Entrepreneurship

കഠിന പരിശ്രമം ഊര്‍ജ്ജദായകം

Dhanam News Desk

ബേബി മാത്യു

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍

സോമതീരം ആയുര്‍വേദ ഗ്രൂപ്പ്

മാനേജ്‌മെന്റ് ശൈലി

സ്ഥാപനത്തിലെ ജോലി വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ മാനേജര്‍മാര്‍ക്ക് കൃത്യമായി വിഭജിച്ച് നല്‍കും. ഓരോ ഡിപ്പാര്‍ട്ട്‌മെന്റും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയെന്നത് മാനേജര്‍മാരുടെ ചുമതലയാണ്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും ഭംഗിയായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്ഥാപനം മികച്ച രീതിയില്‍ മുന്നോട്ടുപോകുകയുള്ളൂ. ഇതിലേക്കായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും പരിചയസമ്പന്നരായ ആളുകളെ വയ്ക്കുകയും അവര്‍ തമ്മിലുള്ള കോര്‍ഡിനേഷന് വേണ്ടി ജോയ്ന്റ് മീറ്റിംഗുകള്‍ നടത്തുകയും ചെയ്യുന്നു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കൃത്യമായ അജണ്ടയോടു കൂടി മുഖാമുഖം നടത്തുന്ന മീറ്റിംഗുകളാണ് കൂടുതല്‍ ഫലപ്രദമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... ദൈനംദിന മീറ്റിംഗുകളില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാറില്ലെങ്കിലും പോളിസി തീരുമാനം ആവശ്യമായ നിര്‍ണ്ണായക മീറ്റിംഗുകളിലൊക്കെ ഞാന്‍ പങ്കെടുക്കും.

ബിസിനസിനെക്കുറിച്ചുള്ള കാഴ്ചപ്പാട്

പ്രോഫിറ്റ് മേക്കിംഗ് എന്നൊരു അജണ്ട മാത്രം ലക്ഷ്യം വച്ചുകൊണ്ടല്ല എന്റെ പ്രവര്‍ത്തനം. ജീവനക്കാരുടെ കാര്യങ്ങള്‍, സാമൂഹികാവശ്യങ്ങള്‍, വ്യക്തികള്‍ക്ക് വേണ്ടുന്ന പിന്തുണ തുടങ്ങിയവയൊക്കെ ഞാന്‍ നിര്‍വ്വഹിക്കാറുണ്ട്. ഞങ്ങളുടെ ബിസിനസില്‍ പരിസര ശുചിത്വം, മാലിന്യസംസ്‌ക്കരണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രധാന്യമുള്ളതിനാല്‍ അവയൊക്കെ ശരിയായ വിധത്തില്‍ ഞാന്‍ നടപ്പാക്കിയിട്ടുണ്ട്. ബിസിനസില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റിവെക്കുന്നതിന് പുറമേ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി എന്റെ സമയവും ഊര്‍ജ്ജവുമൊക്കെ വിനിയോഗിക്കുകയും ചെയ്യുന്നു.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ല

ഉന്നത ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വേണ്ടിവരുന്ന നിക്ഷേപം, മനുഷ്യവിഭവശേഷി, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയിലൊന്നിലും ഞാന്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. ഉദാഹരണമായി സോമതീരം ആയുര്‍വേദ ഹോസ്പിറ്റല്‍ ഒന്നര വര്‍ഷം മുന്‍പ് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ നേടുകയുണ്ടായി. എന്‍.എ.ബി.എച്ച് ലഭിക്കണമെങ്കില്‍ ഏകദേശം 450ഓളം നിബന്ധനകള്‍ പാലിക്കണം. പക്ഷെ എത്ര പരിശ്രമിച്ചിട്ടാണെങ്കിലും അത്തരമൊരു നിലവാരത്തിലേക്ക് സോമതീരത്തെ നയിക്കണമെന്നത് ഒരു വെല്ലുവിളിയായി തന്നെ ഞാന്‍ ഏറ്റെടുത്തു. അതിന്റെ ഫലമായി ജലസംരക്ഷണം, സോളാര്‍ എനര്‍ജി, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ എല്ലാ രംഗങ്ങളിലും ഒരു നിശ്ചിത നിലവാരം കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇതിന്റെ വിജയത്തെ തുടര്‍ന്ന് ഞങ്ങളുടെ മണല്‍ത്തീരം ആയുര്‍വേദ ഹോസ്പിറ്റലും ആറ് മാസം മുന്‍പ് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ നേടിയെടുത്തു.

കഠിന പരിശ്രമം

ജോലി ചെയ്യുന്നതില്‍ എനിക്ക് ഒരിക്കലും ക്ഷീണം തോന്നാറില്ല. പ്ലാനിംഗിന് വേണ്ടി ഞാന്‍ വളരെയേറെ സമയം ചെലവഴിക്കാറുണ്ട്. എന്റെ മനസിന് ഇഷ്ടപ്പെട്ട തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വെയില്‍ കൊള്ളുന്നതിനോ മഴ നനയുന്നതിനോ യാത്ര ചെയ്യുന്നതിനോ ഒന്നും എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നാറില്ല. ചിന്തയാലും പ്രവൃത്തിയാലുമുള്ള കഠിന പരിശ്രമത്തിലൂടെ ക്ഷീണമല്ല മറിച്ച് വലിയൊരു എനര്‍ജിയാണ് എനിക്ക് ലഭിക്കുന്നത്.

പോസിറ്റീവായ സമീപനം

പദ്ധതി നിര്‍വ്വഹണത്തില്‍ മിക്കപ്പോഴും പല പ്രശ്‌നങ്ങളും ഉണ്ടായെന്നിരിക്കും. പക്ഷെ നമ്മള്‍ ഒരു പോസിറ്റീവ് മൈന്‍ഡോടെ കൃത്യമായി പഠിച്ച് അതില്‍ ഇടപെടുകയാണെങ്കില്‍ പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. അതിനാല്‍ യാതൊരുവിധ ടെന്‍ഷനുമില്ലാതെ, റിലാക്‌സ് ചെയ്ത് ബിസിനസ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നു. ഒരു സൗഹൃദ മനോഭാവത്തോടെ തുറന്ന ആശയവിനിമയത്തിന് തയ്യാറായാല്‍ തന്നെ അനേകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്നതാണ് എന്റെ അനുഭവം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT