Entrepreneurship

90 രാജ്യങ്ങളിലായി 20,000ത്തോളം ഉപയോക്താക്കള്‍, മുംബൈയില്‍ നിന്ന് കേരളത്തിലെത്തി ലോകമാകെ പടര്‍ന്ന അഗാപ്പെയുടെ വിസ്മയകഥ

ഐവിഡി രംഗത്ത് കേരളത്തില്‍ നിന്നൊരു ആഗോള കമ്പനി

Dhanam News Desk

ഇന്‍വിട്രോ ഡയഗ്‌ണോസ്റ്റിക്സ് മേഖലയില്‍ വിപ്ലവകരമായ ചുവടുവെയ്പ്പുകള്‍ നടത്തി ആഗോളതലത്തില്‍ ശ്രദ്ധേയമാകുകയാണ് കേരള കമ്പനിയായ അഗാപ്പെ. 1995ല്‍ ചെറിയൊരു സംഘവുമായി മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയ അഗാപ്പെ, വൈദഗ്ധ്യമുള്ള ടീമംഗങ്ങള്‍ക്കൊപ്പം അത്യാധുനിക ഫാക്ടറി സജ്ജീകരിക്കാനായി 2003ല്‍ കേരളത്തിലേക്ക് ചേക്കേറുകയായിരുന്നു.

മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണിന്റെ ചടുലവും ഭാവനാപൂര്‍ണവുമായ നേതൃത്വത്തിന് കീഴില്‍ അഗാപ്പെ ഇന്ന് ആഗോളതലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. രാജ്യത്തിനകത്ത് 60,000ത്തിലേറെ ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്ന അഗാപ്പെയ്ക്ക് 90 രാജ്യങ്ങളിലായി 20,000ത്തോളം ഉപഭോക്താക്കളുണ്ട്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി ഹെമറ്റോളജി അനലൈസര്‍ വികസിപ്പിച്ചെടുത്ത അഗാപ്പെയുടെ പേറ്റന്റഡ് ഇന്നൊവേഷനുകള്‍ ഐവിഡി രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2018ല്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരവും അഗാപ്പെയ്ക്ക് ലഭിച്ചു.

കോവിഡ് കാലത്തെ ഇടപെടല്‍

കോവിഡ് പ്രതിസന്ധി നാളുകളില്‍ രാജ്യത്തെ പ്രോഗ്ണോസിസ് ടെസ്റ്റ് കിറ്റുകളില്‍ 70 ശതമാനവും സപ്ലൈ ചെയ്ത് നിര്‍ണായക പങ്കാണ് അഗാപ്പെ വഹിച്ചത്. ആഗോളതലത്തില്‍ ഇതിന് ദൗര്‍ലഭ്യം നേരിടുമ്പോള്‍ അതിനിര്‍ണായകമായ പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമം രാജ്യത്തുണ്ടാവാതിരിക്കാന്‍ അഗാപ്പെയുടെ ഇടപെടല്‍ സഹായകരമായി.

ഗവേഷണത്തിനും നൂതനത്വത്തിനും സവിശേഷ ഊന്നല്‍ നല്‍കുന്ന അഗാപ്പെയ്ക്ക് മൂന്ന് ടെക്നോളജി പേറ്റന്റുകളും 11 ഡിസൈന്‍ രജിസ്ട്രേഷനുകളുമുണ്ട്. ആഗോളതലത്തിലെ പ്രമുഖരുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് ന്യൂറോഡീജനറേറ്റീവ് ടെസ്റ്റിംഗ്, ഇമ്യൂണോളജി തുടങ്ങിയ രംഗങ്ങളില്‍ നടത്തുന്ന ചുവടുവെയ്പ്പുകള്‍ അഗാപ്പെയുടെ മുന്‍നിര സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.

ആഗോളതലത്തിലേക്ക് പടര്‍ന്നുപന്തലിക്കുമ്പോഴും കേരളത്തില്‍ തന്നെ വേരാഴ്ത്തി നില്‍ക്കുന്ന അഗാപ്പെ, രാജ്യത്തെ ഐവിഡി സേവനരംഗത്തെ വിപണി നായകരുമാണ്. താങ്ങാവുന്ന നിരക്കില്‍ ഏറ്റവും കൃത്യവും നൂതനവുമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അഗാപ്പെ, മെഡിക്കല്‍ ഡയഗ്‌ണോസ്റ്റിക്സ് രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT