Events

കേരളത്തിന് പ്രത്യേക പവലിയന്‍ ഇല്ല; ദാവോസില്‍ ഇത്തവണ മല്‍സരമില്ല; ആറു സംസ്ഥാനങ്ങളും ഒന്നിച്ച്

കേരളത്തെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി പി.രാജീവ് പങ്കെടുക്കും

Dhanam News Desk

ലോക പ്രശസ്തമായ ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ ഇത്തവണ കേരളത്തിന് മാത്രമായി പ്രത്യേക പവലിയന്‍ ഉണ്ടാവില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക പവലിയനുകളായി പരസ്പരം മല്‍സരിച്ചിരുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇത്തവണ ഇന്ത്യക്ക് ഒരു പവലിയന്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഒരു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഒരൊറ്റ പവലിയന്‍ പങ്കിടണമെന്ന ദാവോസ് സിറ്റി കൗണ്‍സിലിന്റെ നിര്‍ദേശമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇത്തവണ ജനുവരി 20 മുതല്‍ 24 വരെ സ്വിസ് പട്ടണമായ ദാവോസില്‍ നടക്കുന്ന സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്. കര്‍ണാടക ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. കേരളത്തെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി പി.രാജീവ് പങ്കെടുക്കുന്നുണ്ട്.

ഒരു രാജ്യം; ഒരു പവലിയന്‍

ഇത്തവണ രണ്ട് പവലിയനുകളാണ് ഇന്ത്യക്ക് അനുവദിക്കുന്നത്. ഇതില്‍ ഒരെണ്ണം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുള്ളതാണ്. രണ്ടാമത്തെ പവലിയനില്‍ വിവിധ നിലകളിലായാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക. സ്ഥല പരിമിതി മൂലം, ഏറ്റവും വലിയ സംഘമുള്ള ആന്ധ്രപ്രദേശ് ഹോട്ടലില്‍ അധിക സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനാണ് വിവിധ സംസ്ഥാനങ്ങള്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പരസ്പരം മല്‍സരിച്ച് നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നതിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇന്ത്യാ ഇക്കണോമിക് ഫോറമാക്കി ദാവോസിനെ മാറ്റാനാണ് സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നതെന്നതായിരുന്നു പ്രധാന പരാതി. ഇതിനിടെയിലാണ് ദാവോസ് സിറ്റി കൗണ്‍സില്‍ ഇത്തവണ പുതിയ നിര്‍ദേശം മുന്നോട്ടു വെച്ചത്. നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങള്‍ മല്‍സരിക്കേണ്ടതില്ലെന്നും രാജ്യത്തേക്കാണ് നിക്ഷേപമെത്തുന്നതെന്നുമാണ് കേന്ദ്ര സംഘത്തിലെ പ്രതിനിധി വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളുടെ പോരാട്ടം

ദാവോസ് ഉള്‍പ്പടെയുള്ള സാമ്പത്തിക വേദികളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീപ വര്‍ഷങ്ങളില്‍ മത്സരം രൂക്ഷമാണ്. ഇന്ത്യയിലും വിദേശത്തും നടക്കുന്ന ഇത്തരം വേദികളില്‍ ഈ മല്‍സരം പ്രകടമാണ്. ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 100ലധികം കമ്പനി സിഇഒമാരും പങ്കെടുക്കുന്നുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസ്, ചന്ദ്രബാബു നായിഡു, രേവന്ത് റെഡ്ഡി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്രത്തില്‍ നിന്നുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. റാംമോഹന്‍ നായിഡു, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാന്‍, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരി, കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍, ഡിപിഐഐടി സെക്രട്ടറി അമര്‍ദീപ് സിംഗ് ഭാട്ടിയ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഡൊണാള്‍ഡ് ട്രംപ് എത്തിയേക്കും

ലോക ഇക്കണോമിക് ഫോറത്തില്‍ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 23ന് ദാവോസില്‍ നടക്കുന്ന വെര്‍ച്വല്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 രാഷ്ട്രങ്ങളുടെ തലവന്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ബിസിനസ്‌ മേധാവികള്‍ തുടങ്ങിയവരും ദാവോസില്‍ എത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT