Women

ഷഫീന യൂസഫലി ഫോർബ്‌സ് പട്ടികയിൽ

Dhanam News Desk

ഫോർബ്‌സ് മാഗസിൻ പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഷഫീന യൂസഫലിയും.

പ്രമുഖ വ്യവസായിയായ എം എ യൂസഫലിയുടെ മകളാണ് ഷഫീന. ജിസിസിയിലെ ഫുഡ് ആൻഡ് ബീവറേജ്‌സ് (F&B) മേഖലക്ക് നൽകിയ സംഭാവനകളാണ് ടെബ്ലേസ്‌ സി.ഇ.ഒയും ചെയർപേഴ്‌സണുമായ ഷഫീന യൂസഫലിക്ക് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.

ലാൻഡ്‌മാർക്ക് ഗ്രൂപ്പ് സിഇഒ ആയ രേണുക ജഗ്‌ത്യാനി, കെ കമ്പനി സഹസ്ഥാപകയായ കൃതിക റാവത്ത് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യക്കാർ.

ഇത്തവണ ആദ്യമായാണ് ഫോർബ്‌സ് പ്രാദേശിക സാമ്പത്തിക മേഖലയ്ക്ക് മികച്ച സംഭാവന നൽകിയ മിഡിൽ ഈസ്റ്റിലെ പ്രവാസി വനിതകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

പട്ടികയിൽ ഇടം നേടിയവർക്ക് ഫോർബ്‌സ് മിഡിൽ ഈസ്റ്റ് എഡിറ്റർ ഇൻ ചീഫ് ഖുലോദ് അൽ ഓമിയൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ആദരിക്കപ്പെട്ട 16 പ്രവാസി വനിതകളിൽ ഏക മലയാളിയാണ് ഷഫീന.

യുഎഇയിലും ഇന്ത്യയിലും രാജ്യാന്തര നിലവാരമുള്ള എഫ് ആൻഡ് ബി ബിസിനസുകൾ ആരംഭിച്ച ഷഫീന പെപ്പെർമിൽ, ബ്ലൂംസ്ബെറിസ്, മിങ്‌സ് ചേമ്പർ തുടങ്ങിയ തദ്ദേശീയ ബ്രാൻഡുകൾക്കും നേതൃത്വം നൽകി വരുന്നു. ഏഴ് വർഷത്തിനിടെ യു എ ഇ യിൽ 30 എഫ് ആൻഡ് ബി സ്റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇന്ത്യയിൽ കോൾഡ് സ്റ്റോൺ ക്രീമറി, ഗലീറ്റോസ്, ബ്ലൂംസ്ബറീസ് എന്നീ എഫ് ആൻഡ് ബി ബ്രാൻഡുകളിൽ 23 സ്റ്റോറുകളാണ് ടെബ്ലേസ്‌ ഓപ്പറേറ്റ് ചെയ്യുന്നത്.

രാജ്യാന്തര തലത്തിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും, മുന്നോട്ടുള്ള യാത്രയിൽ ഇത് കൂടുതൽ പ്രചോദനം നൽകുമെന്നും ഷഫീന പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT