Featured

കോവിഡിന് പിന്നാലെയുള്ള ഗുരുതരരോഗങ്ങള്‍ മുതിര്‍ന്നവരിലും!

Dhanam News Desk

കോവിഡ് ബാധിതരായ കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം എന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെ അത് മുതിര്‍ന്നവരെയും ബാധിക്കുമെന്ന് പഠനം. യുഎസിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇത് സ്ഥിരീകരിച്ചത്. ഹൃദയം അടക്കം ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണിത്.

ഇത്തരം അവസ്ഥയില്‍ കോവിഡ് ലക്ഷണങ്ങളായ ഉയര്‍ന്ന പനി, ശ്വസന ബുദ്ധിമുട്ടുകള്‍, രക്തത്തിലെ കുറഞ്ഞ ഓക്‌സിജന്‍ നിരക്ക് തുടങ്ങിയ ലക്ഷണങ്ങള്‍ ചിലരില്‍ ഉണ്ടാകാം. മറ്റു ചിലരില്‍ ഈ ലക്ഷണങ്ങളൊന്നും കാണുകയുമില്ല. കോവിഡ് സ്ഥിരീകരിച്ചവരില്‍ പോലും ലക്ഷണങ്ങള്‍ ഒന്നും കാട്ടാത്ത സ്ഥിതിയുണ്ടെന്നും ഡോക്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സാധാരണ കോവിഡ് കണ്ടെത്താനുള്ള പിസിആര്‍, ആന്റിജന്‍ ടെസ്റ്റുകളിലൊന്നും ഇത് തിരിച്ചറിയാന്‍ കഴിയാറില്ലെന്നും ആന്റിബോഡി ടെസ്റ്റുകളാണ് പ്രതിവിധികളെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു.

അണുബാധയുടെ ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയോ അല്ലെങ്കില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാട്ടുകയോ ആണ് പതിവ്.

കോവിഡ് അണുബാധയുണ്ടായി മൂന്നോ നാലോ ആഴ്ചകള്‍ക്കു ശേഷമാണ് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍കണ്ടു തുടങ്ങുക.ശരീരത്തില്‍ കടുത്ത നീര്‍വീക്കമുണ്ടാകുന്നതാണ് ലക്ഷണം. പനി, തലവേദന, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം, ചൊറിച്ചില്‍, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങളും കാട്ടാറുണ്ട്. ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. രക്തസമ്മര്‍ദ്ദം കുറയാനും ഹൃദയമിടിപ്പ് വര്‍ധിക്കാനും ഇതിലൂടെ ഷോക്കിനും സാധ്യതയുണ്ട്.

രോഗികളില്‍ 54 ശതമാനത്തിനും ഇസിജിയില്‍ അസാധാരണത്വം കാണാം. ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ രക്തം പമ്പ് ചെയ്യുന്നതില്‍ തകരാര്‍ ഉണ്ടാക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള കുട്ടികള്‍ പലപ്പോഴും ഈ അവസ്ഥയെ മറികടക്കാറുണ്ടെങ്കിലും മുതിര്‍ന്നവരില്‍ ഗുരുതരമായേക്കാം എന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

കോവിഡ് മൂലമുള്ള മരണനിരക്ക് കുറവായതു കൊണ്ട് കോവിഡ് വന്നു പോയാലും പ്രശ്‌നമില്ലെന്ന മനോഭാവമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് കോവിഡിനു ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ജീവന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ്. അതുകൊണ്ടു തന്നെ കോവിഡിനെ നിസാരമാക്കി തള്ളിക്കളയാനാവില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT