡ് അലെക്‌സ് കെ ബാബു, കേരള എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് എന്നിവരുടെ ഫണ്ടിംഗ് ലഭിച്ചു.

വിജയിക്കുമെന്ന് കരുതി നടപ്പിലാക്കിയെങ്കിലും പരാജയപ്പെട്ട ഒരാശയം എന്താണ്?

ഈ പ്ലാറ്റ്‌ഫോം ഇന്‍ഡസ്ട്രിയിലുള്ള എല്ലാവര്‍ക്കും വില്‍ക്കാമെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ അത് നടപ്പിലായില്ല. ഏത് തരം ഉപയോക്താക്കളെയാണ് ലക്ഷ്യം വെക്കേണ്ടതെന്ന് കൃത്യമായി മനസിലാക്കണമെന്ന് പിന്നീടാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. ഇത് ചെയ്തപ്പോള്‍ കാര്യങ്ങളെല്ലാം മാറി.

ബിസിനസില്‍ തെറ്റാണെന്ന് തെളിയിച്ച ഒരു മിത്ത് എന്താണ്?

മികച്ചൊരു ഉത്പന്നമുണ്ടാക്കി അത് വില്‍ക്കുന്നതിലല്ല കാര്യം. മറിച്ച് കൃത്യമായ ഉപയോക്താക്കള്‍ക്ക് മുന്നില്‍ ഉത്പന്നത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച് മെച്ചപ്പെട്ട വില്‍പ്പനാന്തര സേവനം നല്‍കുന്നതാണ്. നമ്മുടെ പക്കലുള്ള ഉത്പന്നങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ അതിലൂടെ ഉപയോക്താവിന് എന്താണ് ലഭിക്കുന്നത് എന്നതിലേക്കുള്ള മാറ്റമാണ് ശരി.

ആദ്യമായി കമ്പനിയിലേക്ക് നിയമിച്ചത് ആരെയാണ്. ജീവനക്കാരുടെ നിയമനകാര്യത്തില്‍ ലഭിച്ച മികച്ച പാഠം എന്താണ്?

നാല്‍പ്പതില്‍ അധികം അംഗങ്ങളുള്ള ടീമാണ് ഞങ്ങള്‍ക്ക് നിലവിലുള്ളത്. ഫ്രണ്ട്എന്‍ഡ്, ബാക്ക്എന്‍ഡ് ഡെവലപ്പേഴ്‌സിനെയാണ് ആദ്യം നിയമിച്ചത്. ഇരുവരും കമ്പനിയിലെ പ്രധാനപ്പെട്ട ജോലികള്‍ ചെയ്തുവരികയാണിപ്പോള്‍. സ്‌കില്ലുകളേക്കാള്‍ പഠിക്കാനുള്ള കഴിവിനും മനോഭാവത്തിനും പൊരുത്തപ്പെടാനുള്ള ശേഷിക്കുമാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നാണ് ഇക്കാലയളവില്‍ പഠിച്ച പാഠം.

ആരെങ്കിലും ഇപ്പോള്‍ 10 കോടി രൂപ നിക്ഷേപിച്ചാല്‍ എന്തുകാര്യത്തിനായിരിക്കും അത് മുടക്കുക?

സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്പന്നത്തെ വിപണിക്ക് അനുസൃതമായി മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. ഇനി ഉത്പന്നത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനുള്ള സമയമാണ്.

ആദ്യ ബിസിനസ് പിച്ച് എങ്ങനെയായിരുന്നു? നിലവിലേതില്‍ നിന്നും എന്തുമാറ്റം?

ഞങ്ങള്‍ എന്താണ് നിര്‍മിച്ചതെന്നും അതിന്റെ പ്രത്യേകതകളെയും കുറിച്ചായിരുന്നു ആദ്യ കാലത്ത് സംസാരിച്ചിരുന്നത്. നിലവില്‍ ഉപയോക്തൃ കേന്ദ്രീകൃതമായാണ് ഞങ്ങളുടെ സമീപനം. ഞങ്ങളുടെ ഉത്പന്നം ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞങ്ങളുടെ കയ്യില്‍ എന്തുണ്ട് എന്നതില്‍ നിന്നും മാറി എന്ത് പ്രശ്‌നത്തിനാണ് ഇതിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുന്നത് എന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ.

ഇതുവരെയുണ്ടായ ഏറ്റവും വലിയ നേട്ടം?

ഇന്ത്യയിലെ ഏറ്റവും വലിയൊരു എന്‍.ബി.എഫ്.സി (ബാങ്കിതര സാമ്പത്തിക സ്ഥാപനം) അന്താരാഷ്ട്ര കമ്പനികളെ ഒഴിവാക്കി ഞങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഞങ്ങളുടെ ഉത്പന്നത്തിനും ദീര്‍ഘവീഷണത്തിനുമുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT