Women

രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ ലിസ്റ്റില്‍ ഷീല കൊച്ചൗസേപ്പ് ഉള്‍പ്പെടെ മൂന്നു മലയാളികളും

കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നാണ് രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടിക പുറത്തു വിട്ടത്

Dhanam News Desk

റോഷ്‌നി നാടാര്‍ മല്‍ഹോത്ര 'Richest Woman'. രാജ്യത്തെ അതിസമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനക്കാരിയാകുന്നത്. അതിസമ്പന്നരായ സ്ത്രീകളുടെ ഹുറൂണ്‍ ലിസ്റ്റില്‍ വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപക ഷീല കൊച്ചൗസേപ്പ് ഉള്‍പ്പെടെ മൂന്നു മലയാളി വനിതകളും ഇടം നേടിയിട്ടുണ്ട് ഇത്തവണ. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിദ്യ വിനോദ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി എംഡിയാണ് അലീഷാ മൂപ്പന്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍.

കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിലാണ് ഇവരെത്തിയത്. 2021 ഡിസംബര്‍ 31 വരെയുള്ള മൊത്തം ആസ്തിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. വിദ്യവിനോദിന്റെ ആസ്തി 2,780 കോടിയാണ്. 100 സമ്പന്ന വനിതകളുടെ മലയാളി റാങ്കിംഗില്‍ ഒന്നാമതും 100 ല്‍ ഇരുപത്തി ഒന്നാം സ്ഥാനത്തുമാണ് വിദ്യവിനോദ് നില്‍ക്കുന്നത്.

540 കോടിയുടെ ആസ്തിയുമായി പട്ടികയില്‍ അന്‍പതിനാലാമതാണ് ഷീലാ കൊച്ചൗസേപ്പ്. റിച്ച് ലിസ്റ്റിലെ മലയാളി വനിതകളില്‍ രണ്ടാം സ്ഥാനവും വി-സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീലാ കൊച്ചൗസേപ്പിനാണ്. 410 കോടി രൂപയുടെ ആസ്തിയുമായി ലിസ്റ്റില്‍ അറുപത്തി രണ്ടാം സ്ഥാനത്താണ് അലിഷാ മൂപ്പന്റെ സ്ഥാനം.

സമ്പന്ന പട്ടികയില്‍ ഒന്നാമതെത്തിയ റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ ആസ്തി 84,330 കോടിയാണ്. റോഷ്നിയെ പിന്തുടര്‍ന്ന് രണ്ടാം സ്ഥാനത്തെത്തിയ ഫാല്‍ഗുനി നയ്യാര്‍, ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷായെ ഇത്തവണ പിന്തള്ളി. 57,520 കോടി രൂപ ആസ്തിയാണ് ഫാല്‍ഗുന്‍ നയ്യാര്‍ക്കുള്ളത്. ബയോകോണ്‍ സി ഇ ഒയും സ്ഥാപകയുമായ കിരണ്‍ മസുംദാര്‍ ഷായാണ് മൂന്നാമത്. 29,030 കോടി രൂപയാണ് ഇവരുടെ ആസ്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT