ഇന്ത്യയിലെ ആരോഗ്യമേഖല വലിയൊരു പരിവർത്തനത്തിന്റെ പാതയിലാണെന്നും വരും വർഷങ്ങളിൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഈ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും പ്രമുഖ ഹെൽത്ത് കെയർ വിദഗ്ധൻ റാണ മേത്ത. ചികിത്സാ രീതികളിൽ മാത്രമല്ല, ഇൻഷുറൻസ് രംഗത്തും രോഗീ പരിചരണത്തിലും വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ പരിമിതമാണ്. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ എല്ലാവർക്കും തുല്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന 'ലെവൽ പ്ലേയിംഗ് ഫീൽഡ്' ഒരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും നിലവിൽ പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്കും (Acute Care) ശസ്ത്രക്രിയകൾക്കും മാത്രമാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ഭാവിയിൽ രോഗം വരാതെ തടയുന്നതിനും (Preventive care), ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും മുൻഗണന ലഭിക്കേണ്ടതുണ്ട്. അമേരിക്കൻ മാതൃകയിലുള്ള സമഗ്രമായ ഇൻഷുറൻസ് കവറേജ് ഇന്ത്യയിലും അനിവാര്യമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹൃദ്രോഗ ചികിത്സാ രംഗത്താണ് (Cardiology) ഇന്ത്യയിൽ വലിയ മുന്നേറ്റം ഉണ്ടായതെങ്കിൽ, വരും കാലം ഓങ്കോളജിക്ക് (ക്യാൻസർ ചികിത്സ) പ്രാധാന്യമുള്ളതായിരിക്കും. വർദ്ധിച്ചുവരുന്ന മലിനീകരണവും രോഗങ്ങളും ക്യാൻസറിനെ വലിയൊരു ഭീഷണിയായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
2030-ഓടെ ഇന്ത്യയിലെ അഞ്ചിൽ ഒരാൾ 60 വയസ്സിന് മുകളിലുള്ളവരായിരിക്കും. ഈ വിഭാഗത്തിനായി പ്രത്യേകമായൊരു ഇക്കോസിസ്റ്റം (Ecosystem) തന്നെ വളർത്തിയെടുക്കേണ്ടതുണ്ട്. അവർക്ക് അനുയോജ്യമായ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, യാത്രാ സൗകര്യങ്ങൾ, സാങ്കേതിക സഹായങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങൾ വരാനിരിക്കുന്നു.
AI ഒരിക്കലും ഡോക്ടർമാർക്ക് പകരമാവില്ല, എന്നാൽ AI ഉപയോഗിക്കുന്ന ഡോക്ടർമാർ അല്ലാത്തവരേക്കാൾ ബഹുദൂരം മുന്നിലെത്തും. ചികിത്സ വെറും പ്രതികരണാത്മകമായ (Reactive) രീതിയിൽ നിന്ന് മുൻകൂട്ടി പ്രവചിക്കാവുന്ന (Proactive) രീതിയിലേക്ക് മാറുമെന്നും റാണ മേത്ത വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine