ഓണ്‍ലൈനില്‍ മീന്‍ വില്‍പ്പന നടത്തി ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച 'ഫ്രഷ് ടു ഹോം' എങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ വിജയം സ്വന്തമാക്കിയത്? എങ്ങനെയാണ് ഇവര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിരീസ് ഫണ്ടിംഗ് നേടിയെടുത്തത്? ലോക്ഡൗണ്‍ കാലത്ത് റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കി റിലയന്‍സുള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളില്‍ ഫ്രഷ് ടു ഹോമും ചര്‍ച്ചയായിരിക്കുകയാണ്. ബൈജൂസ് ആപ്പ് കഴിഞ്ഞാല്‍ മറ്റൊരു യുണികോണ്‍ കമ്പനിയാകാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഷ് ടു ഹോം. ഏറ്റവും പുതിയ നിക്ഷേപവും കമ്പനിക്ക് റെക്കോര്‍ഡ് നേട്ടമാണ് നല്‍കിയിരിക്കന്നത്. അമേരിക്കന്‍ ഗവണ്‍മന്റില്‍ നിന്നും മറ്റ് രണ്ട് രാജ്യങ്ങളില്‍ നിന്നുമായി 121 മില്യണ്‍ ഡോളര്‍ യുഎസ് നിക്ഷേപം, അതായത് 860 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയുടെ സിരീസ് സി ഫണ്ടിംഗിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത്.
ദുബായ് ഗവണ്‍മെന്റിന്റെ ഇന്‍വെസ്റ്റ് മെന്റ് കോര്‍പ്പേറേഷന്‍ ഓഫ് ദുബായ്(ICD),Investcorp,Ascent Capital, Allana എന്നീ പ്രമുഖ കമ്പനികളും ഈ റൗണ്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ സിരീസ് ബി ഫണ്ടിംഗിലെ ലീഡിംഗ് കമ്പനി ആയിരുന്ന Iron pillar ഈ റൗണ്ടില്‍ വീണ്ടും 135-കോടി നിക്ഷേപം നടത്തിയിട്ടുണ്ട്. കൊച്ചി, തിരുനന്തപുരം, കോഴിക്കോട് തുടങ്ങി ഇരുപത് നഗരങ്ങളോടൊപ്പം ബംഗളുരു, ഡല്‍ഹി(NCR), മുംബൈ, പൂനെ, ചെന്നൈ, ഹൈദ്രബാദ് എന്നിവിടങ്ങളിലും ഫ്രഷ് ടു ഹോം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ തങ്ങള്‍ കല്‍ക്കട്ടയിലേക്കും പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി സിഓഓയും സഹസ്ഥാപകനുമായ മാത്യു ജോസഫ് പറയുന്നു.
കൊച്ചിയിലെ മത്സ്യ കയറ്റുമതി വ്യവസായിയും Sea to Home ന്റെ ഫൗണ്ടറുമായ മാത്യു ജോസഫിനോടൊപ്പം Zynga.com ന്റെ ഇന്ത്യന്‍ CEO യും ഐറ്റി വിദഗ്ധനും അമേരിക്കന്‍ ബിസിനസ് മേഖലയില്‍ പരിചയ സമ്പന്നനുമായ ഷാന്‍ കടവിലും മറ്റ് 5 കോ ഫൗണ്ടേഴ്‌സും ചേര്‍ന്ന് 2015 ലാണ് ഫ്രഷ് ടു ഹോം തുടങ്ങിയത്. ഇന്ത്യയില്‍ 20 ലക്ഷം രജിസ്റ്റേര്‍ഡ് കസ്റ്റമേഴ്‌സ് ഉള്ള ഫ്രഷ് ടു ഹോം ലോക്ഡൗണ്‍ കാലത്ത് തങ്ങളുടെ വില്‍പ്പന ഇരട്ടിയാക്കിയതെങ്ങനെ എന്ന് സാരഥികളിലൊരാളായ മാത്യു ജോസഫ് പറയുന്നതിങ്ങനെയാണ്.
' ഫ്രഷ് ടു ഹോമിന് ജനങ്ങള്‍ക്കിടയില്‍ തുടക്കം മുതല്‍ തന്നെ വിശ്യാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. കടപ്പുറത്തു നിന്നും കായല്‍ മത്സ്യകച്ചവടക്കാരില്‍ നിന്നും ഫ്രഷ് മത്സ്യങ്ങള്‍ നേരിട്ട് വാങ്ങി വില്‍പ്പന നടത്തുന്നതോടൊപ്പം പല നഗരങ്ങളിലും ആന്റി ബയോട്ടിക് ഫ്രീ ചിക്കന്‍ വില്‍ക്കുന്ന ഒരേയൊരു ഓണ്‍ലൈന്‍ പോര്‍ട്ടലാകാന്‍ ഫ്രഷ് ടു ഹോമിന് മാത്രം കഴിഞ്ഞു എന്നതും നേട്ടമായി. കൊറോണ ഭീതി പടര്‍ന്നു പിടിച്ചപ്പോള്‍ വില്‍പ്പന ഗണ്യമായി താഴേക്ക് പോയി. സെയ്ല്‍സ് വിഭാഗത്തിലുള്ളവര്‍ ജോലിയില്‍ നിന്നും പിന്മാറുന്നതും ശ്രദ്ധയില്‍പെട്ടു. എന്നാല്‍ എന്ത്‌കൊണ്ടാണ് ഇതെന്നു മനസ്സിലാക്കാന്‍ ഉപഭോക്താക്കളില്‍ നിന്നും സെയ്ല്‍സ് ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
രോഗം പടര്‍ന്നു പിടിക്കുന്നതിലെ ആശങ്ക മാത്രമാണ് ഇരുകൂട്ടരും പങ്കുവച്ചത്. അങ്ങനെയാണ് കോണ്‍ടാക്റ്റ് ലെസ് ഡെലിവറി അവതരിപ്പിച്ചത്. നേരിട്ട് ഉപഭോക്താവിനെ കാണാതെ വാതിലില്‍ മുട്ടാതെ ഫോണ്‍ സന്ദേശം കാര്യക്ഷമമാക്കി. കൈകൊണ്ട് ഉല്‍പ്പന്നമോ ഉപഭോക്താവിന്റെ വീട്ടിലെത്തിയാല്‍ കോളിംഗ് ബെല്ലോ പോലും സ്പര്‍ശിക്കാത്തത്ര മികവില്‍ കാര്യങ്ങള്‍ ക്രമീകരിച്ചു. വീഴ്ച വരാതെ ഇത് തുടര്‍ന്നുകൊണ്ട് പോയത് പോയ ഉപഭോക്താക്കളെ മാത്രമല്ല നിരവധി പുതിയ ആളുകളെ പോലും ഫ്രഷ് ടു ഹോമിന്റെ ആരാധകരാക്കി. സെയ്ല്‍സ് ഉയര്‍ന്നു.' മാത്യു ജോസഫ് പറഞ്ഞു.
'100% ഫ്രഷ് 0% കെമിക്കല്‍സ് എന്ന് ഞങ്ങള്‍ കസ്റ്റമേഴ്‌സിന് കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റിയത് കൊണ്ടാണ് ഇന്ത്യയിലും യു.എ.യിലും ഞങ്ങള്‍ക്ക് ഇത്ര പെട്ടെന്ന് വളരുവാന്‍ സാധിച്ചത്. ഈ നിക്ഷേപം ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന പുതിയ കമ്പനികള്‍ക്ക് മൂലധനം നേടാനുള്ള അവസരത്തെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പ്രത്രേകിച്ച് കേരളത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന മലയാളി സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കമ്പനികളെ ലോകത്തിലെ വമ്പന്‍ സാമ്പത്തിക സ്‌ത്രോതസ്സുകള്‍ ശ്രദ്ധിക്കു കയും പഠിക്കുകയും ചെയ്യുന്നു എന്നതിനുള്ളതെളിവാണ് ഫ്രഷ് ടു ഹോമിലെ ഈ വന്‍ നിക്ഷേപം' ഷാന്‍ കടവില്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine