ആഡ്സ്ഫ്‌ളോ വേള്‍ഡ്‌വൈഡ് സാരഥികളായ ശ്രീദേവ് ചന്ദ്രഭാനുവും ശ്രീദേവി ജയറാമും 
Entrepreneurship

ബ്രാന്‍ഡിനെ വളര്‍ത്താന്‍ ഒരു 'പരസ്യ' പങ്കാളി, വേറിട്ട പരസ്യ ചിത്രങ്ങളിലൂടെ ആഡ്സ്ഫ്‌ളോ വേള്‍ഡ് വൈഡിന്റെ ജൈത്രയാത്ര

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പരസ്യലോകത്ത് ശ്രദ്ധ നേടുകയാണ് യുവസംരംഭകരുടെ ഈ സ്ഥാപനം

Dhanam News Desk

ഓട്‌സ് കൊണ്ട് ദോശയുണ്ടാക്കാം, പുട്ടുണ്ടാക്കാം, ഉപ്പുമാവുണ്ടാക്കാം, പായസമുണ്ടാക്കാം, എന്തിന് വടവരെ ഉണ്ടാക്കാം... ഇതൊക്കെ പക്ഷേ മലയാളികള്‍ക്ക് പരിചിതമായത് കഴിഞ്ഞ ഓണക്കാലത്താണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം രാജ്യത്തെ ഒരു പ്രമുഖ ഓട്‌സ് ബ്രാന്‍ഡിന്റെ പരസ്യം അത്രത്തോളം ഉപയോക്താക്കളോട് നേരിട്ട് സംവദിക്കുന്നതായിരുന്നു.

ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള പ്രമുഖ മലയാള ചലച്ചിത്ര താരം ധ്യാന്‍ ശ്രീനിവാസനെ ഇന്റര്‍വ്യൂ ചെയ്യാത്ത ആരെങ്കിലുമുണ്ടോ? ഇങ്ങനെ ചോദിച്ചാല്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നായിരുന്നു ഉത്തരം. എന്നാല്‍ കഴിഞ്ഞ ഓണക്കാലത്ത് അതും തിരുത്തിയെഴുതിയത് ഒരു പരസ്യ ചിത്രമാണ്. പ്രമുഖ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമിന്റെ പരസ്യം ചിത്രീകരിച്ചത് ധ്യാന്‍ ശ്രീനിവാസന്‍ ഇരട്ട വേഷത്തിലെത്തി സ്വന്തം ഇന്റര്‍വ്യൂ എടുക്കുന്ന രീതിയിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് ആ പരസ്യം നേടിയത്.

ഈ രണ്ട് പരസ്യചിത്രത്തിലും പൊതുവായുള്ള ഒരുകാര്യം, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിക്കരങ്ങളാണ്. ശ്രീദേവ് ചന്ദ്രഭാനുവും ശ്രീദേവി ജയറാമും.

ഇരുവരും ചേര്‍ന്ന് 2017ല്‍ രൂപംകൊടുത്ത ആഡ്സ്ഫ്‌ളോ വേള്‍ഡ് വൈഡ് എന്ന പരസ്യ കമ്പനി വേറിട്ട് നില്‍ക്കുന്നത് പരസ്യങ്ങളോടുള്ള സമീപനത്തിലും ആശയങ്ങളിലെ വ്യത്യസ്തതയിലുമാണ്. അല്‍താസയ്ക്ക് വേണ്ടി ചെയ്ത 'സേഫ് അല്ലെ' എന്ന പരസ്യചിത്രം അടക്കം ആഡ്‌സ്ഫ്‌ളോയുടെ കയ്യൊപ്പ് അടയാളപ്പെടുത്തുന്ന പ്രോജക്ടുകള്‍ നിരവധിയാണ്.

16-ാം വയസ് മുതല്‍ പിന്തുടരുന്ന പാഷന്‍

പ്ലസ് ടു പഠിക്കുന്ന സമയത്ത് കണ്ണൂരിലെ ചില സ്ഥാപനങ്ങള്‍ക്കുവേണ്ടി പരസ്യങ്ങളും മറ്റും ചെയ്തുകൊണ്ടാണ് ശ്രീദേവ് ഈ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ആ സമയത്ത് തന്നെ നിര്‍വാണ ഫിലിംസിന്റെ പ്രകാശ് വര്‍മയും സ്നേഹ ഐപും നേതൃത്വം നല്‍കിയ ഒരു വര്‍ക്ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതാണ് പിന്നീട് ഈ മേഖലയില്‍ വഴിത്തിരിവായതെന്ന് ശ്രീദേവ് പറയുന്നു.

ആഡ്സ്ഫ്‌ളോ വേള്‍ഡ്‌വൈഡ് ചെയ്ത പരസ്യ ചിത്രങ്ങളില്‍ നിന്ന്

'പ്രകാശ് വര്‍മയ്‌ക്കൊപ്പം 2009ല്‍ കേരള ടൂറിസത്തിന്റെ 'യുവര്‍ മൊമന്റ് ഈസ് വെയിറ്റിംഗ്' എന്ന അഡ്വര്‍ട്ടൈസിംഗ് ക്യാമ്പയിനില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തു. പിന്നീട് നാലര വര്‍ഷത്തോളം നിര്‍വാണ ഫിലിംസിനൊപ്പം നിരവധി പ്രോജക്ടുകളും ചെയ്തു. ഈ സമയത്തൊക്കെയും സ്വന്തം നിലയ്ക്കും പരസ്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു.

ബിഎ ജേണലിസം പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയില്‍ വൈ നോട്ട് മീഡിയ പ്രൊഡക്ഷന്‍ എന്നൊരു പ്രൊപ്രൈറ്റര്‍ഷിപ്പ് തുടങ്ങി. ആ സമയത്താണ് നിര്‍വാണ ഫിലിംസില്‍ നിന്നുള്ള അനുഭവ പരിചയവുമായി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ ശ്രീദേവിയും എത്തുന്നത്.

അധികം വൈകാതെ ഇരുവരും പാര്‍ട്ണര്‍മാരായി ആഡ്‌സ്ഫ്‌ളോ വേള്‍ഡ്വൈഡ് എന്ന പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം ആരംഭിച്ചു. ജീവിത പങ്കാളികളും കൂടിയാണ് ഇരുവരുമെന്നതിനാല്‍ ബിസിനസിന്റെ കാര്യങ്ങളില്‍ രണ്ടാള്‍ക്കും കൃത്യമായ റോളുകളുണ്ട്. ശ്രീദേവ് ആഡ് ഫിലിം ഡയറക്റ്ററായും ശ്രീദേവി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു.

കോര്‍പ്പറേറ്റ് വീഡിയോകള്‍ മുതല്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ വരെ

ടെലിവിഷന്‍ പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍, കോര്‍പ്പറേറ്റ് വീഡിയോകള്‍, പ്രോഡക്റ്റ് വീഡിയോകള്‍, ക്രിയേറ്റീവ് ഡയറക്ഷന്‍, ആശയരൂപീകരണം, ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്, ഫോട്ടോ ഷൂട്ട് എന്നിവയിലൊക്കെയാണ് പ്രധാനമായും ആഡ്‌സ്ഫ്‌ളോ ശ്രദ്ധ നല്‍കുന്നത്. വിവിധ ബ്രാന്‍ഡുകളുടെ ദിനംപ്രതിയെന്നോണമുള്ള ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് പിന്നിലും ആഡ്സ്ഫ്ളോയുടെ ടീമുണ്ട്. പരസ്യമാണെന്ന് തോന്നാത്ത വിധത്തിലുള്ള കണ്ടന്റുകള്‍ കൊണ്ടാണ് ഇവ കൂടുതല്‍ ശ്രദ്ധ നേടിയത്.

പരസ്യ ഏജന്‍സികളുടെ ക്രിയേറ്റീവ് വിഭാഗത്തിനൊപ്പവും കമ്പനികളുടെ ഇന്‍ഹൗസ് മാര്‍ക്കറ്റിംഗ് ടീമിനൊപ്പവും ചേര്‍ന്നാണ് ആഡ്സ്ഫ്ളോയുടെ പ്രവര്‍ത്തനം. ഇതിനകം തന്നെ 400ലധികം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി.

ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍

ജുവലറി കമ്പനികളായ ഭീമ, കല്യാണ്‍, ജോയ്ആലുക്കാസ് എന്നിവയ്ക്കായി ചെയ്ത വേറിട്ടതും ആകര്‍ഷകവുമായ പരസ്യങ്ങള്‍ കമ്പനിയുടെ ഗ്രാഫ് ഉയര്‍ത്തി. ഹോസ്പിറ്റല്‍ ബ്രാന്‍ഡുകളായ വിപിഎസ് ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ മെഡിസിറ്റി, കിംസ് കാന്‍സര്‍ സെന്റര്‍ എന്നിവയുടെ കോര്‍പ്പറേറ്റ് ഫിലിംസ് തുടക്കം മുതല്‍ തന്നെ ചെയ്യാനായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും വി-ഗാര്‍ഡിന്റെ കോര്‍പ്പറേറ്റ് വീഡിയോയും പ്രോഡക്ട് വീഡിയോകളും ചെയ്യുന്നതും ആഡ്സ്ഫ്ളോയാണ്.

ദേശീയ ബ്രാന്‍ഡുകളായ ഏഷ്യന്‍പെയിന്റ്സ്, മാരികോ (സഫോള ഓട്സ്) തുടങ്ങി ഈസ്ടീ, സുനിദ്രാ മാട്രസ്, മെല്ലോ സോപ്, ജോയ് ഐസ്‌ക്രീം, റേസ്, ടേസ്റ്റി നിബ്ബ്ള്‍സ്, വില്ലിവൈറ്റ് ടൂത്ത് പേസ്റ്റ്, റിബോണ്ട്, എവര്‍ലാസ്റ്റ്, വോള്‍മാക്സ്, സ്റ്റാര്‍ പൈപ്പ്സ്, എന്‍ടിസി ഫിനാന്‍സ് തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ ക്ലയ്ന്റ് ലിസ്റ്റിലുണ്ട്. വിദേശ ക്ലയ്ന്റുകള്‍ക്കായും പരസ്യചിത്രങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ട്.

സെലിബ്രിറ്റികളുടെ ഇഷ്ട പരസ്യ കമ്പനിയായും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ആഡ്സ്ഫ്ളോ പേരെടുത്തു. അനുരാഗ് കശ്യപ്, ശോഭന, ആസിഫ് അലി, ഭാവന, കല്യാണി പ്രിയദര്‍ശന്‍ ധ്യാന്‍ ശ്രീനിവാസന്‍, രമേഷ് പിഷാരടി, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി ദേശീയ, വിദേശ മോഡലുകളും ആഡ്സ്ഫ്ളോയുടെ പരസ്യചിത്രങ്ങള്‍ക്ക് മിഴിവേകി.

കൃത്യമായ വര്‍ക്ക്ഫ്ളോയും മികച്ച ടീമും

കമ്പനികളുടെ ബഡ്ജറ്റിനുള്ളില്‍ കൃത്യമായ സമയപരിധി പാലിച്ചുകൊണ്ടാണ് ഓരോ വര്‍ക്കും പൂര്‍ത്തിയാക്കുന്നത്. 'എട്ട് മണിക്കൂറൊക്കെയായിരിക്കും സെലിബ്രിറ്റികള്‍ പരമാവധി അനുവദിക്കുക. കിട്ടുന്ന സമയം എത്ര കുറവായാലും ഒട്ടും പാഴാക്കാതെ കമ്പനിക്ക് മികച്ച, പരമാവധി വര്‍ക്കുകള്‍ ലഭ്യമാക്കുക എന്നാതാണ് ഞങ്ങളുടെ നയം. ഷൂട്ട് തുടങ്ങിയാല്‍ പിന്നെ ഷെഡ്യൂള്‍ അനുസരിച്ച് മാത്രം വര്‍ക്ക് ചെയ്യുന്നതാണ് ശൈലി. ഓരോ സീനും എങ്ങനെയാവണമെന്ന് കൃത്യമായി സ്റ്റോറിബോര്‍ഡ് ചെയ്തു വെയ്ക്കാറുണ്ട്.

പരസ്യം കൃത്യസമയത്ത് കിട്ടിയാലാണ് കമ്പനികള്‍ക്ക് അവരുടെ മാര്‍ക്കറ്റിംഗ് ആക്റ്റിവിറ്റികള്‍ നടത്താനാകുക. നമ്മുടെ ഭാഗത്ത് നിന്നൊരു താമസം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താറുണ്ട്. ഓരോ വര്‍ക്കിനും അനുയോജ്യമായ ക്യാമറ, കോസ്റ്റിയൂം, ആര്‍ട്ട് ടീമിനെയാണ് ഉള്‍പ്പെടുത്തുന്നത്. ഒരു പ്രോജക്ടില്‍ ചിലപ്പോള്‍ 150 മുതല്‍ 250 പേരെ വരെ ഉള്‍പ്പെടുത്തേണ്ടി വരും. വലിയൊരു പാനല്‍ തന്നെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആഡ്സ്ഫ്‌ളോയുടെ മുഴുവന്‍ സമയ ജീവനക്കാരായി 20 പേരുടെ ടീമും ഉണ്ട്-ശ്രീദേവി പറയുന്നു.

വെബ്സൈറ്റ്: www.adsfloworldwide.com ഫോണ്‍: 99950 33139.

Adsflo Worldwide grows into a creative advertising powerhouse with bold concepts and big-brand partnerships

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT