കുടുംബ സമ്പത്ത് കൈമാറ്റത്തിൽ സ്ത്രീകൾക്ക് വലിയ പങ്ക്. സാമ്പത്തിക പരിശീലനത്തിന്റെ അഭാവം, സ്വതന്ത്ര തീരുമാനങ്ങളിലെ പരിമിതികൾ, പുതിയ തലമുറയുടെ റിസ്ക് താല്പര്യം എന്നിവയെക്കുറിച്ച് ഇക്വിറസ് വെൽത്ത് നടത്തിയ പഠനത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുകൾ.
ഇന്ത്യയിലെ പ്രമുഖ പരമ്പരാഗത ബിസിനസ് കുടുംബങ്ങൾ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തലമുറമാറ്റ സ്വത്ത് കൈമാറ്റത്തിനാണ് (Intergenerational Wealth Transfer) നിലവിൽ തയ്യാറെടുപ്പ് നടത്തുന്നത്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഏകദേശം 1.3 ട്രില്യൺ മുതൽ 1.5 ട്രില്യൺ ഡോളർ (1,50,000 കോടി ഡോളർ) വരെയുള്ള കൂറ്റൻ ആസ്തികൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും, ഇതിൽ ഏകദേശം 73 ലക്ഷം കോടി രൂപയോളം വനിതകളിലൂടെയോ അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലോ ആയിരിക്കും കൈമാറ്റം ചെയ്യപ്പെടുകയെന്നും വിപണിയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ, തീരുമാനങ്ങളെടുക്കാനുള്ള ഔദ്യോഗിക അധികാരം ലഭിക്കുന്നതിനനുസരിച്ച് സാങ്കേതികമായ സാമ്പത്തിക വിജ്ഞാനം ഇവർക്ക് കൃത്യമായി ലഭ്യമാകുന്നില്ലെന്ന് ഇക്വിറസ് വെൽത്തും (Equirus Wealth) ഇക്വിറസ് ഫാമിലി ഓഫീസും ചേർന്ന് സംയുക്തമായി നടത്തിയ 'ശക്തി & ക്യാപിറ്റൽ' (Shakti & Capital) പഠനം ചൂണ്ടിക്കാട്ടുന്നു.
സർവേയിൽ പങ്കെടുത്ത 70 ശതമാനം വനിതകൾക്കും തങ്ങളുടെ കുടുംബ പോർട്ട്‌ഫോളിയോകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും നിയമപരമായ അധികാരവുമുണ്ട്. എങ്കിലും 90 ശതമാനം പേരും വലിയ തോതിലുള്ള ഈ ആസ്തികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ തങ്ങൾ ഇപ്പോഴും പ്രാഥമിക പഠന ഘട്ടത്തിൽ മാത്രമാണെന്ന് തുറന്നുസമ്മതിക്കുന്നു. കുടുംബ സ്വത്തിന്റെ ചുമതലയേൽക്കുന്നതിന് മുൻപ് വ്യവസ്ഥാപിതമായ സാമ്പത്തിക പരിശീലനം ലഭിച്ച ഒരാൾ പോലും സർവേയിൽ പങ്കെടുത്തവരിൽ ഉണ്ടായിരുന്നില്ല.
സ്വന്തം പ്രവർത്തനങ്ങളിലൂടെ നേരിട്ട് പരീക്ഷിച്ച് പഠിച്ചും (60%), സ്വയം നടത്തിയ വായനയിലൂടെയും (40%), സാമ്പത്തിക ഉപദേഷ്ടാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയുമാണ് (40%) ഭൂരിഭാഗം പേരും പ്രായോഗിക അറിവ് സ്വായത്തമാക്കിയത്. വെറും 20 ശതമാനം പേർക്ക് മാത്രമാണ് കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയത്തിലൂടെ സാമ്പത്തിക അവബോധം ലഭ്യമായത്.
പലർക്കും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളിലൂടെയല്ല സാമ്പത്തിക നിയന്ത്രണ ചുമതലകൾ ലഭിച്ചത്. കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം, വിവാഹമോചനം, വലിയ സാമ്പത്തിക നഷ്ടങ്ങൾ, പെട്ടെന്നുണ്ടായ അനന്തരാവകാശം തുടങ്ങിയ ജീവിത സാഹചര്യങ്ങളാണ് 40 ശതമാനം സ്ത്രീകളെയും അവിചാരിതമായി കുടുംബ സ്വത്തിന്റെ അമരത്തേക്ക് എത്തിച്ചത്. വെറും 30 ശതമാനം പേർക്ക് മാത്രമാണ് കുടുംബം കൃത്യമായ മുൻഗണനയോടെ ഔദ്യോഗികമായി ചുമതലകൾ കൈമാറിയത്. ബാക്കി 30 ശതമാനം പേർ തങ്ങളുടെ സ്വന്തം വരുമാനത്തിലൂടെയോ എംപ്ലോയി സ്റ്റോക്ക് ഓപ്ഷനുകളിലൂടെയോ (ESOP) ആണ് സ്വത്തുക്കൾ സ്വരൂപിച്ചു തുടങ്ങിയത്.
ഈ അറിവിന്റെ വിടവ് ഇവരുടെ കുട്ടിക്കാലം മുതൽ തുടങ്ങിയതാണ്. വളർന്നുവന്ന സാഹചര്യങ്ങളിൽ വീടുകളിൽ പണത്തെക്കുറിച്ചോ വിപണിയെക്കുറിച്ചോ തുറന്ന ചർച്ചകൾ നടന്നിരുന്നുവെന്ന് പറഞ്ഞത് വെറും 20 ശതമാനം പേർ മാത്രമാണ്. 60 ശതമാനം പേരും കർശനമായ സമ്പാദ്യ ശീലം മാത്രമാണ് മാതാപിതാക്കളിൽ നിന്ന് പഠിച്ചത്; എന്നാൽ മൂലധന നിക്ഷേപങ്ങളെക്കുറിച്ചോ കോമ്പൗണ്ടിംഗിനെക്കുറിച്ചോ (Compounding) അടിസ്ഥാന വിവരങ്ങൾ ഇവർക്ക് ലഭിച്ചില്ല.
കുടുംബ സ്വത്ത് സംബന്ധിച്ച ആഭ്യന്തര ചർച്ചകളിൽ സർവേയിൽ പങ്കെടുത്ത മുഴുവൻ സ്ത്രീകളും ഭാഗമാകുന്നുണ്ടെങ്കിലും, തന്ത്രപരമായ നിക്ഷേപങ്ങൾ നേരിട്ട് തീരുമാനിക്കുന്നതിലും വലിയ ഡീലുകൾ ഉറപ്പിക്കുന്നതിലും 40 ശതമാനം വനിതകൾ മാത്രമേ നേരിട്ട് ഇടപെടുന്നുള്ളൂ. ഭർത്താവുമായി ചേർന്ന് സംയുക്തമായി തീരുമാനമെടുക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും വലിയ പ്രൈവറ്റ് മാർക്കറ്റ് നിക്ഷേപങ്ങളുടെ തുടക്കം ഭർത്താക്കന്മാർക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
ദി അലോക്കേറ്റർ (40%): സ്വന്തം ധാരണയിലുള്ള സുരക്ഷിത മേഖലകളിൽ പൂർണ്ണമായ സ്വതന്ത്ര അധികാരവും നേരിട്ടുള്ള നിയന്ത്രണവും പുലർത്തുന്നവർ.
ദി പ്രിൻസിപ്പൽ (30%): സ്വതന്ത്ര അധികാരമുണ്ടെങ്കിലും സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച ശേഷം അതിന്റെ നടത്തിപ്പ് ചുമതല വിശ്വസ്തരായ വെൽത്ത് അഡ്വൈസർമാർക്ക് വിട്ടുനൽകുന്നവർ.
ദി കോ-പൈലറ്റ് (20%): പങ്കാളിയുമായി അധികാരം തുല്യമായി പങ്കിടുകയും വലിയ നിക്ഷേപങ്ങൾ ഭർത്താവ് നയിക്കുമ്പോൾ പോർട്ട്ഫോളിയോ നിർവ്വഹണ ചുമതല വഹിക്കുകയും ചെയ്യുന്നവർ.
ദി ഡെലിഗേറ്റർ (10%): വിപണി മാനേജ്‌മെന്റ് പൂർണ്ണമായി പ്രൊഫഷണലുകളെ ഏൽപ്പിച്ച് സങ്കീർണ്ണതകൾ ഒഴിവാക്കാനും ലളിതമായ പണമൊഴുക്കിൽ സമാധാനം കണ്ടെത്താനും ആഗ്രഹിക്കുന്നവർ.
തങ്ങളുടെ പിൻഗാമികൾ ഇത്തരം വലിയ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇപ്പോഴും മാനസികമായി തയ്യാറായിട്ടില്ലെന്ന് പകുതിയോളം വനിതകളും തുറന്നുപറയുന്നു. പുതിയ തലമുറ ഡിജിറ്റൽ ഇടപാടുകളിലും ആഗോള ഓഹരികളിലും ക്രിപ്റ്റോ പോലെയുള്ള ഡിജിറ്റൽ ആസ്തികളിലും ഉയർന്ന റിസ്ക് എടുക്കാൻ താല്പര്യമുള്ളവരാണെങ്കിലും, വിപണി ലഭ്യത എന്നത് ശരിയായ നിക്ഷേപ വിവേചനത്തിന് തുല്യമല്ലെന്ന് പഠനം ശക്തമായ മുന്നറിയിപ്പ് നൽകുന്നു. കുടുംബത്തിലെ നിലവിലെ ഉപദേഷ്ടാവിനെ തന്നെ അടുത്ത തലമുറയും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നത് വെറും 20 ശതമാനം പേർ മാത്രമാണ്.
മാത്രമല്ല, കുടുംബ ആസ്തികൾ സുരക്ഷിതമായി നിലനിർത്താൻ ട്രസ്റ്റുകൾ പോലുള്ള ഭരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വെറും 10 ശതമാനം പേർ മാത്രമാണ്. കൃത്യമായ പോർട്ട്‌ഫോളിയോ അവലോകനങ്ങളോ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റികളോ സർവേയിൽ പങ്കെടുത്ത ആർക്കുമില്ല. ആസ്തികളെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗമായാണ് 50 ശതമാനം പേരും കാണുന്നത്.
ഉയർന്ന ആദായത്തേക്കാൾ തങ്ങളുടെ കുടുംബ ചരിത്രവും ലക്ഷ്യങ്ങളും മനസ്സിലാക്കുന്ന, ലളിതമായ ഭാഷയിൽ ആശയവിനിമയം നടത്തുന്ന ഉപദേഷ്ടാക്കളെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. വെറും പണത്തിന്റെ കൈമാറ്റം എന്നതിലുപരി, അടുത്ത തലമുറയ്ക്ക് വിവേകത്തോടെ സ്വതന്ത്ര തീരുമാനങ്ങളെടുക്കാനുള്ള അറിവും ആത്മവിശ്വാസവും കൈമാറുന്നതിലാണ് യഥാർത്ഥ വിജയമെന്ന് ഇക്വിറസ് ഫാമിലി ഓഫീസ് മാനേജിംഗ് പാർട്ണർ നിതേഷ് അറോറ ഓർമ്മിപ്പിക്കുന്നു.
Equirus Wealth’s Shakti & Capital study highlights women’s growing role in India’s intergenerational wealth transfer and the gap in formal financial preparation among women managing family assets.
Read DhanamOnline in English
Subscribe to Dhanam Magazine