Entrepreneurship

കണ്ടെത്താം അവസരങ്ങള്‍; പന്ത്രണ്ടാമത് ടൈ കേരള സംരംഭക സംഗമം അടുത്ത മാസം കൊച്ചിയില്‍

കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച് മേഖലകള്‍ക്ക് മുന്‍തൂക്കം

Dhanam News Desk

സംസ്ഥാനത്തെ വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 2023ന് കൊച്ചി വേദിയാകുന്നു. ഡിസംബര്‍ 15,16 തീയതികളില്‍ കൊച്ചി, ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ 'ഡ്രൈവിംഗ് ദി ചേഞ്ച് - അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍' എന്നതാണ് പ്രമേയം. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച് മേഖലകളിലെ അറിവും അവസരങ്ങളും പങ്കുവയ്ക്കുന്ന വിവിധ സെഷനുകളുണ്ടായിരിക്കും.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പന്ത്രണ്ടാമത് സമ്മേളനമാണിത്. ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ടൈ കേരള പ്രസിഡന്റ് ശ്രീ ദാമോദര്‍ അവനൂര്‍ പറഞ്ഞു.

സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അവസരങ്ങളുടെ മികച്ച വേദിയായിരിക്കും ഇത്. നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, പുതിയ ബിസിനസ് പങ്കാളികള്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും സമ്മേളനം അവസരമൊരുക്കും. സമ്മേളനത്തോടനുബന്ധിച്ച് ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എട്ട് വിഭാഗങ്ങളിലായാണ് അവാര്‍ഡെന്ന് ടൈ അവാര്‍ഡ്‌സ് കോ ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.

പ്രശസ്തരില്‍ നിന്നും കേള്‍ക്കാം

ബിസിനസ് രംഗത്തെ നാല്‍പ്പലധികം പ്രഭാഷകരും അമ്പതിലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും സമ്മേളനത്തിന് എത്തിച്ചേരുമെന്ന് ടൈ കേരള വൈസ് പ്രസിഡന്റും ടൈക്കോണ്‍ 2023 ചെയറുമായ ജേക്കബ് ജോയ് പറഞ്ഞു.

എം.ആര്‍.എഫ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമ്മന്‍, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ , ഒല ഇലക്ട്രിക് ഡിസൈന്‍ മേധാവി കൃപ അനന്തന്‍, സൈജെനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിയും,സംരംഭകനുമായ സാം സന്തോഷ്, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി, കേരള ഡിജിറ്റല്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി. എന്നിവര്‍ പ്രധാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ടൈ കേരള പ്രസിഡന്റ് ശ്രീ ദാമോദർ അവനൂർ, മുൻ പ്രസിഡന്റ് അനീഷാ ചെറിയാൻ, വൈസ് പ്രസിഡന്റും ടൈക്കോൺ 2023 ചെയറുമായ ശ്രീ. ജേക്കബ് ജോയ്, ടൈ അവാർഡ്സ് കോ ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ എന്നിവർ പത്രസമ്മേളനത്തിൽ

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക:

7025888862, info@tiekerala.org

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT