Featured

സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള പട്ടികയില്‍ മികച്ച സ്ഥാനം രേഖപ്പെടുത്തി സ്പ്രിംക്ലര്‍

Dhanam News Desk

ഒരു ബില്യണ്‍ ഡോളറിലധികം മൂല്യവുമായി ആഗോളതലത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ (യൂണികോണ്‍) പട്ടികയില്‍ 169-ാം സ്ഥാനം രേഖപ്പെടുത്തി 'സ്പ്രിംക്ലര്‍'.കോവിഡ് പ്രതിരോധത്തിനുള്ള ഡാറ്റ വിശകലനത്തിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച് വിവാദത്തെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ഈ അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പിന് 15,000 കോടി രൂപ മൂല്യമാണ് ആഗോള ഗവേഷണ സ്ഥാപനമായ ഹുറുണ്‍ റിപ്പോര്‍ട്ട് പ്രകാരമുള്ളത്. 

മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തില്‍ 2009-ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പില്‍ ഇന്റെല്‍, തെമാസെക്, ഐകോണിക്‌സ് ക്യാപിറ്റല്‍ തുടങ്ങിയ ആഗോള വമ്പന്മാര്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, നൈകി, മക്‌ഡൊണാള്‍ഡ്സ് തുടങ്ങിയ ആഗോള കമ്പനികള്‍ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേര്‍ സേവനം ഉപയോഗിക്കുന്നു. ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ട് അപ്പായ 'ബൈജൂസ്', ഹരി മേനോന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പലവ്യഞ്ജന സ്റ്റോറായ 'ബിഗ് ബാസ്‌കറ്റ്' എന്നിവയും പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളി യൂണികോണുകളാണ്.

സ്റ്റാര്‍ട്ട്-അപ്പ് യൂണികോണുകളുടെ കാര്യത്തില്‍, യുഎസ്, ചൈന, യുകെ എന്നിവയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ആഗോള മൂല്യനിര്‍ണ്ണയ പ്രകാരം 586 ല്‍ 21 എണ്ണം. ഈ 21 യൂണികോണുകളുടെ സംയോജിത മൂല്യം 73.2 ബില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ വംശജരുടെ 40 യൂണികോണുകള്‍ യുഎസിലെ സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസിന് 233 യൂണികോണ്‍ ഉണ്ട്. 227 എണ്ണവുമായി ചൈന തൊട്ടുപിന്നിലുണ്ട്. ഇവ രണ്ടും കൂടി ലോക യൂണികോണുകളില്‍ 79% വരും. 24 യൂണികോണുകളുമായി യുകെ മൂന്നാമതാണ്.മൊത്തം 586 യൂണികോണുകളുള്ള പട്ടികയില്‍ 61 എണ്ണമാണ് ഇന്ത്യന്‍ സംരംഭങ്ങളെന്ന് ഹുറുണ്‍ റിപ്പോര്‍ട്ടിന്റെ ചീഫ് റിസര്‍ച്ചറും ഇന്ത്യ എം.ഡി.യുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT