Abdul Manaf, Founder of HEARTLAND Experiences 
Entrepreneurship

അബ്ദുള്‍ മനാഫ്, സംഗീതലോകത്തെ സാഹസിക സഞ്ചാരി!

ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് റിസ്‌ക് ഏറെയുള്ള സംഗീതമേഖലയിലേക്ക് പാഷന്‍ മാത്രം കൈമുതലാക്കി കടന്നുവന്ന ഹാര്‍ട്ട്‌ലാന്‍ഡ് എക്‌സ്പീരിയന്‍സസിന്റെ അബ്ദുള്‍ മനാഫ് കൊച്ചിയിലെ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ്

Anoop Abraham

അബ്ദുള്‍ മനാഫിനെ ഞാന്‍ ആദ്യമായി കാണുന്നത് അദ്ദേഹം സംഘടിപ്പിച്ച ഒരു ലൈവ് മ്യൂസിക് പരിപാടിയ്ക്കിടെയാണ്. ഒരു മേശയുടെ മധ്യത്തില്‍ പരിവാരത്താല്‍ ചുറ്റപ്പെട്ട് ഒരു സംഘത്തലവനെ പോലെ ഗാംഭീര്യത്തോടെ ഇരുന്ന അബ്ദുള്‍ മനാഫിന്റെ രൂപം വിഖ്യാത ഹോളിവുഡ് ചലച്ചിത്രമായ ഗോഡ്ഫാദറിലെ ദൃശ്യത്തെ ഓര്‍മിപ്പിച്ചു.

അടുത്ത തവണ മനാഫ് സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ സംബന്ധിച്ചപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ തന്നെ ഞാന്‍ തീര്‍ച്ചപ്പെടുത്തി. ആദ്യകാഴ്ചയില്‍ നിന്ന് ഭിന്നമായി സഹൃദയനും സരസനുമായ വ്യക്തിയാണ് മനാഫെന്ന് അപ്പോഴാണ് മനസ്സിലായത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചിയില്‍ സ്വതന്ത്ര സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയിലുണ്ട് അബ്ദുള്‍ മനാഫ്. എന്നെ പോലെ ലൈവ് മ്യൂസിക് പരിപാടികള്‍ ഇഷ്ടപ്പെടുന്ന കൊച്ചി നഗരത്തിലെ സംഗീതാസ്വാദകരെ ആകര്‍ഷിക്കുന്ന മികച്ച വേദികള്‍ ഒരുക്കുക മാത്രമല്ല നഗരത്തെ കൂടുതല്‍ സംഗീത സാന്ദ്രമാക്കുകയും ചെയ്തു, അദ്ദേഹം.

ഈ രംഗത്തേക്കുള്ള വരവും കാഴ്ചപ്പാടുകളും മനാഫ് പങ്കുവെയ്ക്കുന്നു.

സംഗീതരംഗത്തേക്ക് മനാഫ് കടന്നുവന്നത് എങ്ങനെയാണ് ?

ഐടി മേഖലയിലാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും കമ്പനികളില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിട്ടുണ്ട്. 2016ഓടെ ഐടി മേഖലയില്‍ എനിക്ക് വിരസത തോന്നി. മാത്രമല്ല ആ രംഗത്ത് എനിക്ക് വലിയ ഭാവിയുണ്ടെന്നും തോന്നിയില്ല.

ആയിടെയാണ് കൊച്ചിയിലെ The Muse Room എന്ന പ്രതിവാര ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് പരിപാടിയെ കുറിച്ച് കേള്‍ക്കുന്നത്. അതില്‍ പിന്നെ ആ വേദിയിലെ നിത്യസന്ദര്‍ശകനായി. നിരവധി പ്രതിഭകളെ ആ വേദിയില്‍ കണ്ടു. അവരുടെ സംഗീതം ആസ്വദിച്ചു. ഇന്ത്യയിലെ സ്വതന്ത്ര സംഗീതശാഖയെ കുറിച്ച് പ്രിന്റ് - ഓണ്‍ലൈന്‍ മാഗസിനുകളില്‍ ഞാന്‍ എഴുതാനും തുടങ്ങി.

നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മ്യൂസ് റൂം നിലച്ചുപോയി. നഗരത്തില്‍ അതൊരു വലിയ ശൂന്യതയാണ് ശേഷിപ്പിച്ചത്. സംഗീതജ്ഞനായ സുഹൃത്ത് സച്ചിന്‍ രാജീവും ഞാനും ചേര്‍ന്ന് നഗരത്തില്‍ heART സെഷന്‍ എന്ന പേരില്‍ ഒരു സംഗീത സദസ്സിന് തുടക്കമിടുകയായിരുന്നു. ഒരൊറ്റ പരിപാടി എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും പിന്നീടത് പതുക്കെ വളര്‍ന്നുമുന്നോട്ടു പോയി. ഇതായിരുന്നു സംഗീതരംഗത്തെ എന്റെ ആദ്യത്തെ ചുവടുവെപ്പ്.

അതിന് ശേഷം പല ബാന്‍ഡുകളുടെയും ഇന്ത്യ ടൂര്‍ പ്രോഗ്രാമുകള്‍ ഞാന്‍ മാനേജ് ചെയ്തു. സച്ചിന്‍ പിന്നീട് ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിലേക്ക് ചുവടുമാറ്റി. heART sessionനെ ഒന്നു പുനര്‍നിര്‍മിക്കണമെന്ന് തോന്നി. അങ്ങനെയാണ് HEARTLAND Experiences എന്നതിന് തുടക്കമിട്ടത്. പുതിയ ലോഗൊ, പുതിയ വെബ്‌സൈറ്റ് എന്നിവയെല്ലാം സജ്ജമാക്കി. പരിപാടികള്‍ക്കായി ഒരു ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമും സൃഷ്ടിച്ചു. മുമ്പത്തേതിനേക്കാള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ശ്രദ്ധയോടെ അണിയിച്ചൊരുക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്രതിമാസം 16 മുതല്‍ 20 വരെ പരിപാടികള്‍ നടത്തുന്നുണ്ട്.

ആവശ്യങ്ങള്‍ക്കനുസരിച്ച് നിരവധി കൊമേഴ്‌സ്യല്‍ മ്യൂസിക് ഇവന്റുകളും ഞാന്‍ നടത്താറുണ്ട്. പക്ഷേ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിര്‍ക്കുന്നത് സ്വതന്ത്ര സംഗീതമാണ്. അതിനൊരിക്കലും മാറ്റമുണ്ടാകാനും പോകുന്നില്ല. സര്‍ഗാത്മകതയുള്ള ഒരു വ്യക്തിയുടെ സ്വന്തമായ സംഗീതവും കലയും ഒരു സദസ്സിന് മുന്നിലേക്ക് കൊണ്ടുവരുമ്പോള്‍ കിട്ടുന്ന വിവരിക്കാനാവാത്ത വികാരത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല. ഞാന്‍ ആ ത്രില്ലാണ് തേടുന്നത്. ഇപ്പോള്‍ സ്റ്റോറി ടെല്ലിംഗ്, പോയട്രി പരിപാടികള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്. വാഗ്‌മൊഴികള്‍ക്ക് (Spoken poetry) വലിയൊരു വേദി ആവശ്യമാണ്.

കേരളത്തിലെ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് രംഗത്തെ എങ്ങനെ അവലോകനം ചെയ്യുന്നു ?

ഹിപ് - ഹോപ് രംഗത്തുണ്ടായ വളര്‍ച്ച ഒഴിച്ചുനിര്‍ത്തിയാല്‍ ഈ രംഗം ഇപ്പോഴും ശൈശവ ദശയിലാണ്. എന്നിരുന്നാലും പ്രതിഭാധനരായ കലാകാരന്മാര്‍ ഇവിടെ സ്വതന്ത്ര സംഗീതത്തുണ്ട്; അത് വലിയൊരു സംഗീതാസ്വാദക സമൂഹത്തിലേക്ക് എത്തുന്നില്ലെങ്കില്‍ പോലും. തനിതമിഴില്‍ സുന്ദരമായ സംഗീതമൊരുക്കുന്നവരുണ്ട്. ഹിന്ദുസ്ഥാനി ഫ്യൂഷന്‍ ബാന്‍ഡുകളുണ്ട്. സംസ്ഥാനത്തെമ്പാടും അതിസുന്ദരമായ സംഗീത ബാന്‍ഡുകളുണ്ട്. പക്ഷേ അതൊന്നും വലിയൊരു ആസ്വാദകസമൂഹത്തിന്റെ മുന്നിലേക്ക് എത്തുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

ഒരു ആര്‍ട്ടിസ്റ്റ് മാനേജറുടെ റോള്‍ എന്താണ് ?

ഒരു കലാകാരനെ വളര്‍ത്തുന്നതും പ്രശസ്തനാക്കുന്നതും ആര്‍ട്ടിസ്റ്റ് മാനേജരാണെന്ന് പൊതുധാരണയുണ്ട്. അത് തെറ്റാണ്. ഒരാളുടെ സംഗീതമാണ് അയാളുടെ വിജയം നിശ്ചയിക്കുന്നത്. മ്യൂസിക് ഒഴികെ മറ്റെല്ലാത്തിനും മേല്‍നോട്ടം നല്‍കുന്ന ജോലിയാണ് ആര്‍ട്ടിസ്റ്റ് മാനേജരുടേത്. അതുകൊണ്ട് സംഗീതജ്ഞന് സംഗീതത്തില്‍ മാത്രം ശ്രദ്ധ കൊടുക്കാം. എന്നിരുന്നാലും തുടക്കക്കാരനായ സംഗീതജ്ഞന് ഒരു മാനേജരുടെ ആവശ്യമില്ല. നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിക്കേണ്ടി വരുന്ന, നിരവധി സ്ഥലങ്ങളിലേക്ക് നിരന്തര യാത്രകള്‍ വേണ്ടിവരുന്നവര്‍ക്കാണ് ഇത്തരം മാനേജരുടെ സേവനം ആവശ്യമായി വരിക.

സൂരജ് മണിയെ പോലുള്ള സംഗീതജ്ഞനുമൊത്തുള്ള അനുഭവങ്ങള്‍ പറയാമോ?

മദര്‍ജെയ്ന്‍ ബാന്‍ഡിലെ സൂരജ് മണിയോടൊത്തുള്ള കാലം വളരെ വ്യത്യസ്തമായിരുന്നു. അങ്ങേയറ്റം അച്ചടക്കമുള്ള, വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള കലാകാരനാണ് അദ്ദേഹം. കരിയറിന്റെ തുടക്കകാലത്തുള്ള ഒരു കലാകാരനുമായൊത്തു പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അനായാസമായിരുന്നു അദ്ദേഹത്തോടൊത്തുള്ള പ്രവര്‍ത്തനം. 20 വര്‍ഷത്തോളമായി ഈ രംഗത്തുണ്ട് സൂരജ് മണി. തന്റെ പ്രതിഭയിലും കഴിവിലും കൃത്യമായ ധാരണയുള്ള വ്യക്തി.

ആളുകളുമായി ഇടപഴകാനുള്ള കഴിവ് ഈ മേഖലയില്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു?

വളരെ പ്രാധാന്യമുണ്ട്. ഈ മേഖല വളരെ ചെറുതാണ്,വൈവിധ്യമുള്ളതുമാണ്. വ്യത്യസ്ത കാഴ്ചപ്പാടും ലക്ഷ്യങ്ങളുമുള്ളവരുമായി നിരന്തര ആശയവിനിമയം വേണ്ടി വരും. ഈ കാഴ്ചപ്പാടുകള്‍ ശരിയായി വ്യാഖ്യാനിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാന്‍ പറ്റുന്ന സാഹചര്യമൊരുക്കുകയെന്നതാണ് പ്രധാനം. ഹാര്‍ട്ട്‌ലാന്‍ഡ് ഒരു മ്യൂസിക് ബിസിനസ് കമ്പനിയെന്നതിലുപരി കമ്യൂണിറ്റി ബില്‍ഡിംഗ് കമ്പനിയാണെന്നാണ് എന്റെ കാഴ്ചപ്പാട്.

ഈ രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

ജനങ്ങളെ ഇത്തരം സംഗീത പരിപാടികളിലേക്ക് ആര്‍ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. പലവിധ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സ്വീകരിക്കേണ്ടതുണ്ട്. കലാകാരന്മാര്‍ ആവശ്യപ്പെടുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അത് ബജറ്റിനുള്ളില്‍ നിര്‍ത്തുന്നതുമെല്ലാം വെല്ലുവിളിയാണ്. സ്ഥിരമായ ഒരു ആസ്വാദക സമൂഹത്തെ ആകര്‍ഷിക്കുന്ന വേദികള്‍ വളര്‍ത്തിയെടുക്കുക എന്നത് സമയമെടുക്കുന്ന കാര്യമാണ്. ഒരു പരിപാടി നടത്തി അതില്‍ 100 പേര്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ പാടില്ല. ആസ്വാദകര്‍ വരാനും അവര്‍ വീണ്ടും വീണ്ടും വരാനും സമയമെടുക്കും. അതിനായി ക്ഷമയോടെ കാത്തിരിക്കണം.

മനാഫിന്റെ ഒരു ദിവസം സാധാരണഗതിയില്‍ എങ്ങനെയാണ്?

വാരാന്ത്യങ്ങളിലാണല്ലോ മിക്കവാറും സംഗീതപരിപാടികള്‍. ആ ദിവസങ്ങളില്‍ തിരക്കേറെയാകും. മറ്റ് ദിവസങ്ങളില്‍ വരാനിരിക്കുന്ന സംഗീത പരിപാടികളുടെ കോ ഓര്‍ഡിനേഷനാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. അതിന്റെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗും ഈ ദിവസങ്ങളില്‍ നടത്തും. വാരാന്ത്യങ്ങളിലെ പരിപാടികള്‍ നടക്കുന്നതിന് തൊട്ടുമുന്‍ മണിക്കൂറുകള്‍ വരെ തിരക്കിട്ട് സോഷ്യല്‍ മീഡിയ പ്രെമോഷന്‍ നടത്തിക്കൊണ്ടിരിക്കും.

സംഗീതപരിപാടിക്ക് മുമ്പായി അതിന് വേണ്ട പശ്ചാത്തലസൗകര്യങ്ങളെല്ലാം ഒരുക്കും. ശബ്ദസംവിധാനം പരിശോധിച്ച് ഉറപ്പ് വരുത്തും. കലാകാരന് സ്റ്റേജില്‍ വേണ്ടതെല്ലാം ഉറപ്പാക്കും. സദസ്യര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ വേദിയില്‍ പ്രവേശിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. ചിലപ്പോള്‍ ഒരു ദിവസം തന്നെ പലവേദികളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ ഓടിനടക്കേണ്ടതായും വരാറുണ്ട്.

ഹാര്‍ട്ട്‌ലാന്‍ഡ് എക്‌സ്പീരയന്‍സസിന്റെ റവന്യു മോഡല്‍ എന്താണ്?

ഒരു മ്യൂസിക് ക്യുറേറ്റര്‍, പ്രമോട്ടര്‍ എന്ന നിലയില്‍ എന്ന നിലയില്‍ ഹോട്ടലുകളും കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നു. സംഗീതപരിപാടികളുടെ മാര്‍ക്കറ്റിംഗില്‍ പിന്തുണ നല്‍കുന്നു. മാത്രമല്ല ഓരോ ഇവന്റും ഏറ്റവും മികച്ച രീതിയില്‍ തന്നെ നടക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു നല്‍കുന്നു. ബാന്‍ഡുകള്‍ക്ക് അവരുടെ ഒറിജിനല്‍ മ്യൂസിക്കുമായി ഇന്ത്യയില്‍ പര്യടനം നടത്താന്‍ വേണ്ട കാര്യങ്ങള്‍ മാനേജ് ചെയ്തുകൊടുക്കാറുണ്ട്.

മ്യൂസിക് റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യും. പ്രത്യേകിച്ച് അവയുടെ പ്രെമോഷനും പിആറും. ഇതോടൊപ്പം തന്നെ ഒരു കമ്യൂണിറ്റി കെട്ടിപ്പടുക്കുന്നു. സംഗീതപരിപാടികളുടെ വേദികളില്‍ ആസ്വാദകരെ ആവര്‍ത്തിച്ച് എത്തിക്കുന്നു. ഞാന്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കണ്‍സള്‍ട്ടിംഗ് ഫീസാണ് ഈടാക്കുക.

ഹാര്‍ട്ട്‌ലാന്‍ഡ് എക്‌സ്പീരിയന്‍സസിന് പുറമെ താങ്കളുടെ പ്രവര്‍ത്തനമേഖലയെ കുറിച്ച് പറയാമോ?

സോഫാര്‍ സൗണ്ട്‌സിന്റെ (Sofar Sounds) കൊച്ചി ലീഡാണ് ഞാന്‍. ലോകത്തിലെ 400ലേറെ നഗരങ്ങളിലുള്ള മ്യൂസിക് എക്‌സ്പീരിയന്‍സ് പ്രൊവൈഡറാണ് സോഫാര്‍ സൗണ്ട്‌സ്. വ്യത്യസ്ത കലാകാരന്മാരെ അണിനിരത്തി സ്വകാര്യ സംഗീതപരിപാടികള്‍ ഇവര്‍ സംഘടിപ്പിക്കുന്നു. ദി സൗത്ത് സീന്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ നടത്തുന്നുണ്ട്. ദേശീയ സംഗീത ലോകത്ത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് അംഗീകാരം നേടിക്കൊടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. ഒരു മ്യൂസിക് ജേര്‍ണലിസ്റ്റ് ആയിട്ടാണ് ഈ രംഗത്തെ എന്റെ തുടക്കം. അതിനാല്‍ എഴുതുന്നത് അനായാസകരമായ കാര്യമാണ്.

താങ്കള്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടികള്‍ എങ്ങനെയാണ് പ്രൊമോട്ട് ചെയ്യുന്നത്?

കൂടുതലും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പ് ഗ്രൂപ്പുകളും വഴിയാണ്. ചിലപ്പോള്‍ ഡിസ്‌കോഡ് സെര്‍വറുകള്‍ വഴിയും നടത്താറുണ്ട്. ഒരിക്കല്‍ സംഗീതവേദിയിലെത്തിയവര്‍ പറയുന്നത് കേട്ട് വരുന്നവരും ഏറെ.

ഈ മേഖലയിലെ നവാഗതരോട് പറയാനുള്ളത് എന്താണ്?

വരരുത്! തമാശപറയുന്നതല്ല. ഇത് ബുദ്ധിമുട്ടേറിയ മേഖലയാണ്. ആദ്യ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നിന്ന് ഒരുതരത്തിലുള്ള വരുമാനവും പ്രതീക്ഷിക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് സംഗീതം ഇഷ്ടമാണെങ്കില്‍, കമ്യൂണിറ്റി ബില്‍ഡിംഗ് ഇഷ്ടമാണെങ്കില്‍ ഇത് ചെയ്യാം. ഇത്തരമൊരു മേഖലയില്‍ ശരിയായ പാഷനുണ്ടെങ്കിലും അത് നിങ്ങളുടെ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തലും ബുദ്ധിമുട്ടേറിയ കാര്യമാവും. ഒരുപാട് നെഗറ്റീവ് ഫീഡ്ബാക്കും വരും. നിങ്ങള്‍ അത്രയേറെ സംഗീതത്തെ, ഈ മേഖലയെ ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രം ഇതെല്ലാം സഹിക്കാന്‍ തയ്യാറായി കടന്നുവരിക.

ബിസിനസുകാരില്‍ നിന്നും കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും സംഗീത പരിപാടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കായി ശ്രമിച്ചിരുന്നോ?

കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും പിന്തുണ നേടിയെടുക്കാന്‍ എനിക്കും താല്‍പ്പര്യമുണ്ട്. പക്ഷേ അത് ശ്രമകരമാണ്. ഏറെ സമയവും ചെലവിടേണ്ടി വരും. ഒരു സംഗീതോല്‍ത്സവത്തില്‍ നിക്ഷേപം നടത്തുന്നതും സംഗീത പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നതുമൊക്കെ ബ്രാന്‍ഡ് പ്രതിച്ഛായ കൂട്ടാന്‍ ഉപകരിക്കുന്നത് തന്നെയാണ്. ഇന്‍ഫ്‌ളൂവന്‍സര്‍ മാര്‍ക്കറ്റിംഗില്‍ നടത്തുന്ന നിക്ഷേപം പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി ഇത് ബ്രാന്‍ഡിന് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യും. പക്ഷേ അതിന് ശ്രമിച്ചപ്പോഴൊക്കെ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയെന്നല്ലാതെ അനുകൂലമായ ഫലം എവിടെ നിന്നും ലഭിച്ചില്ല.

കാര്യങ്ങള്‍ അതിവേഗം നടത്തി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്‌പോണ്‍സര്‍മാര്‍ വരാം വരാതിരിക്കാം. എന്നിരുന്നാലും ഇതൊക്കെ സംഭവിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT